ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ വിവാദത്തിൽ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയ്യാറെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. ഷാഫി തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത്? പറയേണ്ടത് പറയാൻ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തു വിടുകയും ചെയ്യുമെന്ന് ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
എയിംസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഎം. സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപി പറയുന്നതിൽ യാതൊരു കഴമ്പുമില്ല. കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആർ നാസർ വ്യക്തമാക്കി. കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗൺസിൽ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിർപ്പ് മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങൾ ആണ് എതിർപ്പ് അറിയിച്ചത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ട് മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിര നിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തില്‍ വരുക. ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്.
കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്നവർ ശബരിമല ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാർത്ഥത്തിൽ അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണെന്നും കോഴിക്കോട് നവരാത്രി സാംസ്കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാള്‍ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതം തന്നെ ആണ് മരണകരണമെന്ന് റീ പോസ്റ്റുമോർട്ടത്തില്‍ സ്ഥിരീകരിച്ചു.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാര വേദിയിലെ മോഹൻലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികൾ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡുകൾ മന്ത്രി പ്രഖ്യാപിച്ചു. നടി ഷീല, ഗായിക പി കെ മേദിനി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലക്കൽ വീണ്ടും കസ്റ്റംസിന് മുന്നിൽ ഹാജരായി. രേഖകൾ ഹാജരാക്കാനാണ് അമിത് ചക്കാലക്കൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്. അമിത്തിന്റെ ഗരാജിൽ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്. അറ്റകുറ്റപ്പണികൾക്കാണ് വാഹനങ്ങൾ ഗരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കൽ പറയുന്നത്.
മാധ്യമപ്രവര്‍ത്തകരന് കെ എം ഷാജഹാൻ പൊലീസ് കസ്റ്റഡിയിൽ. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് കസ്റ്റഡിയെന്നാണ് സൂചന.
സംസ്ഥാനത്ത് 3 ദിവസം മഴ ശക്തമായ തുടരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (25/09/2025) മുതൽ 27/09/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്ത് രാജാജി നഗറിൽ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാളാഘോഷം നടത്തിയ അഞ്ചുപേർക്കെതിരെ കേസെടുത്തു. യുവതിയടക്കം കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പിറന്നാൾ ആഘോഷിക്കാനാണ് യുവാക്കൾ പൊലീസ് ആസ്ഥാനത്തെ കാന്റീന് സമീപമെത്തിയത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ, ഗൈഡ് വയർ പുറത്തെടുക്കുന്നത് സങ്കീർണമെന്ന് ആരോഗ്യവിദഗ്ധർ. സുമയ്യയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന വയർ പുറത്തെടുക്കുന്നത് അപകടരമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇക്കാര്യം യുവതിയെയും കുടുംബത്തെയും ബോധ്യപ്പെടുത്താനാണ് തീരുമാനം. ഇന്ന് ചേർന്ന പ്രത്യേക മെഡിക്കൽ ബോർഡ് യോഗമാണ് സുമയ്യയുടെ ചികിത്സാരേഖകൾ വിശദമായി പരിശോധിച്ച് നിഗമനത്തിലേക്ക് എത്തിയത്.
സമസ്തയിൽ വീണ്ടും ലീഗ് അനുകൂലികൾക്കെതിരെ നീക്കം. പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബയിനിൽ നിന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി രാജിവച്ചു. നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജി. നാളെ വാർത്താസമ്മേളനം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു.
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിൻ്റെ എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയാണ് നടപടി. സോനം വാങ് ചുക് നേതൃത്വം നല്‍കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു.
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗിക അതിക്രമ കേസിൽ ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെൺകുട്ടികളുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്തുവന്നു. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി
രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ലിമിറ്റഡിന്റെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
ബിഹാറിലെയടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ഒരുക്കം തുടങ്ങി ബി ജെ പി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബി ജെ പി അധ്യക്ഷനുമായ സി ആര്‍. പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനും ബി ജെ പി ചുമതല നൽകിയിട്ടുണ്ട്.
97 തേജസ് മാർക്ക് 1 എ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) ആണ് വ്യോമസേനയുടെ കരാർ. 62,370 കോടി രൂപയുടെ കരാറിലാണ് ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ വച്ച് ഒപ്പിട്ടത്. മിഗ് 21 വിമാനങ്ങൾക്ക് പകരമാണ് പുതിയ തേജസ് വിമാനങ്ങൾ എത്തുക.
ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർത്തി കോൺഗ്രസ്. ബീഹാർ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയുള്ള നീക്കമാണ് അവാർഡ് നൽകിയതിന് പിന്നിലെന്നാണ് കോൺഗ്രസിൻ്റെ ആക്ഷേപം. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ സി ഭായ് ജഗ്‌താപ് ആണ് ആരോപണം ഉന്നയിച്ചത്. അവാർഡിൽ മോദി കൃത്രിമത്വം കാണിക്കുകയാണെന്നും ഇത്രയും കാലത്തിനിടയിൽ ഷാരൂഖാനെ ആദരിച്ചില്ലെന്നും കോൺഗ്രസ് പറയുന്നു.
റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി രംഗത്ത്. ടെലിവിഷൻ ചാനലായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വിവരിച്ചു.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
യുകെയുടെ തലസ്ഥാനമായ ലണ്ടനിൽ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ മേയർ സാദിഖ് ഖാൻ. യുഎസ് പ്രസിഡന്റ് വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്ന(racist, sexist and Islamophobic) ആളാണെന്നും സാദിഖ് ഖാൻ വിശേഷിപ്പിച്ചു.