കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിഷേധ സമരം നാളെ. ജന്തര്‍ മന്ദറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രസംഗിക്കും. ആംആദ്മി പാര്‍ട്ടി നേതാക്കളായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത മാന്‍ എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന്റെ സമരത്തെ പിന്തുണയ്ക്കുന്നതായി ഇന്നു ജന്തര്‍ മന്ദറില്‍ കേന്ദ്രത്തിനെതിരേ സമരം നയിച്ച കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
കേരളത്തിന്റെ അതിജീവനത്തിനുവേണ്ടിയാണ് ഡല്‍ഹിയില്‍ വന്നു സമരം നടത്തുന്നതെന്നും ആരേയും തോല്‍പ്പിക്കാനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനു ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നത് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതു തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. നോട്ടീസ് തരാതെയാണ് പരിശോധനയെന്ന് കെഎസ്‌ഐഡിസി ചൂണ്ടിക്കാട്ടി. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എങ്കില്‍ പരിശോധന നടക്കട്ടെയെന്നു കോടതിയും നിലപാടെടുത്തു. കേസ് 12 ന് വീണ്ടും പരിഗണിക്കും.
കിഫ്ബി മസാല ബോണ്ട് കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസകിനോടു മൊഴി നല്‍കാന്‍ ചൊവ്വാഴ്ച ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസിനെതിരേ തോമസ് ഐസകിന്റെ ഹര്‍ജിയില്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റിനു നോട്ടീസ് അയച്ചിരിക്കേയാണ് നടപടി.
നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകര്‍പ്പ് കെമാറിയില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
റെയില്‍വേ പോലീസ് കഞ്ചാവുമായി പിടികൂടി എക്‌സൈസിനു കൈമാറിയ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി. കൊല്ലം ഇരവിപുരം സ്വദേശി സെയ്ദലി (22), തട്ടമല സ്വദേശി യാസീന്‍ (21) എന്നിവരാണു മുങ്ങിയത്. മൂന്നേകാല്‍ കിലോ കഞ്ചാവുമായാണ് ഇവരെ എക്‌സൈസിനു കൈമാറിയിരുന്നത്.
തൃശൂര്‍ റൂറല്‍ പൊലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി റൂറല്‍ എസ്പി നവനീത് ശര്‍മയുടെ ഉത്തരവ്. അവധിയുടെ കാരണം സത്യമാണോ എന്നറിയാന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്എച്ച്ഒമാരുടെ ശുപാര്‍ശ ഇല്ലാതെ മെഡിക്കല്‍ അവധി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.
പങ്കാളി മനുവിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഹാജരാക്കണമെന്നു ഹൈക്കോടതി. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായവും നാളെ അറിയിക്കണം. ഇതിനുശേഷം മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
തൃശൂര്‍ ചേലക്കരയില്‍ തുറന്നു കിടന്ന ഓടയില്‍ ബൈക്ക് വീണ് യുവാവ് മരിച്ചു. വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിര്‍(22) ആണ് മരിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ വളവില്‍ രാത്രിയിലാണ് അപകടമുണ്ടായത്.
കേന്ദ്രത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി. ബജറ്റ് സമ്മേളനത്തിനു രാജ്യസഭയിലെ മറുപടി പ്രസംഗത്തിലാണ് ‘മോദി 3.0 ഉറപ്പ്’ എന്ന മുദ്രാവാക്യവുമായി ആത്മവിശ്വാസം പ്രകടപ്പിച്ചത്. താന്‍ നയിച്ച ബി ജെ പി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണം രാജ്യത്തിന് വളരെയധികം ഗുണമായെന്നും വിവിധ മേഖലകളില്‍ രാജ്യം മുന്നേറിയെന്നും മോദി അവകാശപ്പെട്ടു. അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ ഓടും. അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നാല്പത് സീറ്റെങ്കിലും നേടുമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി പരിഹസിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികള്‍ക്ക് സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു.
ഇന്ത്യയില്‍ വിദേശ സര്‍വകലാശാല ക്യാമ്പസ് ആരംഭിക്കാന്‍ ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കണ്‍ സര്‍വകലാശാലയാണ് ഹൈദരാബാദില്‍ ക്യാമ്പസ് തുറക്കാന്‍ അനുമതി തേടിയത്. അപേക്ഷ പരിശോധിച്ച് അനുമതി നല്‍കുന്നതിനു ശുപാര്‍ശ ചെയ്യാനായി അഞ്ചംഗ കമ്മറ്റിയെ യുജിസി നിയോഗിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ 17 ന് കോടതിയില്‍ ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നടപടി.
കേരള സര്‍ക്കാരിന്റെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മോദി സര്‍ക്കാര്‍ ഞെരുക്കുകയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
പഴയ പാര്‍ലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ചയാള്‍ 65 കോടിരൂപയുടെ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ഖുശ്ദീപ് ബന്‍സാലും സഹോദരനുമാണ് ആസാം, ഡല്‍ഹി പോലീസിന്റെ പിടിയിലായത്.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ 2000 പേര്‍ക്കു ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപ്രഭാഷണ ചടങ്ങിനിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.