സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേ‍ർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

കേരള സർവകലാശാലയിൽ വിസി – റജിസ്ട്രാർ പോര് തുടരുന്നു. റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹൻ കുന്നുമ്മൽ പുതിയ ഉത്തരവിറക്കി. ഡ്രൈവറുടെ കൈയ്യിൽ നിന്നും സെക്യൂരിറ്റി ഓഫീസർ കാറിൻ്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. റജിസ്ട്രാർ ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിൽ വരുമോയെന്ന് നാളെഅറിയാം.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച് യെമൻ കോടതി പുറപ്പെടുവിച്ച നിർണായക വിധി ആശാവഹമാണെന്ന് കെ ടി ജലീൽ എംഎല്‍എ. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്നാണ് വധശിക്ഷ നീട്ടി വെച്ചത്. ബന്ധുക്കൾ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കൂ.ശൈഖുന എപി അബൂബക്കർ മുസ്ല്യാർക്ക് ഒരായിരം അഭിനന്ദനങ്ങളെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് യെമനിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വധശിക്ഷ മാറ്റിവെച്ചതിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വിഷയത്തിൽ മോദി സർക്കാർ എടുക്കുന്ന നടപടികൾ ഏറെ ശ്രദ്ധാപൂർവ്വമാണ്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കേരള ​ഗവർണർ‌ രാജേന്ദ്ര ആർലേക്കർ. വധശിക്ഷ നീട്ടിവെച്ചതിൽ വളരെ സന്തോഷം. ആശ്വാസവാർത്തക്ക് കാരണം കൂട്ടായ പരിശ്രമമാണെന്നും ശുഭവാർത്ത ഇനിയും വരുമെന്നും ​ഗവർണർ രാജേന്ദ്ര ആർലേകർ പറഞ്ഞു.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ എല്ലാ നടപടികളും തുടരുന്നതായി അനിൽ ആൻ്റണി. നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ മാർഗങ്ങളും പിന്തുടരുന്നുണ്ടെന്ന് അനിൽ വിശദീകരിച്ചു.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് കേരളം. വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ളവർ കാന്തപുരത്തിന്‍റെ ഇടപെടലിനെ വാഴ്ത്തി. മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങി നിരവധി നേതാക്കളാണ് കാന്തപുരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് രമേശ് ചെന്നിത്തല . ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് ശശി തരൂർ എം പി രംഗത്ത്. കാന്തപുരം തന്‍റെ, ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നുവെന്നും തരൂർ കുറിച്ചു.

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയം സർക്കാർ, കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വ നിലപാടാണ് ഇതിൽ സർക്കാർ എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ലെന്ന് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക. വില വർധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പോഷ് ആക്ട് കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പോഷ് ആക്ട് (2013) പ്രകാരം അതത് സ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ (ഐസിസി) പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകൾക്ക് ഇപ്പോഴും ധാരണയില്ലെന്നും അവർ പറഞ്ഞു. എറണാകുളം ജില്ല കളക്ടറേറ്റിൽ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

തൃശ്ശൂരിൽ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളത്തില്‍ നിന്നും 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളെ ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന് സ്വകാര്യ റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കല്‍പ്പറ്റ റെയിഞ്ച് പരിധിയിലെ മണ്ടലഭാഗം വനത്തിലൂടെ പോകുന്ന റോഡാണ് ഇതിന് സമീപത്തെ ഗ്രീന്‍വുഡ് വില്ലാസ് റിസോര്‍ട്ടിന്റെ ആളുകള്‍ അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതെന്ന് വനംവകുപ്പ് അറിയിച്ചു. നാട്ടുകാർ വിവരം നൽകിയതോടെ കല്‍പ്പറ്റ സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാർട്ടി അം​ഗത്വം പുതുക്കും. അം​ഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിക്കൊണ്ട് സിപിഐ എക്സിക്യൂട്ടീവിന്റേതാണ് നിർദേശം. കൂടാതെ, അംഗത്വം പുതുക്കി നൽകാൻ ജില്ലാ ഘടകത്തിനോട് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു.

മലപ്പുറത്തെ മുഴുവൻ അങ്കണവാടികളിലും സ്മാർട്ട് അങ്കണവാടി പദ്ധതി പൂർത്തീകരിച്ചു. എല്ലാ അങ്കണവാടികളിലും എയർകണ്ടീഷൻ സൗകര്യം, സ്മാർട്ട് ടിവി, സൗണ്ട് സിസ്റ്റം മോഡേൺ ഇൻഫ്രാ സ്ട്രക്ചർ, ഹൈടെക് കളിയുപകരണങ്ങൾ, ശിശു സൗഹൃദ ഫർണിച്ചറുകൾ, സ്റ്റോറേജ് ബിന്നുകൾ,മിക്സി ഗ്രൈൻഡറുകൾ തുടങ്ങി സജ്ജീകരണങ്ങളും ഒരുങ്ങിയിട്ടുണ്ട്.സമ്പൂർണ്ണ ഹൈടെക് അങ്കണവാടികളുടെ പൂർത്തീകരണ പ്രഖ്യാപനം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ശ്രീ.ജയന്ത് ചൗധരി വ്യാഴാഴ്ച മലപ്പുറം ടൗൺഹാളിൽ വച്ച് നിർവഹിക്കും.

എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രഫുൽ പട്ടേലിനോട് പാർട്ടി ഭരണഘടന വായിക്കാൻ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. ഭരണഘടന പ്രകാരം പാർട്ടിയിൽ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ല. എനിക്കോ തോമസ് കെ തോമസിനോ കത്തയക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതിനാൽ തന്നെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൂരല്‍മല റോഡ് കടന്നുപോകുന്ന താഞ്ഞിലോട് പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യത്തില്‍ പരിഹാരം കാണാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ താഞ്ഞിലോട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. രാവിലെ എഴരയോടെയാണ് സമരം തുടങ്ങിയത്. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് സമരക്കാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. വീണ്ടും സമരക്കാര്‍ ഒത്തുകൂടിയെങ്കിലും നേതൃത്വം നല്‍കിയവരെ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഏറ്റുമാനൂർ നീറിക്കാട്ട് രണ്ട് പെണ്‍മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റുമാനൂർ പൊലീസ് രേഖകൾ കൈമാറണമെന്നും നാല് മാസത്തിനകം ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിര്‍ദ്ദേശം നൽകി. പെണ്‍മക്കളുമായി മീനച്ചിലാറ്റില്‍ ചാടിയാണ് അഭിഭാഷകയായിരുന്ന ജിസ്‌മോള്‍ ആത്മഹത്യ ചെയ്തത്.

കണ്ണൂർ പയ്യന്നൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസിൽ മുൻ‌കൂർ ജാമ്യം തേടി പ്രതി നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം നീളും. കോൺസുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തീരുമാനം.വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റോഷി ഖാന്‍ എന്ന യുവതിയാണ് ക്രൂരമായ കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം തന്‍റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണു മരിച്ചയാളുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പന്തളം സ്വദേശി അബ്ദുൽ മനാഫ് മരിച്ച കേസിലാണ് പത്തനംതിട്ട ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. 2022 മെയ് എട്ടിനാണ് സുഹൃത്തിൻ്റെ റിട്ടയർമെൻ്റ് പാർട്ടിക്കിടെ ഇറിഗേഷൻ ഉദ്യോഗസ്ഥനായ അബ്ദുൽ മനാഫ് കായലിൽ വീണ് മരിച്ചത്.

മാംസാഹാരം നൽകുന്ന പശുക്കളിൽ നിന്നുള്ള പാൽ ഇന്ത്യൻ വിപണിയിൽ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.. അമേരിക്കൻ പാലിനും പാലുൽപ്പന്നങ്ങൾക്കും ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന് അമേരിക്ക ശക്തമായ ആവശ്യം ഉന്നയിക്കുമ്പോഴും കർഷകരുടെ താൽപ്പര്യങ്ങൾ ഉറപ്പാക്കുമെന്നാണ് ഇന്ത്യയുടെ വാദം. ക്ഷീര, കാർഷിക മേഖലകളിൽ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കൻ വാദം.

ബഹിരാകാശം കീഴടക്കി തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ​ഗ​ഗൻയാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ബഹിരാകാശയാത്രികൻ എന്ന നിലയിൽ, അദ്ദേഹം തന്റെ സമർപ്പണം, ധൈര്യം എന്നിവയിലൂടെ ഒരു ബില്യൺ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകിയെന്നും മോദി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. യുഎസ് പ്രസിഡന്‍റിന്‍റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാൻ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്നും പിന്മാറണമെന്ന ട്രംപിന്‍റെ ആവശ്യം പുടിന്‍ നിരസിച്ചതിന് പിന്നാലെ യുക്രൈയ്ന് കൂടുതല്‍ ആയുധനങ്ങൾ നല്‍കാനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു.പുടിന്‍ മനുഷ്യരെ ബോംബിട്ട് കൊല്ലുന്നുവെന്ന് ആരോപിച്ച ട്രംപ്, സെലന്‍സികിയോട് കൂടുതല്‍ ആയുധങ്ങൾ തന്നാൽ മോക്സോയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചെന്ന് ഫിനാന്‍ഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ കണ്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബീജിങിൽ ഷാങ്ഹായി സഹകരണ സംഘടന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് എസ് ജയശങ്കർ ചൈനീസ് പ്രസിഡൻറിനെ കണ്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചർച്ചകളുടെ പുരോഗതി എസ് ജയശങ്കർ കൂടിക്കാഴ്ചയിൽ പരാമർശിച്ചു.

തെലങ്കാനയില്‍ അഞ്ച് മാവോവാദികൾ കീഴടങ്ങി. ഇതില്‍ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികളും ഉൾപ്പെടുന്നു. മുളുകു പൊലീസ് സൂപ്രണ്ട് ഡോ. പി ശബരീഷിന്‍റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് ശബരീഷ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സൈനികരെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.

ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടിയായ ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്‍ (എ​.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹർജി തള്ളിയത്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *