Untitled design 20250112 193040 0000 1

 

 

ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപതി മുര്‍മുവിന്‍റെ ശബരിമല ദര്‍ശനം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്.

 

സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി എസ് ഐ ടി ക്ക് നിർദ്ദേശം നൽകി. സ്വ‌ർണ്ണം പൂശിയ ശേഷം നിറം മങ്ങിയപ്പോൾ ടെണ്ടർ പോലും വിളിക്കാതെ പോറ്റിയെ ഏൽപിച്ചു. ഇത് ദുരൂഹമാണ്. 2019ൽ സ്വർണ്ണം പൂശി കൊണ്ട് വന്നപ്പോൾ തിരുവാഭരണം രജിസ്റ്ററിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

 

പുനസംഘടനയെ ചൊല്ലിയുള്ള അതൃപ്തിക്കിടെ വ്യാഴാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗമാണ് മാറ്റിയത്. കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാത്തതിൽ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത എട്ടു ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്നും അദ്ദേഹം പുനസംഘടനാ ചര്‍ച്ചകളിൽ ആവശ്യപ്പെട്ടിരുന്നു.

 

കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

 

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. നാളെ വൈകീട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ 6 വരെയാണ് നിരോധനം. ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവെച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.

 

കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

 

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. കായിക മേളയിൽ തീം സോങും അവതരിപ്പിച്ചു. ഇതാദ്യമായാണ് സ്കൂൾ കായിക മേളയിൽ തീം സോങ് അവതരിപ്പിക്കുന്നത്. കായിക മേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.

 

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ​ഗ്രൗണ്ടിൽ നടക്കേണ്ട മത്സരങ്ങൾ ഇൻക്ലൂസീവ് ക്രിക്കറ്റ്‌ വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റിയത്. പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്.

 

പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെപ്റ്റംബർ 18 ന് രാവിലെ എസ്.എ.പി. ക്യാമ്പിൽ മരിച്ച വിതുര സ്വദേശി ആനന്ദിന്റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

 

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ പി ആര്‍ ലഗേഷ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. കൊല്ലം അ‍ഞ്ചാലുമൂട്ടിൽ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ല​ഗേഷ് വേദിയിൽ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തിൽ സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നൽകും. അധികാരത്തിന്‍റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി സിപിഎം വനിതാ നേതാവ് ജ്യോതിയെ താക്കീത് ചെയ്തു. താക്കീത് നൽകിയതിനൊപ്പം അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു.

 

കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മൈനാ​ഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. സംഭവത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

തിരുവനന്തപുരത്തെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകള്‍ തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. ഹോട്ടലിനുള്ളിലും നടുറോഡിലും കൂട്ടയടി ഉണ്ടായിട്ടും ആരും പൊലീസിൽ പരാതി നൽകിയിരുന്നില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ റോഡിൽ തമ്മിലടിച്ചതിനി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

 

നവി മുബൈ വാഷിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേര്‍ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികള്‍. മൂന്ന് മലയാളികളടക്കം നാലുപേരാണ് തീപിടിത്തത്തിൽ മരിച്ചത്.ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

 

ഇടുക്കി ഗവണ്‍മെന്‍റ് കോളേജിലെ അസൌകര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നഴ്സിങ് വിദ്യാർത്ഥികളെ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഭിഷിണിപ്പെടുത്തിയതായി ആരോപണം. “ഞങ്ങടെ സർക്കാരിന് ഇടുക്കിയിൽ നഴ്സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം” എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

 

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍.നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഇന്നലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

 

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ തൽക്കാലം പ്രതിസന്ധിയിലാകില്ല. ഉപകരണങ്ങളുടെ കുടിശിക തീർക്കാൻ സർക്കാരിന് പത്ത് ദിവസം കൂടി വിതരണക്കാര്‍ സമയം നല്‍കിയിട്ടുണ്ട്. ഇതോടെ താല്‍ക്കാലിക ആശ്വാസം ആയിരിക്കുകയാണ്. ഉപകരണങ്ങൾ തിരിച്ചെടുക്കരുത് എന്ന ആശുപത്രി അധികൃതരുടെ അഭ്യർത്ഥനക്ക് പിന്നാലെയാണ് വിതരണക്കാരുടെ തീരുമാനം.

 

 

കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാർത്ഥിയെ മർദിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. വീരേഷ് ഹിരാമത്ത് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രധാന അധ്യാപകൻ മർദിച്ചതിന് പിന്നാലെ ഒമ്പത് വയസ്സുകാരൻ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

 

ദീപാവലി ബോണസ് നിഷേധിച്ചതിനെത്തുടർന്ന് ടോൾ പ്ലാസ ജീവനക്കാർ പ്രതിഷേധിച്ചതോടെ കനത്ത നഷ്ടം. തൊഴിലാളികൾ സമരം ചെയ്യുകയും ഗേറ്റുകൾ തുറന്നിടുകയും ചെയ്തതോടെ, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ സൗജന്യമായി കടന്നുപോയി. കേന്ദ്ര സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഞായറാഴ്ച രാത്രി ജീവനക്കാർ ടോൾ ബൂത്തിൻ്റെ ബൂം ബാരിയറുകൾ തുറന്നുകൊടുത്ത് ധർണ്ണ ആരംഭിക്കുകയായിരുന്നു.

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാതെ മഹാ​ഗഡ്ബന്ധൻ. സഖ്യകാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഓരോ പാർട്ടികളും വെവ്വേറെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനാൽ 12 മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയിലായി. ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ പരസ്പരം ഏറ്റുമുട്ടും.

 

എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ കൈപൊള്ളിയ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം. എച്ച് 1 ബി വിസയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവർക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്.

 

ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാന്റെ ഇരുമ്പ് വനിതയെന്ന് അറിയപ്പെടുന്ന 64കാരി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ആവശ്യമായ നിർണായക വോട്ടെടുപ്പ് വിജയിച്ചത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായാണ് സനേ തകായിച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ശ്രമത്തിലാണ് സനേ തകായിച്ചി എത്തുന്നത്. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി.

 

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭണകൂടവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി നിലവിലെ കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷനെ എംബസിയായി.ഉയര്‍ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് ചര്‍ച്ചയായിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *