വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം. ക്രിമിനല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടത്തിയതെന്ന് തിരുവനന്തപുരം സിജെഎം കോടതി വിമര്‍ശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് വിമര്‍ശനം. 27 വരെ അന്വേഷണവുമായി സഹകരിക്കണമെന്നും എല്ലാ ചൊവ്വ, ശനി ദിവസങ്ങളില്‍ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഒരുപോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിന്റെ പരിപാടിയില്‍ താന്‍ ഇസ്രയേലിനെ ന്യായീകരിച്ചിട്ടില്ലെന്നു ശശി തരൂര്‍ പ്രസംഗിച്ചു.
നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്റെ പിന്‍ചക്രങ്ങള്‍ മാനന്തവാടിയിലെ ഗ്രൗണ്ടില്‍ താഴ്ന്നു. എല്ലാവരും ഒത്തുപിടിച്ചാണ് ബസ് ഉയര്‍ത്തി ഓടാവുന്ന നിലയിലാക്കിയത്.
നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭ റദ്ദാക്കിയെങ്കിലും സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു പണം നല്‍കി. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നല്‍കണമെന്ന നിലപാടില്‍ സെക്രട്ടറി ഉറച്ചു നിന്നു.
കൊച്ചിയില്‍ ലഹരി റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന സംഘം എക്‌സൈസിന്റെ പിടിയില്‍. കാക്കനാട് സ്വദേശി ഒ എം സലാഹുദീന്‍, തൃത്താല സ്വദേശി അമീര്‍ അബ്ദുള്‍ ഖാദര്‍, വൈക്കം സ്വദേശി അര്‍ഫാസ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.
വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കോട്ടയം മുന്‍ ഡിവൈ.എസ്.പി ബിജു കെ സ്റ്റീഫനെതിരെയുള്ള നടപടികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവസാനിപ്പിച്ചു. തെളിവുകള്‍ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോള്‍ കുട്ടികള്‍ അഭിവാദ്യം ചെയ്താല്‍ എന്താണ് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുട്ടികളെ വെയിലത്തു നിര്‍ത്തണ്ടെന്നാണ് അഭിപ്രായം. കേസ് എടുത്തതിനെക്കുറിച്ച് ബാലാവകാശ കമീഷനോട് ചോദിക്കണം. ഗോവിന്ദന്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിന്റെ ജെസിബിയാണ് വാളയാര്‍ ടോള്‍ കടക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു വഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചിയില്‍ സിനിമ സെറ്റില്‍ നടന്‍ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന സിനിമയുടെ സെറ്റില്‍ സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാല്‍ മുട്ടിനു താഴെയാണ് പരിക്കേറ്റത്.
സന്നിധാനത്തേക്കു പോകവേ ആറു വയസുകാരിക്കു പാമ്പ് കടിയേറ്റ സാഹചര്യത്തില്‍ ശബരിമലയില്‍ പാമ്പു പിടുത്തക്കാരെ വിന്യസിക്കുമെന്ന് വനം വകുപ്പ്. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകള്‍ നിരഞ്ജന (6) നാണ് സ്വാമി അയ്യപ്പന്‍ റോഡ് ഒന്നാം വളവില്‍ പാമ്പുകടിയേറ്റത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശകുനമെന്നു പരാമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മറ്റന്നാള്‍ ആറു മണിക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് സ്‌റ്റേഡിയത്തില്‍ മോദി ദുശകുമനമായി എത്തിയതുകൊണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
പാപികള്‍ കളികാണാന്‍ എത്തിയതാണ് ഇന്ത്യയുടെ ക്രിക്കറ്റ് തോല്‍വിക്കു കാരണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകകപ്പ് ക്രിക്കറ്റ് തോല്‍വിയില്‍ മോദിയെ വിമര്‍ശിച്ചതിനു രാഹുല്‍ ഗാന്ധിക്കു നോട്ടീസ് ലഭിച്ചതിനു പിറകേയാണ് മമതയുടെ വിമര്‍ശനം.
അധ്യാപിക സ്‌കൂളില്‍ സിറ്റപ്പ് ചെയ്യിച്ച നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ജാജ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പത്തു വയസുകാരന്‍ രുദ്ര നാരായണ്‍ സേത്തിയാണ് മരിച്ചത്.
നടന്‍ പ്രകാശ് രാജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന പ്രകാശ് രാജിനോട് ഈഡിയുടെ ചെന്നൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒറ്റയ്ക്കുള്ള ആദ്യ പരിശീലന പറക്കലിനിടെ പൈലറ്റ് ട്രെയിനി റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി ടാക്‌സിവേയില്‍ വിമാനം ഇറക്കി. നാഗ്പൂരിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായതോടെയാണ് ടാക്‌സിവേയില്‍ വിമാനം ഇറക്കിയത്.
വിദ്യാര്‍ഥിനിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട ബാഡ്മിന്റണ്‍ പരിശീലകനെ വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സെന്‍ട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റണ്‍ പരിശീലകനായ സൗരിപാളയം സ്വദേശി ഡി അരുണ്‍ ബ്രണ്‍ (28) ആണ് അറസ്റ്റിലായത്.