അറബിക്കടലില്‍ കവര്‍ച്ചാസംഘം റാഞ്ചിയ ചരക്കു കപ്പലിനരികില്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ എത്തി. ഐഎന്‍എസ് ചെന്നൈ കപ്പലില്‍നിന്ന് അയച്ച ഹെലികോപ്റ്റര്‍ റാഞ്ചിയ കപ്പലിനു മുകളിലൂടെ പറന്ന് റാഞ്ചികളോടു കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. സൊമാലിയ തീരത്തിനടുത്താണ് ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പല്‍ റാഞ്ചിയത്. കപ്പലിലെ ഇന്ത്യാക്കാരായ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നാവികസേന.
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്. നാളെ വൈകുന്നേരം നാലു മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്കു കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആദിത്യ ലാഗ്രാഞ്ച് പോയിന്റ് ഒന്നിനു ചുറ്റുമുള്ള ഒരു ‘ഹാലോ ഓര്‍ബിറ്റി’ലേക്കാണ് അദിത്യ എത്തുന്നത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. സന്തുലിത ഗുരുത്വാകര്‍ഷണ ബലമുള്ള മേഖലയായതിനാല്‍ ബഹിരാകാശ പേടകത്തിന് എളുപ്പത്തില്‍ സൂര്യനെക്കുറിച്ചു പഠനങ്ങള്‍ നടത്താനാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. സ്വര്‍ണക്കടത്തിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. കേസ് പൊള്ളയായതുകൊണ്ടാണ് ആളെ പറ്റിക്കുന്ന പൈങ്കിളി കഥയുമായി ബിജെപിയും പ്രധാനമന്ത്രിയും ഇറങ്ങിയിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരേ തെളിവില്ലെന്ന് പൊലീസ് തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയില്‍ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകാലശാലയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്‍സില്‍ ജലീല്‍ പ്രതികരിച്ചു.
സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസ്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരേ വനിത അവകാശ പ്രവര്‍ത്തക വി.പി സുഹറ നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി വിശദീകരിച്ചു.
കാസര്‍കോടു നടന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ പരിഹാസ പോര്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പ്രചാരണമാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഫണ്ട് ജനങ്ങളുടെ പണമാണെന്നും ആരുടെയും ഔദാര്യമല്ലെന്നായിരുന്നു റിയാസിന്റെ മറുപടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്ത്
ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതി നിലനില്‍ക്കില്ലെന്ന് ഉത്തരവിടാന്‍ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആര്‍ എസ് ശശികുമാറിന്റെ പരാതി.
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍ എ കോടതി തള്ളി. രണ്ടാം തവണയാണ് ജാമ്യ ഹര്‍ജി തള്ളുന്നത്.
നവകേരള സദസില്‍ മുഖ്യമന്ത്രിയുടെ യോഗത്തിലേക്കു പോയതു ചായ കുടിക്കാനല്ലെന്നും റബറിനു 250 രൂപയെങ്കിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാനായിരുന്നെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകര്‍ക്കു മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് എന്തു ഗ്യാരന്റിയാണ് നല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. റബര്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. ജോസ് കെ മാണി കുറ്റപ്പെടുത്തി.
തിരുവില്വാമല സര്‍ക്കാര്‍ ജിഎല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കുട്ടികള്‍ ഇരുന്നതിന്റെ മറുഭാഗത്താണ് മേല്‍ക്കൂര വീണത്. അതിനാല്‍ പ്രീ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
എസ്‌ഐ വീഴ്ചവരുത്തിയെന്ന എം വിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ അന്വേഷണം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കും.
മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയിലെ മൈക്ക് തകരാറായതു സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. അതൊന്നും വലിയ പ്രശ്‌നമല്ല. സംഘാടക സമിതിയില്‍ ഇല്ലാത്ത കുറച്ചു പേര്‍ വന്ന് നടത്തിപ്പുകാരായി ചമയുന്നതാണ് പ്രശ്‌നമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് നീക്കിയത് ബിജെപിയില്‍ ചേര്‍ന്നതു കൊണ്ടല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. മറ്റു ചില പരാതികളില്‍ അന്വേഷണം നടത്തുന്നതിനാലാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടാനും സഭ തീരുമാനിച്ചു.
ചെമ്മീന്‍ നോവല്‍ ജപ്പാന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രശസ്തയായ ജപ്പാന്‍ സ്വദേശിനി തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനന്‍മാവിലെ വീട്ടിലായിരുന്നു അന്ത്യം. ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വര്‍ഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.
കര്‍ണാടക കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിച്ചു. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഡി കെ ശിവകുമാറിനെതിരെ 2020 ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്.
കൊല്‍ക്കത്തയിലെ പ്രശ്‌സതമായ ഇന്ത്യന്‍ മ്യൂസിയത്തിനു ബോംബ് ഭീഷണി. ഇ-മെയില്‍ സന്ദേശം ലഭിച്ചതോടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. ജീവനക്കാരെയെല്ലാം പുറത്താക്കി പരിശോധന നടത്തി.