ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ട്രില്ലുകൾ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം.
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ പുരോഗമിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം.
താൻ ചെയ്യുന്ന ചില കാര്യങ്ങളിൽ സ്വാധീനിക്കപ്പെടാതെ ഇരിക്കണമെന്ന് ആരാധകരോട് റാപ്പർ വേടൻ. എൻ്റെ നല്ല ശീലങ്ങൾ കണ്ട് പഠിക്കുകയെന്നും ഇടുക്കിയിലെ പരിപാടിയിൽ വേടൻ ആരാധകരോട് പറഞ്ഞു. തനിക്ക് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. താൻ ഒറ്റയ്ക്കാ് വളർന്നത്. സഹോദരനെ പോലെ തന്നെ കേൾക്കുന്നതിൽ സന്തോഷമെന്നും വേടൻ ആരാധകരോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ വീണ്ടും പുക ഉയര്‍ന്നതിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയിലാണ് ഇന്ന് പുക ഉയര്‍ന്നത്. ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. സംഭവത്തിൽ ഗുരുതര വീഴ്ടയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കെട്ടിടത്തിന്‍റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ വിശദമായ പരാതി നൽകുമെന്നും എംകെ രാഘവൻ എംപി പറഞ്ഞു.
കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എകെ ആന്റണിയെ കണ്ട് പരാതി അറിയിച്ചിരിക്കുകയാണ് കെ സുധാകരന്‍. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതുചർച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചിലർ മനപൂർവം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിൽ നടക്കുന്നത് പൊട്ടിത്തെറിയാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്നമല്ല. കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല. തന്നെ മൂലയ്ക്ക് ഇരുത്താൻ ശ്രമിക്കുകയാണെന്ന് സുധാകരൻ തന്നെ പറയുന്നുണ്ട് എന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയെ കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. വൈറ്റില വൈലോപ്പിള്ളി റോഡിൽ സ്വന്തം കാറിൽവച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്.
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു.
600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിനായി എന്നും അദ്ദേഹം പറഞ്ഞു .
സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികളെ പരിചരിക്കാൻ പ്രത്യേക സംവിധാനം വേണം. കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാൻ സ്‌നേഹപൂർണമായ പരിചരണം ഒരുക്കണം. സ്ത്രീകൾക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഡിഅഡിക്ഷൻ സെന്ററുകളുടെ അവലോകന യോഗത്തിലാണ് മന്ത്രി നർദേശം നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുമ്പ് വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വീണാ ജോര്‍ജ് വിശദീകരണം തേടിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന സംഭവത്തിൽ മന്ത്രി ഡിജിപിക്ക് പരാതി നൽകി. വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്ന് പൊതു വിദ്യാഭ്യാസ-തൊഴി വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.
വയനാട് വാളാട് പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ പോയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർത്ഥികൾ മുങ്ങിയത്. അപകടത്തിൽപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്റ്റി (13), പത്താം ക്ലാസ് വിദ്യാർത്ഥിയായ അജിൻ (15) എന്നവരാണ് മരിച്ചത്.
കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ധാക്കാൻ കണ്ണൂർ സർവ്വകലാശാല തീരുമാനിച്ചു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തെ തുടർന്ന് സിൻഡിക്കേറ്റ് ഉപസമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന് സർവ്വകലാശാല അംഗീകാരം നൽകുകയും കോളേജിന് പിഴ ചുമത്താൻ തീരുമാനിക്കുകയും ചെയ്തു.
വിവാഹ സൽക്കാരത്തിനിടെ കത്തിക്കുത്ത്. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. ആരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ എന്നയാൾ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.
യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റിൽ. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിലേക്ക് അനുമതി നിഷേധിച്ച തീരുമാനം പാകിസ്ഥാന് തന്നെ തിരിച്ചടിയായി. എയർ ഫ്രാൻസ്, ലുഫ്താൻസ എന്നീ വിമാനങ്ങളാണ് പാക് വ്യോമപാത ഒഴിവാക്കിയത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ വിമാനക്കമ്പനികളെ വിലക്കിയപ്പോൾ ഇവർ മാത്രമാകും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാതിരിക്കുക എന്ന് പ്രതീക്ഷിച്ച പാകിസ്ഥാന് മറ്റ് വിമാനക്കമ്പനികളുടെ തീരുമാനം തിരിച്ചടിയായത്.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി എം എസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇന്നലെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക പിന്തുണ പ്രഖ്യാപിച്ച പുടിൻ, മോദിയുമായി ഫോണിൽ വിശദമായി സംസാരിച്ചു. വിഷയത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിർ പുടിൻ സ്വീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെയുള്ള നടപടികൾ കടുപ്പിച്ച് ഇന്ത്യ. ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചിരിക്കുകയാണ്. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു.
കത്തോലിക്കാ സഭയുടെ 267-മത്തെ മാർപാപ്പയെ കുറിച്ച് കർദിനാൾമാർ ചർച്ച ചെയ്‌തെന്ന് വത്തിക്കാൻ. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളോട് ചേർന്ന് നിൽക്കുന്ന ഇടയൻ വേണമെന്ന അഭിപ്രായമാണ് ഉയർന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടവകാശമുള്ള 133 കർദിനാൾമാരും റോമിലെത്തി. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും ആകണം തിരഞ്ഞെടുക്കപ്പെടുന്നയാൾ എന്നും വിശ്വാസത്തിന്റെ പ്രചാരണം, സൃഷ്ടിയോടുള്ള കരുതൽ, യുദ്ധം തുടങ്ങിയ വെല്ലുവിളികളാണ് മുന്നിൽ എന്നും വത്തിക്കാൻ വ്യക്തമാക്കി.
അന്താരാഷ്ട്ര അതിർത്തി വഴി കടന്നുകയറിയ പാക് പൗരനെ പഞ്ചാബിലെ ഗുരുദാസ്പൂരിൽ സുരക്ഷാസേനയും പൊലീസും ചേർന്ന് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് തിരിച്ചറിയൽ രേഖകളും നിറയെ പാക്കിസ്ഥാൻ കറൻസിയും കണ്ടെടുത്തു. മെയ് 3 ന് രാത്രിയാണ് ഇയാൾ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു കയറിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പഞ്ചാബ് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ബാങ്കിന് സമീപത്തുള്ള എടിഎം കൗണ്ടര്‍ തകര്‍ക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് മരിച്ച യുവതി നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ 38-കാരിയായ യുവതി ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. സെൻട്രൽ തെസലോനിക്കിയിലെ റെസിഡൻഷ്യൽ ഏരിയയിലെ ബാങ്കിന് പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോംബ് സ്ഫോടനം നടന്നത്.
2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ വിവരങ്ങളുള്ളത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലുള്ളത്.
കടലിൽ കോംബാറ്റ് ഫയറിങ് നടത്തി ഡിആര്‍ഡിഒയും നാവിക സേനയും. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്. കടലിലെ പ്രതിരോധത്തിന് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ശത്രുരാജ്യങ്ങളിൽ നിന്ന് മുങ്ങികപ്പലുകൾ ഉൾപ്പെടെ രാജ്യപരിധിയിലേക്ക് കടക്കുന്നത്..തടയുന്നതിന് ഗ്രൗണ്ട് മൈൻ പ്രയോജനപ്പെടും. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിന് പുതിയ പരീക്ഷണം കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
സാക്ഷരതാ-സാമൂഹികക്ഷേമ പ്രവര്‍ത്തകയും പദ്മശ്രീ ജേതാവുമായ കെ.വി.റാബിയയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വിയോഗത്തില്‍ വേദനയുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സാക്ഷരത മെച്ചപ്പെടുത്തുന്നതില്‍ മാര്‍ഗദീപമേകിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും എക്‌സിലൂടെ അറിയിച്ചു.
പാകിസ്താനെതിരെ നയതന്ത്രതലത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.