night news hd 5

 

കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്. കണ്ണൂര്‍ സര്‍വലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

സംസ്ഥാനത്തു മഴക്കെടുതിയില്‍ മൂന്നു മരണംകൂടി. ചങ്ങനാശേരിയിലും തിരുവനന്തപുരം ആര്യനാട്ടും കുളത്തില്‍ മുങ്ങി മരിച്ചതാണെങ്കില്‍ പാറശാലയില്‍ മരക്കൊമ്പു വെട്ടുന്നതിനിടെ തെന്നിവീണാണു മരണം. വയനാട്ടില്‍ കിണറിടിഞ്ഞുണ്ടായ കുഴിയില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകി. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍. അനേകം വീടുകളില്‍ വെള്ളം കയറി. മരങ്ങള്‍ വീണ് വന്‍ നാശം. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും.

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ തെന്നിവീണ് ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രന്‍ മരിച്ചു.

വയനാട്ടില്‍ കിണറിടിഞ്ഞുണ്ടായ കുഴിയില്‍ വീണ വിദ്യാര്‍ത്ഥിനിയെ അയല്‍വാസി രക്ഷിച്ചു. കമ്പളക്കാട് അരിവാരം പതിനൊന്നാം വാര്‍ഡിലെ പഞ്ചായത്ത് കിണറിന്റെ പ്ലാറ്റ് ഫോമാണ് ഇടിഞ്ഞത്. പഞ്ചായത്ത് കിണറിനരികില്‍ താമസിക്കുന്ന സജീവനും കുടുംബവും ചേര്‍ന്ന് കിണറിലെ മോട്ടോര്‍ നന്നാക്കുന്നതിനിടയിലാണ് ഇടിഞ്ഞുവീണ് മകള്‍ അനന്യ കുഴിയിലേക്കു വീണത്.

നിലമ്പൂര്‍ അമരമ്പലത്ത് ഇന്നലെ പുലര്‍ച്ചെ പുഴയില്‍ പോയ മുത്തശ്ശിയെയും 12 കാരിയെയും കണ്ടെത്താനായില്ല. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്.

മഴ ശക്തമായി തുടരുന്നതിനാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേരെ വീടുകളില്‍ നിന്നു ഒഴിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലെ ഹോച്ചുമിനിലേക്ക് നേരിട്ട് ഓഗസ്റ്റ് 12 നു വിമാന സര്‍വീസ് തുടങ്ങുന്നു. വിയറ്റ്‌ജെറ്റ് വിമാനക്കമ്പനിയാണ് സര്‍വീസ് ആരംഭിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തിരൂരിലെ വസതിയിലായിരുന്നു അന്ത്യം. 1928 ല്‍ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂര്‍ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധന്‍ ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്. സംസ്‌കാരം നാളെ.

തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്തുനിന്നാണ് കുരങ്ങിനെ കിട്ടിയത്. രണ്ടാഴ്ചയായി ഹനുമാന്‍ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചത് പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിലാണെന്ന് വ്യാഖ്യാനിച്ചത് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

ചെര്‍പ്പുളശ്ശേരി തൂത ക്ഷേത്രത്തില്‍ പതിനേഴുകാരിയെ 32 കാരന്‍ കല്യാണം കഴിച്ച ബാലവിവാഹ കേസില്‍ ക്ഷേത്രം ക്ലര്‍ക്ക് രാമകൃഷ്ണനെ മലബാര്‍ ദേവസ്വം സസ്‌പെന്റ് ചെയ്തു. വധു വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് നടപടി.

അജിത് പവാര്‍ അടക്കം ലോക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ മന്ത്രിമാരായ എന്‍സിപിയിലെ ഒമ്പത് എംഎല്‍എമാരെ ശരത് പവാര്‍ പുറത്താക്കി. ശരത് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 27 സംസ്ഥാന സമിതി അധ്യക്ഷന്മാര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ കനയ്യകുമാറിനെ എന്‍എസ്‌യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമിച്ചു. കനയ്യകുമാര്‍ സിപിഐയില്‍നിന്നു രാജിവച്ചാണ് കോണ്‍ഗസിലെത്തിയത്.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടതനുസരിച്ച് പിഎസ് എസിയില്‍ നിയമനിര്‍മ്മാണം നടത്താനും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. ഹൈക്കമാന്‍ഡിന്റെകൂടി നിര്‍ദേശമനുസരിച്ചാണ് താത്കാലിക ഒത്തുതീര്‍പ്പുണ്ടാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നേറുമെന്ന് സച്ചിന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ധാരണ എന്തെന്നു വെളിപെടുത്തിയിട്ടില്ല.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ഏക എംപിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ മകനുമായ തേനി എംപി പി രവീന്ദ്രനാഥിന്റെ ജയം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് ആരോപിച്ച് മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി.

വ്യാജ രജിസ്‌ട്രേഷന്‍ തടയുന്നതിനു രാജ്യവ്യാപകമായി രണ്ടു മാസമായി നടത്തിയ പരിശോധനയില്‍ 4,900 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ കണ്ടെത്തി റദ്ദാക്കി. കൂടാതെ 15,000 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

കോടതിക്കു മുന്നില്‍ വിചാരണ കേസ് പ്രതിയെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലാ കോടതിക്കു മുന്നിലാണ് സംഭവം. ചെന്നൈ താംബരം സ്വദേശി ലോകേഷിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണക്കെത്തിയതായിരുന്നു ലോകേഷ്. അക്രമത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

ഓസ്‌ട്രേലിയയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. 21 കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജാസ്മിന്‍ കൗറിനെയാണ് ഇന്ത്യക്കാരന്‍ കൊലപ്പെടുത്തിയത്. താരിക്‌ജോത് സിംഗ് എന്ന ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റു ചെയ്തു.

നേപ്പാളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വ്യവസായിയുടെ സഹായത്തോടെയാണ് പ്രധാനമന്ത്രിയായതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വെളിപെടുത്തല്‍ വിവാദമായി. പുസ്തക പ്രകാശനത്തിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *