night news hd 4

 

എഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തിയവര്‍ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുന്നത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനാണു തീരുമാനം.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോര്‍ട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒഴിഞ്ഞു പോകണമെന്ന സൈന്യത്തിന്റെ ഉത്തരവ് അനുസരിക്കാതിരുന്ന നാലു പേരെ ചുരാചന്ദ്പ്പൂരില്‍ പട്ടാളം വെടിവച്ചുകൊന്നു. സംഘര്‍ഷ മേഖലകളില്‍ സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്. നിരവധി പള്ളികളും വീടുകളും കത്തിച്ചു. അനേകം കുടുംബങ്ങള്‍ പലായനം ചെയ്തു.

ബ്രിട്ടനില്‍ പ്രൗഡോജ്വലമായ ചടങ്ങുകളോടെ ചാള്‍സ് മൂന്നാമന്‍ രാജാവായി അഭിഷിക്തനായി. വസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങില്‍ ലോകരാജ്യങ്ങളിലെ ഭരണ നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുത്തത്. കിരീടധാരണം പൂര്‍ത്തിയായി. 70 വര്‍ഷത്തിനു ശേഷമാണ് ബ്രിട്ടനില്‍ കിരീടധാരണം നടന്നത്.

മണിപ്പൂരിലെ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് നാളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപി രാജ്യത്തു വിദ്വേഷം ആളിക്കത്തിച്ച് വര്‍ഗീയ കലാപമുണ്ടാക്കുകയാണെന്നും സുധാകരന്‍.

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫന്‍സ് ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു. മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫണന്‍സ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും സ്ഥാപനങ്ങളും വീടുകളും അഗ്‌നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണെന്ന് മെത്രാന്‍ സമിതികള്‍ പറഞ്ഞു.

സര്‍ക്കാരിനു വികസനത്തില്‍ മാത്രമാണു താല്‍പര്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിച്ചമച്ചും കെട്ടിപ്പൊക്കിയും ഇറക്കിവിടുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളും അതിനു കൂട്ടുനില്‍ക്കുകയാണെന്നു കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുപ്പതു കോടി രൂപയുടെ സമ്മാനമുണ്ടെന്നു വാഗ്ദാനം ചെയ്ത് ചങ്ങനാശേരി ചെത്തിപ്പുഴയിലെ വീട്ടമ്മയില്‍നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി ഇസിചിക്കു എന്ന 26 കാരനെ പോലീസ് പിടികൂടി. ഫേസ് ബുക്കിലൂടെ സൗഹര്‍ദം സ്ഥാപിച്ചാണ് തട്ടിപ്പു നടത്തിയത്.

ദേശീയ പാതയോരത്ത് കിടന്നിരുന്ന ജലവിതരണ വകുപ്പിന്റെ 36 കൂറ്റന്‍ ശുദ്ധജല പൈപ്പുകള്‍ മോഷണം പോയി. കൊച്ചി- ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിനടിയില്‍നിന്നു നീക്കംചെയ്ത പൈപ്പുകളാണ് ലോറിയില്‍ ആക്രി വ്യാപാരികള്‍ തമിഴ്‌നാട്ടിലേക്കു കടത്തിയത്.

കാറിന്റെ സണ്‍റൂഫില്‍ മൂന്നു കുട്ടികളെ ഇരുത്തി അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡു ചെയ്തു. കാറിന്റെ ദൃശ്യങ്ങള്‍ പിറകിലെ വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.

പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് മഞ്ചേരി പട്ടയമേളയില്‍ പ്രസംഗിക്കവേ അന്‍വര്‍ ആവശ്യപ്പെട്ടു.

ബസില്‍ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് പോക്സോ ആക്ടനുസരിച്ചഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ച് കോടതി. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരനുമായ പരംജിത് സിംഗ് പഞ്ചാര്‍ എന്ന മാലിക് സര്‍ദാര്‍ സിംഗിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ലാഹോറിലെ ജോഹര്‍ ടൗണിലാണ് അംഗരക്ഷകരുടെ രക്ഷാവലയത്തെ തകര്‍ത്ത് വെടിവച്ചുകൊന്നത്.

സുഡാനില്‍നിന്ന് സൗദി അറേബ്യ രക്ഷപ്പെടുത്തിയത് 7,839 പേരെ. ഇതില്‍ 247 പേര്‍ സ്വദേശികളും 7,592 പേര്‍ 110 രാജ്യങ്ങളില്‍നിന്നുള്ള വിദേശികളുമാണ്. വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനയനുസരിച്ചാണ് സ്വന്തം കപ്പലുകളും വിമാനങ്ങളും അയച്ച് സൗദി അറേബ്യ ഇത്രയും പേരെ സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *