തിരുവനന്തപുരത്തും മലപ്പുറത്തുമായി യുവാക്കളും സഹോദരങ്ങളായ കൗമാരക്കാരും അടക്കം അഞ്ചു പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ വവ്വാ മൂലയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണു മുങ്ങി മരിച്ചത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും വെട്ടുകാട് സ്വദേശികളുമായ മുകുന്ദനുണ്ണി (19) ഫെര്‍ഡിന്‍ (19) ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം നിലമ്പൂരില്‍ അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടമുണ്ടായത്.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഒരുക്കിയ ചായസത്ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. റിപ്പബ്‌ളിക് ദിന പരിപാടിയിലും ഗവര്‍ണറും മുഖ്യമന്ത്രിയും മുഖത്തോട് മുഖം പോലും നോക്കാതെയാണ് പങ്കെടുത്തത്.
നയപ്രഖ്യാപന പ്രസംഗം വായിക്കാതെ റിപ്പബ്‌ളിക് ദിന പ്രസംഗം നടത്തിയ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണറുടെ നിലപാട് ഭരണഘടനാരീതിക്കു ചേര്‍ന്നതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനെ തെരഞ്ഞെടുത്തു.
മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവ് പ്രാര്‍ഥനാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ആഴങ്കല്‍മേലെ പുത്തന്‍വീട്ടില്‍ ശ്യാം കൃഷ്ണ(35)യെ ആണ് തിരുവനന്തപുരം കല്ലാമം ഷാലോം ചര്‍ച്ച് പ്രയര്‍ ഹാളില്‍ തൂങ്ങി മരിച്ചത്. ഏതാനും ദിവസം മുമ്പ് ശ്യാം കൃഷ്ണയെ ബന്ധുക്കളാണ് ഇവിടെ കൊണ്ടുവന്നത്.
വയനാട് വൈത്തിരിക്കടുത്ത പൊഴുതനയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരന്‍ (58) ആണ് അറസ്റ്റിലായത്.
ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് മരിച്ചത്. സ്‌കൂളിന്റെ പ്രിന്‍സിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാന്‍ അടക്കമുള്ളവര്‍ക്കെതിരേയാണു കേസ്.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രതിരോധ വ്യാവസായിക മേഖലയില്‍ കൂടുതല്‍ കൈക്കോര്‍ക്കാന്‍ ധാരണയായത്. ബഹിരാകശ പദ്ധതികളിലും ഗവേഷണത്തിലും സഹകരണം ശക്തമാക്കും.
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ജെഡിയു. അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി. രാജ്ഭവനിലെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് രാജ്ഭവനിലെത്തിയത്.
ചാള്‍സ് മൂന്നാമന്‍ രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയക്കാണ് ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദമ്മാം തുറമുഖത്തെയും ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് തുടങ്ങി. ദമ്മാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തെയും ഗള്‍ഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പര്‍ ഗള്‍ഫ് എക്‌സ്പ്രസ് എന്ന പേരിലാണ് ഖത്തര്‍ നാവിഗേഷന്‍ കമ്പനി പുതിയ ഷിപ്പിങ് സര്‍വീസ് ആരംഭിച്ചത്.