night news hd 8

 

വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് എന്‍എ മുഹമ്മദ് കുട്ടി. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി അജിത് പവാര്‍ പക്ഷത്തെ ഔദ്യോഗിക എന്‍സിപിയായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കേയാണ് ഈ നീക്കം. കേരള നിയമസഭയിലെ എന്‍സിപി എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തു നല്‍കുമെന്നും മുഹമ്മദ്കുട്ടി പറഞ്ഞു. അയോഗ്യരാക്കാന്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതിനാല്‍ കേരളത്തിലെ എന്‍സിപിക്ക് മഹാരാഷ്ട്രയിലെ എന്‍സിപിയുമായി ഒരു ബന്ധവുമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നാഗാലാന്‍ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ബാധകമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ സീറ്റു ധാരണയായി. സിപിഎം 15 സീറ്റില്‍ മല്‍സരിക്കും. സിപിഐക്കു നാലു സീറ്റു നല്‍കും. കോട്ടയം മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കും. കഴിഞ്ഞ തവണ 20 സീറ്റില്‍ ആലപ്പുഴ മാത്രമാണ് എല്‍ഡിഎഫിനു ജയിക്കാനായത്.

സപ്ലൈകോയില്‍ കിലോയ്ക്ക് 24 രൂപയ്ക്കു വില്‍ക്കുന്ന അരിയാണ് കേന്ദ്ര സര്‍ക്കാര്‍ 29 രൂപയ്ക്കു വില്‍ക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. തൃശൂര്‍ ഇപ്പോഴിങ്ങെടുക്കാമെന്നു സ്വപ്‌നം കണ്ടുകൊണ്ടാണ് തൃശൂരില്‍ അരിക്കച്ചവടം നടത്തുന്നതെന്നും അനില്‍.

മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്ന തട്ടിപ്പ് കേരളത്തില്‍ മാത്രമേ കാണാനാകൂവെന്ന് സുപ്രീം കോടതി. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. തങ്ങള്‍ ക്വോട്ടു ചെയ്തതിനേക്കാള്‍ ഒരു കോടി 65 ലക്ഷം രൂപയുടെ അധികത്തുകയ്ക്കു ക്വോട്ട് ചെയ്ത ഊരാളുങ്കലിനു കരാര്‍ നല്‍കിയതു ചോദ്യം ചെയ്ത് നിര്‍മാണ്‍ കണ്‍സ്ട്രക് ഷന്‍സ് ഉടമ മുഹമ്മദ് അലിയാണ് കോടതിയെ സമീപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറി വി. വേണു ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം.

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ സൗകര്യം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഉല്‍സവകാലത്ത് സാമ്പത്തിക ലാഭത്തിനായി ഇടനിലക്കാരാണ് കൊണ്ടുനടക്കുന്നതെന്നും പാപ്പാന്മാരുടെ പീഡനം തടയാന്‍ സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരായ കേരളത്തിന്റെ സമരം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കായിപ്പോയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങള്‍ കേട്ട എംപിമാര്‍ക്ക് ഉത്തരംമുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണു വാദമെങ്കില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കട്ടെ. എളമരം കരീം രാജ്യസഭയില്‍ ഗുജറാത്തിനെപ്പറ്റിയാണു ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ബി എ ആളൂരിനെതിരെ എറണാകുളം സ്വദേശിനി സാമ്പത്തിക തട്ടിപ്പിനു പുതിയ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിറകേയാണു പുതിയ പരാതി. ബിസിനസ് കണ്‍സള്‍ട്ടേഷനു നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ചു തന്നില്ലെന്നാണ് പരാതി.

ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവും പ്രൈവറ്റ് സെക്രട്ടറി എസ് അനിലും ഉപയോഗിച്ചിരുന്ന മുപ്പതിനായിരത്തിലേറെ രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ഇരുവര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിയുടെ ഫോണിന് 3,600 രൂ ഈടാക്കിയും പിഎസ് അനിലിന്റെ ഫോണിന് 2,800 രൂപ ഈടാക്കിയും ഫോണ്‍ വിട്ടുകൊടുക്കാമെന്നാണു സര്‍ക്കാര്‍ തിരൂമാനിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, രാജ്യത്ത് 96.88 കോടി വോട്ടര്‍മാര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതല്‍. തെരഞ്ഞെടുപ്പ കമ്മീഷനാണ് ഈ വിവരം പുറത്തുവിട്ടത്. പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരുണ്ട്.

പിഎസ്‌സി പരീക്ഷക്ക് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

ഇടുക്കി ഉടുമ്പന്‍ചോലയിലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. അയല്‍വാസിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ അബൂബക്കറിനെ (62) ആണ് അറസ്റ്റു ചെയ്തത്.

യുഎസ് സംസ്ഥാനമായ അലബാമയില്‍ ജാസ്പറിലെ ഒരു റേഡിയോ സ്റ്റേഷന്റെ 200 അടി ഉയരമുള്ള റേഡിയോ ടവറും ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങളും മോഷണം പോയി. റേഡിയോ സ്റ്റേഷന്റെ ഏറ്റവും പ്രധാന ഉപകരണങ്ങള്‍ മോഷണം പോയതോടെ റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *