പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യം (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)
പരമാവധി സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കും. മുംബൈയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതൃയോഗത്തിലാണു തീരുമാനം. സഖ്യത്തെ നയിക്കാന്‍ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമിതിക്കു കണ്‍വീനറില്ല. ഗാന്ധി കുടുംബത്തില്‍നിന്നും സിപിഎമ്മില്‍നിന്നും അംഗങ്ങളില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് കെ സി വേണുഗോപാലുണ്ട്. സീറ്റ് വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാന്‍ ധാരണ.
കര്‍ണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ കര്‍ണാടക ഹൈക്കോടതി അയോഗ്യനാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു സംബന്ധിച്ച് വ്യാജവിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അയോഗ്യനാക്കിയത്. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ എംപിയായ പ്രജ്വല്‍, ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ ചെറുമകനുമാണ്.
നിയമ സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വിക സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. രക്ഷകര്‍ത്താക്കളുടെ സ്വത്തിലാവും മക്കള്‍ക്കും അവകാശം. ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം നിയമ സാധുതയില്ലാത്ത വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തില്‍ ഇവര്‍ക്ക് അവകാശം നല്‍കിയിരുന്നില്ല. ഇതു ശരിവെച്ച 2011 ലെ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
പൊലീസ് സ്റ്റേഷനില്‍ നേരിട്ടു പോകാതെ പരാതി പോല്‍ ആപിലൂടെ പരാതി നല്‍കാമെന്നു കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പാണു പോല്‍ ആപ്. വെബ് പോര്‍ട്ടല്‍ തുണയിലൂടേയും പരാതി നല്‍കാം. പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡിജിപി ഓഫീസിലേക്കു വരെ പരാതി നല്‍കാന്‍ പോല്‍ ആപിലൂടേയും തുണ വെബ് പോര്‍ട്ടലിലൂടേയും സാധിക്കും.
ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം അഡീഷന്‍സ് സെഷന്‍സ് കോടതിയാണ് നിശിത വിമര്‍ശനങ്ങളോടെ ആലുവ പൊലീസ് എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നു കോടതി ചോദിച്ചു.
കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ. ഒരു കേസിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ വേട്ടയാടുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ അറസ്റ്റിനായി ആലുവ പൊലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഓണത്തോടനുബന്ധിച്ച് ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി ഡി എസ് തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്.
പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി.
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂര്‍വം ഇടിപ്പിച്ചെന്നു പരാതി. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും പന്തളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കര്‍ഷകര്‍ക്കു നെല്ലിന്റെ വില കൊടുക്കണമെന്നു നിര്‍ദേശിച്ച നടന്‍ ജയസൂര്യ കേരളത്തെ ഇകഴ്ത്തി കാണിച്ചെന്ന് എഐവൈഎഫ്. സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാന്‍ സംഘ പരിവാര്‍ സിനിമ മേഖലയെ ഉപയോഗിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആരോപിച്ചു.
കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുതെന്നാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മറയും ഇല്ലാതെ ബിജെപിയുമായി കോണ്‍ഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രസംഗിച്ചു.
റബറിന്റെ സംഭരണ വില 250 ആകുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ചെറുപ്പക്കാര്‍ തൊഴില്‍തേടി വിദേശത്തേക്ക് പോകുകയാണെന്നും ആന്റണി പുതുപ്പള്ളിയില്‍ പ്രസംഗിക്കവേ പറഞ്ഞു.
പിണറായി വിജയന് പുതുപ്പള്ളിയില്‍ പ്രചാരണം നടത്താമെങ്കില്‍ തനിക്കും ആകാമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി. യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതു കൊലക്കേസ് പ്രതിയാണെന്ന ആക്ഷേപങ്ങളോടു പ്രതികരിക്കുകയായിരുന്നു നിഖില്‍ പൈലി. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാംപ്രതിക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനു വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നാണ് നിഖില്‍ പൈലിയുടെ വിശദീകരണം.
സീരിയല്‍-സിനിമ താരം അപര്‍ണ നായരുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആര്‍. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. ഭര്‍ത്താവ് സഞ്ജിതിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. സ്വകാര്യ ആശുപത്രിയിലെ ജോലി അപര്‍ണ ഒരു മാസം മുമ്പ് രാജി വച്ചിരുന്നു. അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു.
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് നടി നവ്യനായര്‍ ഇന്‍സ്റ്റഗ്രാമില്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലിരിക്കേ സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു നവ്യനായര്‍. പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക. പോരാട്ടങ്ങളുടെ മധ്യേ നൃത്തം ചെയ്യുക. നിങ്ങളുടെ ചോരയില്‍ ചവിട്ടി നൃത്തം ചെയ്യുക, എന്നാണ് വരികള്‍. ഒപ്പം താന്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും നവ്യ ചേര്‍ത്തിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ ജനുവരി 14 നും 24 നും ഇടയില്‍ നടക്കുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുന്ന ദിവസമായിരിക്കും പ്രതിഷ്ഠ നടത്തുക.
രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ എംപിയുമായ പ്രഭുനാഥ് സിംഗിന് ഇരട്ടക്കൊലക്കേസില്‍ സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 1995 ല്‍ തന്റെ താത്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്തതിനായിരുന്നു കൊലപാതകം. 2008 ല്‍ വിചാരണ കോടതി വെറുതെ വിട്ട ഉത്തരവ് പട്‌ന ഹൈക്കോടതി ശരിവച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളായ രാജേന്ദ്ര റായിയുടെ സഹോദരന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി ശിക്ഷ വിധിച്ചത്.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാനി യുവാവ് ഹൈദരാബാദില്‍ പൊലീസിന്റെ പിടിയിലായി. 24 വയസുകാരന്‍ ഫായിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാള്‍ പത്തു മാസമായി ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഹൈദരാബാദില്‍ താമസിക്കുകയായിരുന്നു.
കര്‍ണാടകയില്‍ മയക്കുവെടി വയ്ക്കാന്‍ എത്തിയ ആന വദഗ്ധനെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളുരുവിലായിരുന്നു സംഭവം. ‘ആനെ വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. മയക്കുവെടിയേറ്റ ആന പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു.
മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബോക്‌സിങ് താരം മേരി കോം കത്തയച്ചു. പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതു തടയണമെന്നാണ് ആവശ്യം.
പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യം വിജയിക്കണമെങ്കില്‍ ഗോമൂത്ര വിരുന്നുകള്‍ സംഘടിപ്പിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യണമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. സഖ്യമുണ്ടാക്കാന്‍ ഒന്നിച്ച പാര്‍ട്ടികളെല്ലാം ഹിന്ദു വിരുദ്ധരാണെന്നും ചക്രപാണി പറഞ്ഞു.
ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്‍. ജമ്മു കാഷ്മീരിലെ വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാര്‍ രജിസ്ട്രി വഴിയാണ് ഓഗസ്റ്റ് 25 ന് സ്ഥലമിടപാട് നടത്തിയത്. ഇദ്ദേഹം പറഞ്ഞു. ചന്ദ്രനില്‍ ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എര്‍ത്ത്‌സ് മൂണ്‍, ട്രാക്റ്റ് 55-പാഴ്‌സല്‍ 10772 ലാണ് സ്ഥവം വാങ്ങിയതെന്ന് രൂപേഷ് പറഞ്ഞു.
റഷ്യയുടെ ചാന്ദ്ര പര്യവേഷണ പേടകമായ ലൂണ 25 തകര്‍ന്നുവീണ് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. പത്തു മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണു രൂപപ്പെട്ടതെന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് നാസ അറിയിച്ചു. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയിരുന്ന ലൂണ കഴിഞ്ഞ മാസം 19 നാണു തകര്‍ന്നുവീണത്.
പ്രതികൂല കാലാവസ്ഥ മൂലം ചില വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകളാണ് രണ്ടു ദിവസത്തേക്കു റദ്ദാക്കിയത്.