night news hd 7

 

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ സമീപിക്കാന്‍ അവസരമുണ്ടാകും. ഇതിനായി സര്‍വകലാശാല നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. കോട്ടയം അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ കോളജുകളിലും സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നത്.

പരീക്ഷ എഴുതാതെ ജയിച്ചത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആര്‍ഷോയുടെ പേര് എങ്ങിനെ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ വന്നെന്നു പരിശോധിക്കണം. അയാള്‍ക്ക് പങ്കില്ലാത്ത കാര്യത്തില്‍ അയാളെ പ്രതിക്കൂട്ടിലാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വിദ്യ എന്ന ഉദ്യോഗാര്‍ത്ഥിയുടെ വ്യാജരേഖ കേസില്‍ കോളേജോ പ്രിന്‍സിപ്പലോ കുറ്റക്കാരല്ല. വിദ്യയാണ് തെറ്റു ചെയ്തത്. മന്ത്രി വ്യക്തമാക്കി.

വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കാലടി സര്‍വകലാശാല മുന്‍ വിസി ധര്‍മ്മരാജ് അടാട്ട്. ജനറല്‍ അഡ്മിഷന്‍ ചട്ടം പിഎച്ച്ഡി അഡ്മിഷനും ബാധകമാണെന്നാണു ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പ്രവൃത്തിപരിചയരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജ് പൊലീസില്‍ പരാതി നല്‍കും.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിനു മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു പോലീസെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറ്റപത്രം തയാര്‍. കുറ്റപത്രം നിയമോപദേശത്തിനനു നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് പ്രതികള്‍.

വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൈയേറ്റം ചെയ്‌തെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയില്‍ കഴമ്പില്ലെന്നു പറഞ്ഞ് പോലീസ് അന്വേഷണം അവസാനിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയവരെ തള്ളി താഴെയിട്ടെന്ന പരാതിയിലാണു കഴമ്പിലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്.

കെ – ഫോണ്‍ പദ്ധതിയില്‍ അക്കൗണ്ടന്റ് ജനറല്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കേ, കമ്പനികള്‍ക്ക് അധികമായി നല്‍കിയ തുക സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ കെ – ഫോണ്‍ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തല്‍. ചൈനയില്‍നിന്നുള്ള കേബിളുകളാണ് ഉപയോഗിച്ചതെന്ന കണ്ടെത്തല്‍ ഗുരുതരമാണ്. ചെന്നിത്തല പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധ സമരം നടന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു.

അമല്‍ ജ്യോതി കോളജ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടേതെന്ന് കോട്ടയം എസ്പി ചൂണ്ടിക്കാണിക്കുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരന്‍. ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നു പറയുന്ന കുറിപ്പുണ്ടെന്നു പറയുന്നത് കോളജിനെ സഹായിക്കാനാണെന്നും വീട്ടുകാര്‍.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗിയെ പീഡിപ്പിച്ചെന്ന പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയില്‍ സമ്മര്‍ദം ചെലുത്തിയതിന് സസ്‌പെന്‍ഷനിലായ അഞ്ചു പേരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. മല്ലികാ ഗോപിനാഥ്.

പെറ്റി കേസെടുത്തു തീര്‍പ്പാക്കേണ്ട കേസുകളില്‍ വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യരുതെന്ന് പോലീസിനു ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതുമൂലം യുവാവിന് പി.എസ്.സി. പരീക്ഷയെഴുതാന്‍ സാധിച്ചില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനു വീഴ്ച സംഭവിച്ചെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

തിരുവനന്തപുരം എസ് എം വി ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ മിക്‌സഡ് സ്‌കൂളാക്കി. ഇതോടെ പെണ്‍കുട്ടികള്‍ക്കും സ്‌കൂളില്‍ പ്രവേശനം ലഭിക്കും.

പ്രവാസി വ്യവസായിയില്‍നിന്നു 108 കോടി രൂപ തട്ടിയെടുത്ത മരുമകന്‍ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി ആലുവ സ്വദേശിയായ അബ്ദുള്‍ ലാഹിറില്‍ നിന്ന് പലപ്പോഴായി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരില്‍ വ്യാജ രേഖകള്‍ നല്‍കി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്.

തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. മോസ്‌കോ പാലത്തിനു സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്.

ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി ജോയി (31) ആണ് മരിച്ചത്. നെടുമങ്ങാട് – വെമ്പായം റോഡില്‍ ഇരിഞ്ചയത്ത് ടിപ്പര്‍ ലോറിയില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി ടിപ്പറിനടിയിലേക്കു വീഴുകയായിരുന്നു.

പന്ത്രണ്ടു വര്‍ഷം മുന്‍പ് കാണാതായ തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമില കൊല്ലപ്പെട്ടതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന തുടങ്ങിയത്. മലപ്പുറത്ത് ഹോം നേഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് ശ്യാമിലയെ കാണാതായത്.

വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ തിരുനെല്‍വേലി പോലീസ് പിടികൂടി. സിനിമാ സ്‌റ്റൈലിലുള്ള ചെയ്‌സിനൊടുവിലാണ് ചാലക്കുടി സ്വദേശികളായ പ്രതികളെ പിടികൂടിയത്. ഫെബിന്‍ സാജു (26), എഡ്വിന്‍ തോമസ് എന്നിവരെയാണ് പിടികൂടിയത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച യുവാക്കളുടെ വാഹനം റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നതോടെയാണ് പിടികൂടാനായത്.

മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റാഗിങിന് ഇരയായെന്നാണ് പ്ലസ് ടു വിദ്യാര്‍ഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവര്‍ പറയുന്നത്.

അഞ്ചു വര്‍ഷത്തിനകം ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം ഏഴര ലക്ഷം കോടി രൂപയുടേതാണെന്നും നാലര കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജ് നല്‍കുന്നതോടെ ബി.എസ്.എല്‍.എല്ലിന്റെ മൂലധനം ഒന്നര ലക്ഷം കോടി രൂപയില്‍നിന്ന് 2.10 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

രണ്ടായിരം രൂപ നോട്ടുകളില്‍ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് 20 ദിവസത്തിനകമാണ് 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്.

കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്കു പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.സിദ്ധി ജില്ലയിലെ ബാരം ബാബ ഗ്രാമപഞ്ചായത്തിനു സമീപമാണ് അപകടമുണ്ടായത്.

ഇറ്റലിയില്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടി ചരിത്രത്തില്‍ ഇടം നേടി ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്താണു മുലയൂട്ടിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇറ്റലിയില്‍ ജോര്‍ജിയ മെലോനി ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലേറ്റത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *