ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്.ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും ഇതിൽ 2 വിദേശികൾ കൊല്ലപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ ശക്തമായി അപലപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും. മരിച്ച മഞ്ജനാഥയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കും. കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ഏകോപന ദൗത്യം ഉദ്യോഗസ്ഥ സംഘത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ വാർഷികാഷോഘ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയിൽ യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ലെന്നും ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾക്ക് പഠിക്കേണ്ടി വന്നുവെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.
2025ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്കാരം നേടിയ കിലയെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. തുടർച്ചയായി രണ്ടാമത്തെ തവണയാണ് കില പുരസ്കാരം സ്വന്തമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും, നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത്.
അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതിയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊർജ വകുപ്പ്. ഊർജ വകുപ്പ് ജോയിൻ്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ എന്നിവരാണ് സമിതി അംഗങ്ങൾ. ആരോപണ വിധേയർക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയവരാണെന്നും കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇക്കൂട്ടരുടെ ചതി മുനമ്പത്തെ 610 കുടുംബങ്ങൾ അനുഭവിച്ചതാണ്. ബിജെപി മാത്രമാണ് ജാതി- മത പരിഗണനകൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതെന്നും മലപ്പുറം വെസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ജനങ്ങൾക്കായി തുറന്നു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 110 കുടുംബങ്ങൾക്കുള്ള താക്കോൽദാനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഭവനത്തിനു പുറമേ 10 സെൻ്റ് ഭൂമിയും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി അണ്ണൻ സിജിത്തിൻ്റെ പരോൾ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയിൽ ഡിജിപി നൽകിയ അടിയന്തിര പരോൾ നൽകിയിരുന്നു. ബന്ധുവിൻ്റെ മരണത്തെ തുടർന്നാണ് അന്ന് പരോൾ നൽകിയത്. വീണ്ടും 15 ദിവസം കൂടി പരോൾ നീട്ടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷയിലാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ചേറ്റൂർ സ്നേഹം സിനിമാ പ്രമോഷന് വേണ്ടിയെന്ന് വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.ബി ജെ പിക്ക് പോലും ചേറ്റൂരിനെ അറിയാൻ സിനിമ ഇറങ്ങേണ്ടി വന്നു.സുരേഷ്ഗോപിയുടെ ചേറ്റൂരിൻ്റെ കുടുംബ സന്ദർശനം അഭിനയം മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.ചേറ്റൂരിനോട് സ്നേഹമുണ്ടെങ്കിൽ മങ്കരയിൽ ഒരു പാസഞ്ച൪ ട്രെയിനിന് സ്റ്റോപ്പെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു
ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി. സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. . എന്താണ് പരിശോധനയിലേക്ക് നയിച്ച കാരണം എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
കൊല്ലത്ത്നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി. പന്തളത്തുവച്ചാണ് നാടോടി സ്ത്രീയെയും തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയും കണ്ടെത്തിയത്. നിലവിൽനാടോടി സ്ത്രീയും കുട്ടിയും പന്തളം പൊലീസ് സ്റ്റേഷനിലാണ്. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസ്സുകാരി.
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി.ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കലിൽ വ്യവസായി ആയ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാൽപ്പാടുകളും പേപ്പർ കഷ്ണങ്ങളും കിണറിനരികിൽ കണ്ടെത്തിയിട്ടുണ്ട്.
അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്.മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാർത്ഥിനി പ്രകോപിതയായത്. വിദ്യാർത്ഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം.
മുംബൈ സ്വദേശിയായ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രയിലെ മുൻ ഡിജിപി അറസ്റ്റിൽ. ജഗൻമോഹൻ സർക്കാരിന്‍റെ കാലത്ത് ഇന്‍റലിജൻസ് ഡിജിപിയായിരുന്ന പിഎസ്ആർ ആഞ്ജനേയലുവിനെയാണ് അറസ്റ്റ് ചെയ്തത്. നടിയെയും മാതാപിതാക്കളെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ഒരു കോർപ്പറേറ്റ് എക്സിക്യൂട്ടീവിനെതിരെ നടി ലൈംഗികപീഡന പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നുമാണ് പരാതി.
വാഹനത്തിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍.പുതിയതും പഴയതുമായ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വാഹന തിരിച്ചറിയാനും വര്‍ധിച്ചുവരു്ന മലിനീകരണം തോത് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും ജനകീയനായ നേതാവാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ സ്വീകാര്യതയിൽ അസൂയയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. ബൈഡൻ ഭരണകൂടത്തെ പോലെ മോദിയെ ഉപദേശിക്കുന്ന സമീപനം ട്രംപ് സർക്കാരിനില്ലെന്നും വ്യക്തമാക്കിയ വാൻസ് ട്രംപിന്റെ വ്യാപാര നയത്തെ പ്രകീർത്തിക്കുകയും ചെയ്തു.
സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്.