കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും ഈ സാമ്പത്തികവർഷം വ്യാവസായിക മേഖലയിൽ കേരളം നല്ല പുരോഗതി കൈവരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ അഴിച്ചുവിടാൻ വല്ലാത്ത താത്പര്യമാണ് ചിലർ കാണിക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ശശി തരൂർ പുകഴ്ത്തി എഴുതിയ ലേഖനത്തോടും, ശശി തരൂരിനോടുമുള്ള നിലപാടിൽ കോൺഗ്രസ്സിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ തരൂരിനെ വിമർശിച്ച് രംഗത്തെത്തി. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് എംപി ശശി തരൂർ ലേഖന വിവാദത്തിൽ നിലപാട് മയപ്പെടുത്തി. സ്റ്റാർട്ടപ്പ് മേഖലയിൽ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തിൽ പറഞ്ഞതെന്നും കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സർക്കാർ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നും തരൂർ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചു. നിലപാട് മടപ്പെടുത്തിയെങ്കിലും തിരുത്തലില്ലാതെയാണ് ശശി തരൂരിന്‍റെ പോസ്റ്റ്. കണക്കുകളും വിവരങ്ങളും അടിസ്ഥാനമാക്കി തന്നെയാണ് ലേഖനമെന്നും തരൂർ പറയുന്നു.
ശശി തരൂർ എം പി പുകഴ്ത്തിയ കേരളത്തിന്‍റെ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. തരൂർ പുകഴ്ത്തിയ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറയുമ്പോഴും തരൂരിനെ കെ പി സി സി അധ്യക്ഷൻ വിമർശിച്ചില്ല എന്നത് ശ്രദ്ധേയമായി.
ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി കുഞ്ഞാലിക്കുട്ടി. എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്നും എകെ ആന്‍റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. ശശി തരൂര്‍ ഇന്ന് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർട്ടിയുടേയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കിൽ ശശിതരൂർ വർക്കിങ് കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ മാന്യത കാട്ടണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂർ ഓരോന്ന് എഴുതുന്നതും പറയുന്നതുമെന്നും ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ അന്വേഷിച്ചാൽ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ ലേഖനം വിവാദമായതിന് പിന്നാലെ പിന്തുണയുമായി ഇടതുനേതാക്കള്‍. ശശി തരൂര്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനും പറഞ്ഞു. ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്ന് എകെ ബാലനും പുകഴ്ത്തി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.
ഒന്നാം ക്‌ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കുമെന്നും ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസനിലവാരം കൂട്ടാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സർക്കാറിന്റെ നിലപാടെന്നും മിനിമം മാർക്കില്ലാത്ത വിദ്യാർഥികൾക്ക് ഓറിയസ്റേഷൻ ക്ലാസ് നൽകും കുട്ടിയെ തോൽപ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാർക്കെതിരെ ആക്ഷേപവുമായി ധനമന്ത്രി. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സർക്കാരിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിളക്കിവിട്ടവർക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ ആക്ഷേപം തള്ളിയ ആശ വർക്കർമാർ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു.
ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്നതാവണം നമ്മുടെ അടുത്ത ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നവ കേരള മിഷൻ കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്ര മിഷന്റെ നേതൃത്വത്തിൽ 30 വയസ്സിന് മുകളിലുള്ളവരെ ക്യാൻസർ സ്ക്രീനിംഗിന് വിധേയരാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ എന്നും ഇതുവരെ 1,36000 സ്ത്രീകളാണ് പരിശോധനയ്ക്ക് വിധേയരായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പുലർച്ചെയാണ് സംഭവമുണ്ടായത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും, ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവുമാണ് തകർത്തത്. പ്രദേശത്ത് വ്യാപകമായി കൃഷി നാശിപ്പിക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലിങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.
കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ് എഫ് ഐ തുടരുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കലോത്സവത്തിലെ സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ് എഫ് ഐ നേതാവ് ഇന്ന് പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് എത്തിയതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.
കൊല്ലം പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. തെൻമല ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
30 വർഷത്തിന് ശേഷം ആദ്യമായി പുഞ്ചകൃഷി ഒഴിവാക്കിയിരിക്കുകയാണ് മുത്തങ്ങ മന്മഥൻമൂലയിലെ കർഷകർ. കൃഷിയിറക്കി വന്യമൃഗങ്ങൾക്ക് നശിപ്പിക്കാനിട്ട് കൊടുക്കാൻ വയ്യെന്നാണ് ഒരു കൂട്ടം കർഷകർ പറയുന്നത്. മുതൽപോലും തിരിച്ചുകിട്ടാനില്ലാത്ത കൃഷിക്ക് ഇല്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. വനത്താൽ ചുറ്റപ്പെട്ട സ്ഥലമായിരുന്നെങ്കിലും കാവൽമാടങ്ങൾ കെട്ടിയും ഫെൻസിങ് ഒരുക്കിയും കർഷകർ കൃഷിചെയ്തുവരികയായിരുന്നു.
വധശ്രമക്കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളിൽ നിന്ന് അറസ്റ്റിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുൽ ഹക്കീമിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാൻ്റെ ഭാര്യപിതാവാണ് ക്വട്ടേഷൻ നൽകിയത്. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂർ പൊലീസ് നേപ്പാളിൽ വച്ച് പിടികൂടിയത്.
നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ. പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയായത്.പിന്നീട് പൊലീസ് നിർദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു.
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് ബാങ്കിൽ നിന്ന് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു. നിമിഷയുടെ മാത്രമല്ല മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.
ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേർ മരിച്ച സംഭവത്തിൽ തിരക്കിൽപ്പെട്ടവർക്ക് മുക്കാൽ മണിക്കൂറിന് ശേഷമാണ് അധികൃതരുടെ സഹായം കിട്ടിയതെന്നും ഇതാണ് ദുരന്തം ഇത്രയേറെ ഭീകരമാക്കിയതെന്നും റിപ്പോർട്. പ്രയാഗ് രാജിലേക്ക് പോകാൻ വലിയ തിരക്കുണ്ടെന്ന് രാത്രി 8 മണി മുതൽ വ്യക്തമായിട്ടും ഇത് നിയന്ത്രിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ന്യൂദില്ലി റെയിൽവേ ദുരന്തത്തിന് കാരണമായത് അനൗൺസ്മെന്‍റിലെ ആശയകുഴപ്പമെന്ന് ദില്ലി പൊലീസ്. പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗൺസ്മെന്‍റാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 14 -ാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ നിൽക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിൻ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത് എന്നും ദില്ലി പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കർണാടകയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് നടത്തി 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസില്‍ കൊടുങ്ങല്ലൂർ ഗ്രേഡ് എസ് ഐ ഷഫീർ ബാബുവിനെ കൂടാതെ മൂന്ന് പേരു കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശികളായ അനിൽ ഫെർണാണ്ടസ്, സജിൻ, ഷബീൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ദക്ഷിണ കന്നഡ ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടിൽ നിന്നാണ് പണം തട്ടിയത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്. കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്കാണ് മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നത്. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു.
അമേരിക്കയിലെ രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതും കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്. 119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്‍സറിൽ എത്തിയത്. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഗുജറാത്തിൽ നിന്നുള്ള എട്ട് പേരും ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തിയും ഉൾപ്പെടുന്നു.
അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദൽജിത് സിംഗ് വ്യക്തമാക്കി. ഇതിനേക്കാൾ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
തെലങ്കാന പൊലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് പരുന്ത്, പ്രാപ്പിടിയൻ തുടങ്ങി കൂടുതൽ പക്ഷികളെ ഉൾപ്പെടുത്തി. മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നൽകുന്നത്. ഡ്രോണുകൾക്കെതിരായ സുരക്ഷാ നടപടികൾക്കും നിരീക്ഷണ ആവശ്യങ്ങൾക്കുമായാണ് ഇവയെ ഉപയോഗിക്കുക. സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദർശനത്തിനിടെ ഡ്രോണ്‍ പറത്തി സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് കഴുകന്മാരെ പരിശീലിപ്പിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയും സ്വത്ത് രേഖകളും തമിഴ്നാട് സർക്കാരിന് കൈമാറി ബെംഗളൂരുവിലെ സിബിഐ പ്രത്യേകകോടതി. ജയലളിത അന്തരിച്ചതോടെ ഈ സ്വത്ത് വകകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം ഉണ്ടാവുകയും, ജയലളിതയുടെ സഹോദരൻ ജയരാമന്‍റെ മക്കൾക്കാണ് അവകാശമെന്നും കാണിച്ച് കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീംകോടതി കേസിൽ ജയലളിത അടക്കമുള്ളവർ കുറ്റക്കാരെന്ന് വിധിച്ചതാണെന്ന് കാട്ടി ഹൈക്കോടതി ഹർജി തള്ളി.
ബിയർ കാനിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യൻ ബ്രൂവറി. ഒഡീഷയിൽ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപർണോ സത്പതി എക്സിൽ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വലിയ രീതിയിൽ സംഭവം ചർച്ചയായത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോട് കൂടിയുള്ള ബിയർ കാനിന്റെ ചിത്രം അടങ്ങുന്നതായിരുന്നു സുപർണോ സത്പതിയുടെ എക്സിലെ കുറിപ്പ്. പ്രധാനമന്ത്രി വിഷയം റഷ്യൻ സർക്കാരുമായി ചർച്ച ചെയ്യണമെന്ന് സുപർണോ സത്പതി ആവശ്യപ്പെട്ടിരുന്നു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ കഴിയില്ലെന്ന് യുഎൻ റിപ്പോർട്ട്. എന്നാൽ ഐഎസിന് ഇന്ത്യയിൽ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐ.എസ്.ഐ.എൽ , അൽ-ഖ്വയ്ദ , അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 35-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്ച സൗദി അറേബ്യയിൽ നടക്കും. യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോ, സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ നേതൃത്വം നൽകും. റഷ്യയെ പ്രതിനിധീകരിച്ച് ആരാണ് ചർച്ചയ്ക്കെത്തുക എന്ന് ഇപ്പോൾ വ്യക്തമല്ല, യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചർച്ചകൾ നടത്തുന്നതെന്നാണ് വിവരം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എട്ട് മാസമായികുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ ലാന്‍ഡ് ചെയ്യും.