അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടം പിന്നിട്ട് മുന്നോട്ടേക്ക്. കഴക്കൂട്ടത്ത് ദേശീയപാതയ്ക്ക് സമീപം വൻ ജനാവലിയാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത്. കാര്യവട്ടത്ത് സർവ്വകലാശാലയ്ക്ക് സമീപം നിരവധി വിദ്യാർഥികളും അദ്ദേഹത്തിന് ആദരാഞാജലികൾ അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ആറു മണിക്കൂർ പിന്നിടുമ്പോഴും പദയാത്രക്ക് സമാനമായ വേഗതയിലാണ് മുന്നോട്ട് പോകുന്നത്.

തലസ്ഥാന ന​ഗരത്തിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം. തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര നീങ്ങുന്നത്. റോഡരികിൽ‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.

വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് സംസ്ഥാനത്തെമ്പാടും പൊതു അവധിയാണ്. മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലും നാളെ അവധി പ്രഖ്യാപിച്ചത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം ‌നടക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നാളെ (23) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ച യുവാവിനെതിരെ പരാതി. വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ മലപ്പുറം വണ്ടൂർ പോലീസിൽ പരാതി നൽകി. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകനാണ് യാസീൻ.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയിൽ ഉടനീളവും പൊതുദർശനം, സംസ്കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും കെസി ദില്ലിയിൽ പ്രതികരിച്ചു.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1694 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സിപിഎം യുവനേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകന്‍ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയർ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത് വന്നത്. റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും കണ്ണൂരിൽ നടന്ന യൂത്ത് കോൺ​ഗ്രസ് നേതൃസംഗമത്തിൽ രാഹുൽ‌ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് നൽകിയിരിക്കുന്നത്.കാസർകോട് മൊ​ഗ്രാൽ (മധുർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ), എന്നീ നദികളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

തനിക്കെതിരെ കോൺഗ്രസിൽ പരസ്യ വിമർശനമുന്നയിക്കുന്നവരുടെ പദവിയെന്തെന്ന് ശശി   തരൂർ .വല്ലതും പറയുന്നതിന് താൻ എന്ത് ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു. രാജ്മോഹൻ ഉണ്ണിത്താനും, കെ. മുരളീധരനും പരസ്യ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് തരൂരിന്‍റെ പ്രതികരണം.

ഒഡീഷയില്‍ ഹോക്കി പരീശീലകന്‍ 15 കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പരിശീലകനെയും കുറ്റകൃത്യം ചെയ്യാന്‍ സാഹായിച്ച മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹോക്കി പരിശീലനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ലോഡ്ജിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം.

എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നുമടക്കം സമ്മര്‍ദം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയുടെ ഇന്ധന സുരക്ഷക്കാണ് ഏറ്റവും പ്രഥമ പരിഗണന നൽകുന്നതെന്നും തങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് ചെയ്യുമെന്നും വിക്രം മിസ്രി വ്യക്തമാക്കി.

മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റ് ക്രൂരമായ മര്‍ദനത്തിന് ഇരയായി. രോഗിയുടെ കൂടെ വന്ന ബന്ധുവായ ഗോപാല്‍ എന്നയാളാണ് റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. പെണ്‍കുട്ടിയെ ഇയാൾ മര്‍ദിക്കുന്നതും മുടിയില്‍ പിടിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പ്രതിപക്ഷ ബഹളത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. കാര്യോപദേശക സമിതി യോഗത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമെന്ന് ചെയര്‍ നിയന്ത്രിച്ച ജഗദാംബിക പാല്‍ എംപി വ്യക്തമാക്കി.

കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടറെയാണ് കര്‍ണാടക ലോകയുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലിവ് ഇന്‍ പാട്നറെ ഉപദ്രവിച്ച യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.

ബോയിങ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായതായി എയർ ഇന്ത്യ അറിയിച്ചു. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ബോയിങ് -787, ബോയിങ്- 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ജൂലൈ 12ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിക്കുകയായിരുന്നു. ഈ പരിശോധനയാണിപ്പോള്‍ പൂര്‍ത്തിയായത്.

അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരും സംഘം ആളുകള്‍ ആക്രമിച്ചു. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ശനിയാഴ്ച ഡബ്ളിനില്‍ വെച്ചാണ് സംഭവം. സംഭവത്തിൽ ഐറിഷ് നാഷണൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം എഫിൽ നിന്നും ഗീത പടിയിറങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ഗീത ഗോപിനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓഗസ്റ്റിൽ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി മടങ്ങിയെത്തുമെന്നും അവർ വിവരിച്ചു.

റഷ്യയുമായുള്ള വ്യാപാര ഇടപാടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസിലീനും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയുമായി വ്യാപാര ഇടപാട് തുടര്‍ന്നാൽ ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്നാണ് ലിന്‍ഡ്സ‍െയുടെ മുന്നറിയിപ്പ്

ബംഗ്ലാദേശ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്കൂളിന് മീതെ പതിച്ചുണ്ടായ അപകടത്തിൽ മരണം 27 ആയി. 171 പേർക്ക് പരിക്കേറ്റു. ചൈനീസ് നിർമിത എഫ്-7 വിമാനമാണ് തകർന്നു വീണത്. ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിലേക്കാണ് വിമാനം പതിച്ചത്.

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് മുഹമ്മദ് അൽ-ഖാലിദ് അൽ-സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിന് തിരിച്ചടിയാണ് അഫ്ഗാനിസ്ഥാന്‍റെയും ശ്രീലങ്കയുടെ നിലപാട്.

ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി), സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) എന്നീ സംഘടനകളാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയ്ക്കു മേല്‍ ആദായനികുതിയിളവ് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍, ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) തള്ളി. ഇതോടെ 199 കോടിരൂപ ആദായ നികുതിയിനത്തില്‍ കോണ്‍ഗ്രസ് അടയ്ക്കണം. കോണ്‍ഗ്രസിന്റെ 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *