Untitled design 20250112 193040 0000 2

 

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രതികരണത്തിൽ, മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കൂടുതൽ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോർജ് കുര്യൻ ദില്ലിയിൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

 

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ. ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ ഇപ്പോ‌ള്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിട്ടത്.

 

ബജറ്റ് അവഗണനയിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ എല്ലാത്തിലും പൂർണ അവഗണനയാണ് നേരിടുന്നത്.ജോർജ് കുര്യൻ്റെ പേരെടുത്ത് പറയാതെ വികടന്യായങ്ങൾ പറയുന്നെന്നും അദ്ദേഹം വിമർശിച്ചു.

 

വിഷുവിനോട് അനുബന്ധിച്ച് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോടതി അനുമതി കിട്ടിയാൽ അയ്യപ്പ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളും വിഷുവിന് പുറത്തിറക്കും.അൻപതിലധികം രാജ്യത്തിൽ നിന്നുള്ള അയ്യപ്പഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

 

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തി. കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

സംസ്ഥാനത്ത് 2 ദിവസം കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

 

കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്.

 

കൊച്ചിയിലെ മാലിന്യം തള്ളുന്ന ബ്രഹ്മപുരത്ത് ഇപ്പോൾ വേണമെങ്കിൽ ക്രിക്കറ്റ് കളിയ്ക്കാമെന്ന് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൊച്ചി ന​ഗരസഭയും സംസ്ഥാന സർക്കാറും ഏറെ പഴികേട്ട സംഭവമായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

 

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഇതേ കോടതി പ്രതികൾക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

 

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4ന് വൈകുന്നേരം 4 മണിക്ക് ടാഗോര്‍ തീയറ്ററ്റില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും.

പാറശ്ശാലയിലെ മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്നും പൊലീസ് അറിയിച്ചു. ധനുവച്ചപുരം സ്വദേശി സെലിീനാമ്മയെ കഴിഞ്ഞ 17നാണ് വൈകിട്ട് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അടയ്ക്ക പറിക്കുന്നതിനായി കവുങ്ങില്‍ കയറുന്നതിനിടെ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങിപ്പോയ വയോധികന് രക്ഷകരായി അഗ്നിരക്ഷാ സേന. പേരാമ്പ്ര മുതുവണ്ണാച്ച തൊട്ടാര്‍മയങ്ങിയില്‍ അമ്മത് ഹാജി(60)യാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങരോത്ത് തെക്കേടത്ത് കടവിന് സമീപം പുറവൂരിലെ തോട്ടത്തില്‍ നിന്ന് അടയ്ക്ക പറിക്കുന്നതിനിടയിലാണ് സംഭവം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും, തന്‍റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വാക്കുകൾ രാജ്യത്തിന്‍റെ അന്തസ് തകർക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ തന്നെ ദൂതനാക്കി അയച്ചെന്നാണ് ലോക്‌സഭയിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. ഇത് നുണ പ്രചാരണമാണെന്ന് എസ് ജയശങ്കർ വ്യക്തമാക്കി.

ഏറ്റുമാനൂരില്‍ കൊല്ലപ്പെട്ട പോലീസുകാരന് ക്രൂരമായ മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലേറ്റ പരിക്കാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനമേറ്റ് പോലീസുകാരന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തില്‍ ക്ഷതവും ആന്തരിക രക്തസ്രാവവും സംഭവിച്ചതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

 

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദപരാമർശത്തിനെതിരേ നടൻ വിനായകൻ. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്ന് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ താമസ സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടിമരിച്ച സംഭവത്തില്‍ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവിൽ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഈ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

 

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള നടപടികളും പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ നിർദ്ദേശിക്കുന്നുണ്ട്. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആർക്കെങ്കിലും ഇളവ് നൽകണോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കി.

 

മറിനാ ബീച്ചില്‍ സമാധാന റാലി സംഘടിപ്പിച്ച് തമിഴിനാട് മുഖ്യമന്ത്രി എംകെ സ്റ്റലിന്‍. ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിഎന്‍ അണ്ണാദുരൈയുടെ 56-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു റാലി. മറിന ബീച്ചില്‍ സ്ഥിതി ചെയ്യുന്ന അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയിൽ ബജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നൽകുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന് റെയിൽ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. യോഗി സർക്കാർ ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്‌നാൻ, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാൻ എന്നീ അവസരങ്ങളിലും യുപി സർക്കാർ പുഷ്പവൃഷ്ടി നടത്തിയിരുന്നു.

അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്. കേസില്‍ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുംഭമേളക്കിടെയുണ്ടായ ദുരന്തം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചര്‍ച്ച അനുവദിക്കാതിരുന്ന സ്പീക്കര്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് ജനങ്ങളുടെ നികുതി പണം എംപിമാര്‍ പാഴാക്കരുതെന്ന് പറഞ്ഞു. രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗധീപ് ധന്‍കറും പ്രതിപക്ഷത്തെ നേരിട്ടു. വഖഫ് നിയമ ഭേദഗതിയിലും പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

 

യമുന നദി മാലിന്യമുക്തമാക്കുമെന്ന ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ കെജ്‌രിവാളിനെ, വെല്ലുവിളിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാൻ ഞാൻ ആവശ്യപെടുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ കെജ്‌രിവാളിനെ വെല്ലുവിളിച്ചത്. ‘

 

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് വാശിയേറിയ അന്തരീക്ഷത്തിൽ തിരശ്ശീല വീണു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍ പ്രചാരണം അവസാനിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. കെജ്രിവാളിന് ഇപ്പോഴും ഉള്ള നേരിയ മുൻതൂക്കം, ബജറ്റ് നിർദ്ദേശങ്ങൾക്ക് കിട്ടുന്ന പിന്തുണയിലൂടെ മറികടക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പരാമര്‍ശിച്ച് ‘പാവം സ്ത്രീ’ എന്ന പരാമര്‍ശത്തിലാണ് സോണിയാ ഗാന്ധിക്കെതിരേ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു.

 

മഹാകുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞതായി നടിയും രാജ്യസഭാ എം.പി.യുമായ ജയ ബച്ചന്‍. മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞതിനാല്‍ നദിയിലെ വെള്ളം മലിനമായിരിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടി എം.പി.യായ ജയ ബച്ചന്‍ ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ജയ ബച്ചന്റെ ആരോപണം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *