night news hd 2

 

മഹാരാഷ്ട്രയില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന എംപി അമോല്‍ കോല്‍ഹെ ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയും പാര്‍ട്ടിയിില്‍നിന്നു പുറത്താക്കിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ സുനില്‍ തത്കരെയെ എന്‍സിപി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഔദ്യോഗിക എന്‍സിപി തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനും സ്പീക്കര്‍ക്കും കത്തു നല്‍കാനാണ് അവരുടെ തീരുമാനം. ഇതേസമയം, അജിത് പവാര്‍ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പതു പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശരത് പവാര്‍ കത്തു നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴ തുടരുന്നതിനാല്‍ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ദിവസം സംസ്ഥാനത്തു കനത്ത മഴക്കു സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നി ഏഴു ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിനെതിരേ സമര പരിപാടികള്‍ ആലോചിക്കാന്‍ കെപിസിസി നേതൃയോഗം ബുധനാഴ്ച. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ആറു തവണയെങ്കിലും സിപിഎം തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വധശ്രമ കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതമൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നുവെന്നും കെ സുധാകരന്‍ ആരോപിച്ചു.

കൈതോലപ്പായയില്‍ രണ്ടു കോടി രൂപ കടത്തിയെന്ന ആരോപണത്തെക്കുറിച്ചു മൊഴിയും തെളിവും ആവശ്യപ്പെട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരനു നാളെ ഹാജരാകണമെന്നു പൊലീസ്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഹാജരാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു ശക്തിധരന്‍ പ്രതികരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കു ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി. വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വൃക്കയുമായി ഓടിയത് വിവാദമായിരുന്നു.

കാസര്‍കോട് അംഗടിമുഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്തു മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. യൂസഫ്- ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്.

ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തില്‍ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തര്‍ എയര്‍വേയ്‌സിനെതിരെയാണ് വിധി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിഭാഷകനായിരിക്കേ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. 2018 ല്‍ നെടുമ്പാശേരിയില്‍നിന്ന് സ്‌കോട്‌ലാന്‍ഡിലേക്കു പോകാനാണു ടിക്കറ്റെടുത്തിരുന്നത്.

ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ വനിതകള്‍ തുഴഞ്ഞ തെക്കന്‍ ഓടിവള്ളം മറിഞ്ഞു. മുപ്പതു സിഡിഎസ് അംഗങ്ങള്‍ തുഴഞ്ഞ വള്ളമാണ് മുങ്ങിയത്. എല്ലാവരേയും രക്ഷപ്പെടുത്തി.

മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന അഷ്ടപദി വീട്ടില്‍ എസ് മനോജിനെയാണ് (48) അറസ്റ്റു ചെയ്തത്.

കോഴിക്കോട് ഫറോക് പാലത്തില്‍നിന്നു പുഴയില്‍ ചാടിയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്‍ (31)ആണ് മരിച്ചത്. ഭാര്യ വര്‍ഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.

കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സഹോദരന്‍ തീ കൊളുത്തിയ അനുജന്റെ ഭാര്യ സുബിന മരിച്ചു. സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്തിരുന്നു.

ഒന്നിച്ചു താമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ പേഴ്‌സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എക്‌സൈസിനെക്കൊണ്ടു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയന്‍ ആണ് സുഹൃത്ത് മഞ്ജുവിന്റെ പേഴ്‌സില്‍ എംഡിഎംഎ ഒളിപ്പിച്ച് പിടിയിലായത്. ഭര്‍ത്താവും മക്കളുമായി അകന്നു കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്ജു രണ്ടു മാസമായി ഇടുക്കി കണ്ണംപടി സ്വദേശി ജയനുമൊത്താണു താമസിച്ചിരുന്നത്.

ഡല്‍ഹി മദ്യനയ അഴിമതി സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂട്ടുപ്രതികളായ നാലു പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 11 ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ചേരുമെന്ന് ജിഎസ്ടി കൗണ്‍സില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകും. സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കല്‍, തീര്‍പ്പുകല്‍പ്പിക്കാത്ത ഇനങ്ങളുടെ വിപരീത ഡ്യൂട്ടി തിരുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യും.

മഹാരാഷ്ട്രയിലെ എന്‍സിപി അട്ടിമറിക്കു സമാനമായ അട്ടിമറി ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയിലും ഉണ്ടാകുമെന്ന് എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭര്‍. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദിയുടെ അധ്യക്ഷനായ അഖിലേഷ് യാദവിനെ നേതാക്കളും പ്രവര്‍ത്തകരും വെറുത്തുതുടങ്ങിയതിനാല്‍ ബി ജെ പിയിലേക്ക് കൂറുമാറ്റം ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.

മഹാരാഷ്ട്രയില്‍ എന്‍സിപിയിലുണ്ടായ രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശരദ് പവാറുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു.

ഈ മാസം 13, 14 തീയതികളിലായി ബെഗളൂരുവില്‍ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ജൂലൈ 17, 18 തീയതികളിലേക്കു മാറ്റി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കിലോയ്ക്കു 150 രൂപയായ തക്കാളി തമിഴ്‌നാട്ടിലെ റേഷന്‍ കടകളിലൂടെ നാളെ മുതല്‍ 60 രൂപയ്ക്കു വില്‍ക്കും. സഹകരണ മന്ത്രി കെ.ആര്‍. പെരിയക്കുറുപ്പാണ് പ്രഖ്യാപനം നടത്തിയത്.

മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാനുമായ അനില്‍ അംബാനിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ ചോദ്യം ചെയ്തു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടനുസരിച്ച് അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്താനാണ് മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കു വിളിച്ചുവരുത്തിയത്.

നൂറു കോടി രൂപയുടെ മുഴുവന്‍ വായ്പയും തിരിച്ചടച്ചെന്ന് സ്‌പൈസ് ജെറ്റ്. സിറ്റി യൂണിയന്‍ ബാങ്കില്‍നിന്നു കടമെടുത്ത വായ്പയുടെ അവസാന ഗഡുവായ 25 കോടി രൂപ ഇക്കഴിഞ്ഞ 30 ന് അടച്ചതായി സ്പൈസ്ജെറ്റ് അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *