ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരൻ അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ മന്തി വാങ്ങാൻ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. ഹോട്ടലിലേക്ക് അഫ്സാൻ ഓട്ടോയിലെത്തുന്നതാണ് കാണാൻ സാധിക്കുന്നത്.ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാൻ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്സാൻ വീട്ടിലേക്ക് കയറുന്നത് കണ്ടതായി ദൃക്യാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
കൊലവെറിയുടെ ഇരകൾക്ക് കണ്ണീരോടെ വിട നൽകി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടപ്പെട്ട 5 പേരുടെയും സംസ്കാരം പൂർത്തിയായി. ഇന്നലെയാണ് 23കാരൻ അഫാൻ ഉറ്റവരെയും പെൺസുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്.അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ ഇനി നിർണ്ണായകം.മൂന്ന് ഡിവൈഎസ് പിമാരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിൽ. 6.09 ന് ഉമ്മയുടെ ഫോണിൽ നിന്നു വിളിച്ചു വീടിനു മുന്നിൽ എത്താൻ അഫാൻ ആവശ്യപ്പെട്ടു. വണ്ടിയിൽ കേറിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ എൻറിച്ച് എന്ന കടയ്ക്ക് മുന്നിൽ ഇറക്കാനായിരുന്നു അഫാൻ ആവശ്യപ്പെട്ടത്. വാഹനത്തിലിരുന്നപ്പോൾ തന്നോട് അഫാൻ സംസാരിച്ചെന്നും കൂട്ടക്കൊല നടത്തിയതിൻ്റെ ഒരു കൂസലും അഫാന് ഇല്ലായിരുന്നുവെന്നും ഓട്ടോഡ്രൈവർ പറഞ്ഞു .
തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലിയിൽ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. മലബാറിൽ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാർക്കാർക്ക് താങ്ങാനാവാത്ത യാത്രക്കൂലിയിൽ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ട് ഹാരിസ് ബീരാൻ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയുടെ വിശദീകരണം.
അപൂർവ്വരോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ചികിത്സയ്‌ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. എസ്‌എംഎ പോലെയുള്ള അപൂർവ്വ രോഗബാധിതരായ ആയിരക്കണക്കിന് ആൾക്കാർ രാജ്യത്തുണ്ട്. അവർക്ക് വേണ്ടി മരുന്ന് ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ചർച്ചകൾ നടത്താൻ ശ്രമിക്കണം. ആവശ്യമെങ്കിൽ, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്‌ജസ്‌റ്റിസ് സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹo വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്.
മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലുള്ള പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കും. അതേസമയം പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
ആശാവർക്കർമാരുടെ സമരത്തിന് നേരെയുള്ള സർക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ.കെ. ശിവരാമൻ. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം വിമർശിച്ചു.
ആശാവർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയം സർക്കാരിന്റെ ഔദാര്യമാണെന്ന് സിഐടിയു. വേതനം നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും സെക്രട്ടറിയേറ്റിനുമുന്നിലല്ല, കേന്ദ്ര സർക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും ആശാ വർക്കർ ഫെഡറേഷൻ ജനറൽ സെക്രട്ടറി പിപി പ്രേമ പറഞ്ഞു.
നഗരത്തിൽ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎൽഎ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതിയാണ്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു.
ഇറ്റലിയിലേക്കുള്ള വ്യാജ റസിഡൻ്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. തോട്ടകാട്ടുക്കൽ സ്വദേശി രൂപേഷ് പി ആർ ആണ് അറസ്റ്റിലായത്. മലയാളിയായ ഡിജോ ഡേവിസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 25നാണ് തൃശ്ശൂർ സ്വദേശി ഡിജോ ഡേവിസ് ഇറ്റലിയിൽ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയിൽ എത്തുന്നത്. നാടുകടത്തപ്പെട്ട ഡിജോയുടെ പരാതിയിൽ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെത്തിയാണ് ദില്ലി പൊലീസ് രൂപേഷിനെ പിടികൂടിയത്.
നിയമസഭയിൽ രണ്ടാം ദിവസവും നാടകീയ രംഗങ്ങൾ. ലഫ്റ്റനൻ്റ് ഗവർണറുടെ നയ പ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി കാരണം രണ്ടായിരം കോടി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിൻ്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്.
റെയിൽവേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് 422 മീറ്റർ നീളമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തു. 30 മിനിറ്റിനുള്ളിൽ 350 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. സർക്കാർ-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തിൽ നവീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് എക്‌സിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു.
1984 ൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. ദില്ലി വിചാരണ കോടതി സ്പെഷ്യൽ ജഡ്ജ് കാവരേി ബവേജയുടേതാണ് വിധി. നിലവിൽ തിഹാർ ജയിലിലാണ് കോൺഗ്രസ് നേതാവ്. ഫെബ്രുവരി 12 ന് കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി കണ്ടെത്തിയിരുന്നു.
കർണാടക ബസ് തടഞ്ഞ് ഡ്രൈവറെ കുങ്കുമം അണിയിച്ച് ജയ് മഹാരാഷ്ട്ര എന്ന് വിളിപ്പിച്ച് ശിവസേനാ പ്രവർത്തകർ. തിങ്കളാഴ്ച സോളാപൂരിലാണ് സംഭവം. ഇതിന് പിന്നാലെ ബസിന് മുകളിലും ശിവസേനാ അനുകൂല മുദ്രാവാക്യങ്ങളും പ്രവർത്തകർ കുറിച്ചു. ഛത്രപതി ശിവാജി മഹാരാജ് കി ജയ് , ജയ് മഹാരാഷ്ട്ര, ജയ് ഭവാനി വിളികളോടെയായിരുന്നു അക്രമം.
ഉത്തർപ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് പ്രതിപക്ഷ വിമർശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ കുറിച്ച് ആളുകൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മദ്യനയത്തിലെ സിഎജി റിപ്പോർട്ട് നിയമസഭയില്‍ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സർക്കാരിനുണ്ടായി അടിമുടി ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.മദ്യത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാൻ ഒരു സംവിധാനവും ഉണ്ടായില്ല.കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായി.എംസിഡി, ഡിഡിഎ അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളിൽ മദ്യകടകൾ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.