റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമേറ്റെന്നാണു സംശയം.
നിയമസഭാ കൈയങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ കെപിസിസിയുടെ തടസ ഹർജി. സിപിഐ നേതാക്കളായ ബിജിമോളും ഗീതാ ഗോപിയും നൽകിയ ഹർജി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് ഹർജി നൽകിയത്. ഹർജികൾ അടുത്ത മാസം 16 ലേക്ക് മാറ്റി.
വന്യജീവികളുടെ ആക്രമണം തടയുന്നതിനും ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനും 40 ഫോറസ്റ്റ് സ്റ്റേഷനുകളും ഏഴ് ആർആർടികളും ആരംഭിക്കണമെന്ന വനം വകുപ്പിന്റെ ശുപാർശ പരിഗണിക്കാതെ ധന വകുപ്പ്. അഞ്ചു വർഷത്തിനിടെ നാലു തവണ ആവശ്യം ഉന്നയിച്ച് വനം വകുപ്പ് കത്തു നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ധനവകുപ്പ് അംഗീകാരം നൽകിയില്ല.
വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. മൺതിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു.
നായയെ കുളിപ്പിക്കുന്നതിനിടയിൽ മുംബൈയിൽ തടാകത്തിൽ മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം ഹരിപ്പാട് താമല്ലാക്കലിൽ സംസ്കരിച്ചു. കുമാരപുരം താമല്ലാക്കൽ ശബരിയിൽ രവീന്ദ്രൻ – ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (21), സഹോദരി കീർത്തി (17) എന്നിവരുടെ മൃതദേഹമാണ് സംസ്കരിച്ചത്.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിനു മുകളില്‍ മരം ഒടിഞ്ഞ് വീണു. ഇരിട്ടി- ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് അപകടം. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയയാൾ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നും കൈപ്പറ്റിയിരുന്നു.
യുവതി ജീവനൊടുക്കിയ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭീഷണിമൂലമാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്.
കണ്ണൂരിൽ 10,12 വയസ്സുള്ള വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസ അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് അറസ്റ്റു ചെയ്തത്.
“നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെ” ന്ന്
നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കുന്നതിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികരണം.
മണിപ്പുരിൽ ചൈനീസ് ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. 25 അക്രമികളെ പിടികൂടി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുൻപേയാണ് അക്രമികളെ സൈന്യം പിടികൂടിയത്.
മൈസുരുവിൽ വാഹനാപകടത്തിൽ പത്തു പേർ മരിച്ചു. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിൽ സ്വകാര്യ ബസും ടൊയോട്ട എസ്‍യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു. ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടും. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി.
ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ 20 കാരനായ കാമുകൻ സാഹിലിനെ അറസ്റ്റു ചെയ്തു. ഷഹബാദിൽ ആളുകള്‍ നോക്കിനിൽക്കേയാണ് പെൺകുട്ടിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നത്.
യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചത്.
കാനഡയിൽ വിവാഹ സല്‍ക്കാര വേദിക്കരികിൽ ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന പഞ്ചാവ് വംശജനായ അമർപ്രീത്(28) ആണ് കൊല്ലപ്പെട്ടത്.