സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.മാസപ്പടി കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണo. കഴിഞ്ഞദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഹാജരായില്ല. ഇവരിൽനിന്ന് കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ കേസ് അന്വേഷണം മറ്റുള്ളവരിലേക്ക് കൂടി നീളുകയുള്ളൂ.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടർമാർക്ക്പണം നൽകി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല, തെറ്റിദ്ധാരണ മൂലമോ മനപൂർവ്വമോ ആരോപണം ഉന്നയിക്കുകയാണെന്നാണ് ശശി തരൂർ അയച്ച മറുപടിയില്‍ പറയുന്നത്.
ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍, പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 449078 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്.
പന്ന്യന്‍ രവീന്ദ്രന്‍ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജനങ്ങളുടെ പള്‍സ് അറിയാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍. താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാർ എന്നതിനുപകരം, അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ട രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയതിൽ ഡിജിപിയ്ക്ക് പരാതി നല്‍കി മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണ്.’Mr Sinha’ എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ്, എക്‌സ് പ്ലാറ്റ്‌ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാനൂർ സ്ഫോടന കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ബന്ധമുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് . പ്രതികളോ പ്രതികളെ സഹായിച്ചവരോ പാർട്ടിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കായംകുളo സത്യന്‍ കൊലപാതക കേസ് സിപിഎം ആസൂത്രണം ചെയ്ത് നടത്തിയതെന്ന ആരോപണവുമായി പ്രാദേശിക നേതാവ് . ഇതിൽ നിരപരാധിയായ തന്നെ പ്രതി ചേർത്തെന്നാണ് ബാബു പ്രസാദിന്‍റെ ആരോപണം. സ്ഥാനം ഒഴിയുന്നുവെന്ന് കാണിച്ച് എം വി ഗോവിന്ദന് നല്‍കിയ കത്തിലാണ് വെളിപ്പെടുത്തല്‍.
ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യം അപകടത്തിൽ ആണെങ്കിൽ ജനങ്ങൾ അത് സംരക്ഷിക്കണം. അമിതാധികാരത്തിനാണ് രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചത്. ജനങ്ങൾക്കെതിരെയാണ് ബിജെപി ഗവൺമെന്റ് എന്ത് കാര്യങ്ങളും ചെയ്യുന്നത്. 2025 – നവംബർ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയിൽ അല്ലാത്ത നാടായി നമ്മുടെ കേരളം മാറും. അതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ കേരളം നമ്പർ വൺ എന്ന ഒറ്റ സ്റ്റോറിയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്.താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന സുരേന്ദ്രന്റെ പ്രതാവന നടപ്പിലാവില്ല . പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്‌തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നത്. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ട. അത് ഒരിക്കലും നടക്കാൻ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.
റിയാസ് മൗലവി കേസിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു, 7 വർഷം ജാമ്യം ലഭിക്കാതെ മൂന്ന്പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഹര്‍ജിയിൽ പറയുന്നു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് നൽകി. മൂന്നു പ്രതികളോടും പാസ്പോർട്ട് കെട്ടിവയ്ക്കാനും, കോടതിയുടെ പരിധിവിട്ട് പുറത്തേക്ക് പോകരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ഘട്ടത്തിൽ തന്നെ ചട്ടലംഘനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും കമ്മീഷൻ നടപടിയെടുത്തതാണെന്നും, തെളിവുകൾ നൽകിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണ്. തെറ്റായ സന്ദേശം നൽകുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പാർട്ടിയുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം പണ്ഡിതർക്കെതിരെ എ പി അബ്ദുള്ളക്കുട്ടിയുടെ വിമർശനം.കേരള സ്റ്റോറിയെ വിമർശിച്ച പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ? ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ കേരള സ്റ്റോറിക്ക് എതിരെ മതപണ്ഡിതർ മോശമായി പ്രസംഗിച്ചുവെന്നാണ് അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടത്. പാളയം ഇമാമടക്കമുള്ളവർക്കെതിരെയാണ് അബ്ദുള്ളക്കുട്ടി വിമർശനം അഴിച്ചുവിട്ടത്.
പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനല്‍ സംഘം പ്രതികളായ കേസെന്നാണ് സിപിഎമ്മിന്റെ നിലപാട്.ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലും ഷബിൻ ലാലുമെന്നാണ് പൊലീസ് റിപ്പോർട്ട്.
കരുവന്നൂർ കള്ളപ്പണക്കേസിൽ പി.കെ. ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആറരമണിക്കൂർ ചോദ്യം ചെയ്തു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി എന്ന് പി കെ ബിജു പറഞ്ഞു.
സംസ്ഥാനത്ത് ഉത്സവ ചന്തകൾ തുടങ്ങാൻ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി മദ്യ നയ കേസിൽ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തതിന്പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ ബിആർഎസ് നേതാവാണ് കെ കവിത. കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമർശനം. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത പ്രതികരിച്ചു.
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ സൈനികർക്ക് നൽകുന്ന പിന്തുണയുടെ ഫലമായി തീവ്രവാദികളെ അവരുടെ മടയിൽ കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം നിലനിൽക്കെ, ചൈന ഇന്ത്യയുടെ പരമാധികാരം നിരന്തരം ലംഘിക്കുകയാണ്. അമേരിക്കൻ മാസികയായ ന്യൂസ് വീക്കിന് പ്രധാനമന്ത്രി നൽകിയ അഭിമുഖത്തിൽ ഭീരുത്വത്തിന് എല്ലാ പരിധിയും മോദി മറികടന്നെന്നും അദ്ദേഹം പറഞ്ഞു.