വയനാട് മുണ്ടക്കൈയിൽ ദുരന്തം കവർന്നെടുത്ത 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമമൊരുങ്ങുന്നു. തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കും. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് 67 മൃതദേഹങ്ങളും സംസ്കരിക്കുക. 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കി സംസ്കരിക്കും. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയ ശരീരങ്ങള്‍ക്കായി ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ പോത്തുകല്ല് ഭാഗത്തുനിന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. ദുരന്തത്തില്‍ ഇതുവരെ 355 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതേസമയം, സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 219 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

 

വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെ ഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ളവയും ലഭിച്ചില്ലെന്നാണ് പലരും പരാതിപ്പെട്ടത്. എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം.

 

വയനാട്ടിലെ ദുരന്തഭൂമിയിൽ ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍ . പ്രശ്‌നം പരിഹരിക്കുമെന്നും, തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ലെന്ന് വിവിധ രക്ഷാപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കുടിവെള്ളം നല്‍കാതെ മടക്കിയയച്ചുവെന്നും കാലാവധി കഴിഞ്ഞ കേടായ ബ്രഡ് ലഭിച്ചുവെന്നും പലരും പറഞ്ഞു. വൈകീട്ട് മൂന്നുമണിയായിട്ടുപോലും ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

 

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കലക്ടര്‍ അറിയിച്ചു.

വയനാട്ടിലെ  ദുരന്തമേഖലയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം നിർത്തലാക്കിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍. ഡിസാസ്റ്റര്‍ ടൂറിസം പോലെ ഡിസാസ്റ്റര്‍ പിആറും വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുറന്നടിച്ചു. വൈറ്റ് ഗാർഡിൻ്റെ  ക്യാൻ്റീൻ നിർത്തിച്ചതിൽ ഒരു രാഷ്ട്രീയമുണ്ട്. ദുരന്തത്തിനിടയിൽ പി ആർ വർക്ക് സർക്കാർ അവസാനിപ്പിക്കണം. ദുരന്തഭൂമിയിൽ നിന്ന് രാഷ്ട്രീയ നെറികേട് കാണിക്കരുത് എന്നും രാഹുൽ പറഞ്ഞു.

വയനാട് പുനരധിവാസവുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും, ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഇന്ന് ദില്ലിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ വിശദവിവരങ്ങൾ മോദിയെ അറിയിച്ചത്. കേന്ദ്ര സേനകൾ രക്ഷാ പ്രവർത്തനത്തിൽ മികച്ച സേവനം നൽകിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

 

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.

 

ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്താൻ പൊലീസിൻ്റെ തീരുമാനം. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയിൽ താത്കാലിക ടെൻ്റ് സ്ഥാപിക്കും. ദുരന്ത മേഖലയോട് ചേർന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്.

 

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൂരല്‍മലയിലെത്തി ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

 

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല, അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്നു.ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിക്കാതിരിക്കുക, തുടങ്ങിയ കാര്യങ്ങൾ കൂടി മാധ്യമങ്ങൾ പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു.

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ വിവര ശേഖരണം തുടങ്ങി. ഈ മേഖലയില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താം വാര്‍ഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ കഴിയുന്നില്ല.വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.

ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട  മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും.

മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്‍റി ബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്‍റി ബോഡി കണ്ടെത്തിയത്.

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനഞ്ച് മിനുറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ആശ്വാസമേകിയെന്ന് സന്ദര്‍ശനത്തിന് ശേഷം അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.

 

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ തിരച്ചിൽ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

 

കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ അനിശ്ചിതാവസ്ഥയിലെന്ന് അർജുന്റെ സഹോദരി വ്യക്തമാക്കി. ഈശ്വർ മാൽപെ തിരച്ചിലിന് ഇറങ്ങാൻ തയ്യാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് അവര്‍ ആരോപിച്ചു. ഈശ്വര്‍ മാല്‍പെ സ്വന്തം റിസ്‌കില്‍ ഇറങ്ങാന്‍ വേണ്ടി വന്നതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ തിരികെ പോയെന്നാണ് ഭര്‍ത്താവ് ജിതിൻ അവിടെനിന്ന് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് സഹോദരി അ‍ഞ്ജു പറഞ്ഞു. തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം.

 

 

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് നല്കുവാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇവർക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും നിലവിൽ വിതരണത്തിന് ലഭ്യമാണ്. തിങ്കളാഴ്ച മുതൽ ഈ തുക വിതരണം ചെയ്യാനാവുമെന്നും, നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും ഇതിലൂടെ തുക നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതിയെന്നുമാണ് സൂചന. വഖഫ് നിയമത്തില്‍ 40-ഓളം ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.

 

കൂത്തുപറമ്പ് വെടിവെപ്പിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പൻ ഐ സി യുവിൽ. ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുഷ്പന്‍റെ ചികിത്സാ പുരോഗതിയും വിവരങ്ങളും അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആശുപത്രിയിലെത്തി. 1994 ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്.

 

ജയിലിൽ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തൃശൂരിലെ അതിസുരക്ഷാ ജയിലിൽ നിന്ന് മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകി. നിരാഹാര സമരത്തിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദാണ് മരിച്ചത്. ബസ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ബീഹാറിലെ കതിഹാർ ജില്ലയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ മീൻ വണ്ടിയിലെ മീൻ മുഴുവൻ നാട്ടുകാർ കൊള്ളയടിച്ചു. ജൂലൈ 31 -ന് ഉണ്ടായ അപകടത്തിലാണ് മത്സ്യം കയറ്റിയെത്തിയ വാൻ മറിഞ്ഞത്. ഇതോടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മീൻ മുഴുവൻ നാട്ടുകാർ കൊള്ളയടിക്കുകയായിരുന്നു. സഹായക് പോലീസ് സ്റ്റേഷനിലെ മിർച്ചായി ബാരി ഏരിയയിലെ മിർച്ചൈബാരി ഹരിശങ്കർ നായക് സ്‌കൂളിന് സമീപമാണ് സംഭവം.

 

ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറി. നിലവിൽ ആളപായമില്ലെന്നു അധികൃതർ അറിയിച്ചു. 190 ലധികം റോഡുകൾ അടച്ചു. പ്രളയത്തിൽ സംസ്ഥാനത്തെ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. അൽ-ഖ്വയ്‌ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടിൽ നിന്നാണ് ഇമെയിൽ വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ബോംബ് ഇടുമെന്നും ബിഹാറിലെ സ്പെഷ്യൽ പൊലീസ് ഫോഴ്സിനും ആക്രമണം തടയാന്‍ കഴിയില്ലെന്നുമാണ് ഇ-മെയിൽ ഭീഷണിയില്‍ പറയുന്നത്.

 

വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളിൽ തീപിടുത്തം. കോച്ചുകൾ ഏതാണ്ട് പൂർണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാൽ ആർക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവെ അന്വേഷണം തുടങ്ങി.

 

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഷാപൂർ മേഖലയിൽ മൺഭിത്തി ഇടിഞ്ഞുവീണ് ഒൻപത്കുട്ടികൾ മരിച്ചു. 10 മുതൽ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാവൻ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങൾ നിർമ്മിക്കുന്ന ഹർദൗൾ ക്ഷേത്രത്തിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം.

 

പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടര്‍ന്നതോടെ ഇന്ത്യ വിജയത്തിലെത്തി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു. സെമിയില്‍ ജര്‍മനിയെയോ അര്‍ജിന്റീനയെയോ ആണ് ഇന്ത്യക്ക് നേരിടേണ്ടിവരിക.

 

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാർ മേഖലയായ ജിസാനിൽ 10 മണിക്കൂർ തോരാതെ പെയ്ത മഴയിൽ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങുകയും നിരവധി റോഡുകളും പാലങ്ങളും തകരുകയും ചെയ്തിട്ടുണ്ട്. താഴ്‌വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. തകർന്ന പാലത്തിന്റെ സ്ലാബ് കാറിന് മുകളിൽ പതിച്ച് യുവതി മരിച്ചു. അൽ തവാൽ, സ്വബ്യ, സാംത, അബു അരീഷ് ഗവർണറേറ്റുകളിലെയും വാദി ജിസാനിലെ ചില ഗ്രാമങ്ങളിലെയും ജിസാൻ നഗരത്തിലെയും തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി.

 

ബ്രിട്ടനിൽ തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. 90ലധികം പേർ അറസ്റ്റിലായതായാണ് വിവരം. ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് വലിയ രീതിയിലുള്ള അക്രമങ്ങളിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു.

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. ഹനിയെയുടെയും ഹിസ്ബുള്ള മിലിട്ടറി തലവൻ ഫുവാദ് ഷുക്റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും തിങ്കളാഴ്ച പുലർച്ചെ തന്നെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതായാണ് സൂചന.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *