രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ . കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതിയേതര വരുമാന വർധനവിനുള്ള മാർഗങ്ങളായിരിക്കും നാളത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ് എന്നാണ് സാമ്പത്തിക വിദഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും പിന്നാലെ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായത് കൊണ്ട് തന്നെ ജനകീയ പ്രഖ്യാപനങ്ങളും പ്രതീക്ഷകളുടെ ലിസ്റ്റിലുണ്ട്.
വയനാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു . പരസ്പരമുള്ള ഏറ്റുമുട്ടലിൽ തന്നെയാണ് കടുവകൾ മരിച്ചതെന്നാണ് റിപ്പോർട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകൾ ജഡത്തിൽ കണ്ടെത്തുകയായിരുന്നു. കടുവകൾ ചത്തതിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെയുംരൂപീകരിച്ചിരുന്നു.
പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ലാലി വിൻസന്റ് നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കും.
പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് പണം തട്ടിയെന്ന കേസുകളില്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകള്‍ക്ക് പിറകിലുമുള്ള ഒന്നാന്തരം കച്ചവടക്കാരനാണ് എ.എന്‍. രാധാകൃഷ്ണന്നെ് സന്ദീപ് ആരോപിച്ചു. ബി.ജെ.പി. അറിഞ്ഞുകൊണ്ടാണോ തട്ടിപ്പെന്നും സന്ദീപ് ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം എസ്എഫ്ഐയുടെ പ്രകടനത്തിനിടയിൽപ്പെട്ടത് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എകെജി സെന്ററിൽ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് എസ്എഫ്ഐ സമരത്തിനിടയിൽപ്പെട്ടത്. ഇസെഡ് പ്ലസ് ഗാറ്ററിയിൽപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം സമരക്കാർക്കിടയിൽപ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.
ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തി. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു, 5 പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവോ എന്ന് ഫോറൻസിക് സംഘം പരിശോധിക്കുമെന്നും ഹോട്ടൽ ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും സിഐ പറഞ്ഞു.
സി.പി.എം. നേതാവ് പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നജീബ് കാന്തപുരം. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്നായിരുന്നു സരിന്റെ ആരോപണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.കേരളം കണ്ടതില്‍വെച്ച് ഏറ്റവുംവലിയ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു.
ടോളിനോടുള്ള സിപിഎമ്മിന്റെ എതിര്‍പ്പ് കാലം മായ്ച്ചുവെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്. കേന്ദ്രത്തെ നേരിടാനുള്ള പോരാട്ടമാണ് കിഫ്ബി. കിഫ്ബിയെ കുറിച്ചുള്ള കേന്ദ്ര വിമര്‍ശനത്തിന് മറുപടിയാണ് ടോളെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രം എങ്ങനെയൊക്കെ നമ്മളെ തടസപ്പെടുത്താന്‍ നോക്കുന്നോ അതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം എന്ന് നമ്മളും നോക്കുമെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസി(64)നെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. പീഡനശ്രമത്തിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ചാനൽ ചർച്ചയിൽ പിസി ജോർജ് നടത്തിയ വിദ്വേശ പരാമർശത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി . കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈകോടതിയിൽ ജാമ്യ അപേക്ഷ നൽകാനാണ് തീരുമാനം. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസ്.എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎല്‍എ അടക്കം പത്ത് പ്രതികള്‍ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് ഉണ്ടായിരുന്ന കാറിന്‍റെ കണ്ണാടി അടുച്ചു തകര്‍ത്തുവെന്നുമാണ് എഫ്ഐആര്‍. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട്കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിൽ. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി.ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു അനാമിക. അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്.
കോഴിക്കോട് നഗരത്തിൽ 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖിനെ ഡാൻസാഫും നടക്കാവും പൊലീസും ചേർന്ന് പിടികൂടി. ഈ വർഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തിൽ പിടിച്ചെടുത്തത്. രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്ന് കയ്യിൽ ബാഗുമായി എത്തിയ ഷഫീഖിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ് പ്രദേശത്തുണ്ടായിരുന്ന ഡാൻസാഫ് സംഘം ബാഗ്പരിശോധിച്ചത്. തുടർന്ന് ബാഗിനുള്ളിൽ 254 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തത്.കോളേജ് ഹോസ്റ്റലില്‍ വെച്ച് കഴിഞ്ഞ മാസം ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്നായിരന്നു പരാതി. തുടര്‍ നടപടിക്കായി അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗത്തിന് സസ്‌പെന്‍ഷന്‍. മുസ്തഫല്‍ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സമസ്തയിലെ ലീഗ് പക്ഷത്തിലെ ശക്തനായ വക്താവാണ് ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം.
കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വൻ ആയുധ ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് വളയം പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മേഖലയിൽ പോലീസ് പരിശോധന തുടരുകയാണ്.
റഷ്യയിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ. തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ എത്തി യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് (24)നെയാണ് ഇന്ന് രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.നെയ്യാറ്റിൻകര പൊലീസ് തുടർനടപടി സ്വീകരിച്ചു.
തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിഷ്ടത്തിന്റെ പേരിൽ അനുമതി നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് ഗവർണർ സ്വന്തംനിലയ്ക്ക് നടപടിക്രമങ്ങൾ സ്വീകരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ജയ്പൂരിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത 48ൽ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഡിവൈഡറിൽ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദില്ലി ബിജെപി ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ. ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സർവ്വേയിൽ ബിജെപിക്ക് മുൻതൂക്കമുണ്ടെന്നാണ് പ്രവചനം. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി രംഗത്തെത്തി. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളിലും ബിജെപിക്കാണ് മുൻതൂക്കം. ഇത് എഎപി ക്യംപിൽ ആശങ്കയ്ക്ക് ഇടയാക്കി. പ്രവചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയർത്തുന്നത്.
അമേരിക്ക സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ നാടുകടത്തിയതിനെ ന്യായീകരിച്ച് പാർലമെന്റിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നാടുകടത്തലിനെ ന്യായീകരിച്ച വിദേശകാര്യമന്ത്രി, ഇന്ത്യയെ അറിയിച്ച് അനുമതി വാങ്ങിയ ശേഷമാണ് സൈനിക വിമാനം ഇറങ്ങിയതെന്നും സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവച്ചില്ലെന്നും പാർലമെൻറിനെ അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ‘നാണക്കേടെന്ന്’ മുദ്രാവാക്യം വിളികളുമായി ലോക്സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് അംബേദ്കറെ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്നും മോദി ആരോപിച്ചു.ഇന്ന് സമൂഹത്തില്‍ ജാതി വിഷം പരത്താന്‍ ശ്രമം നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 249 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. ജേക്കബ് ബെത്തല്‍(51), ഫില്‍ സാള്‍ട്ട് (43) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.