night news hd 1

 

ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാനായില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീടു ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. രജിസ്ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കും.

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും. മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ജാമ്യം. അതേസമയം ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും വീണ്ടും നോട്ടീസ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തിലെ കോടതിയലക്ഷ്യ കേസില്‍ സിഐടിയു നേതാവ് അജയന്‍ ഹൈക്കോടതിയില്‍ ഹാജരായി. ക്രിമിനല്‍ കേസുള്ളതിനാല്‍ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയന്‍ ആവശ്യപ്പെട്ടു. കോടതിയുടെ സംരക്ഷണ ഉത്തരവുണ്ടായിട്ടും കൈയേറ്റം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പ് ഈ മാസം 21 ലേക്കു മാറ്റി.

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരേ ഹിന്ദു ഐക്യവേദി ഓഗസ്റ്റ് ഒമ്പതിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്രരക്ഷാ മാര്‍ച്ച് നടത്തും. ‘രാഷ്ട്രീയക്കാര്‍ ക്ഷേത്രം വിടുക, വിശ്വാസിക്ക് തുറന്ന് കൊടുക്കുക’ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് നടത്തുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയും അറിയിച്ചു.

ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. തെറ്റു തിരുത്താതെ സിപിഎം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്നും സുധാകരന്‍.

ഷംസീറിന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്നും സ്വന്തം സമുദായത്തിന്റെ കാര്യത്തില്‍ ഇതേ സമീപനം സ്വീകരിക്കുമോയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. തെറ്റു തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മതവിശ്വാസികളെ വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. ശാസ്ത്രബോധം വളര്‍ത്തണമെന്നു പറയുന്നത് ഭരണഘടനപരമാണ്. ഷംസീര്‍ ന്യായീകരിച്ചു.

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കിയതു വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കു വഴിയൊരുക്കി. തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വന്ദനയുടെ മാതാപിതാക്കള്‍ക്കു ബിരുദ സര്‍ട്ടിഫിക്കറ്റ് കൈമാറി. കരഞ്ഞുപോയ അമ്മയെയും അച്ഛനേയും ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചേര്‍ത്തു പിടിച്ച് ഗവര്‍ണര്‍ ആശ്വസിപ്പിച്ചു.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ സ്റ്റോറുകളില്‍ പതിമൂന്നിനം നിത്യോപയോഗ വസ്തുക്കള്‍ക്ക് എട്ടാം വര്‍ഷവും സാധനങ്ങള്‍ക്കു വില കൂടിയിട്ടില്ല. ഈയിനത്തില്‍ സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുണ്ട്. 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 55 ലക്ഷം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍നിന്നു സാധനം വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. 12 ദിവസമാണു സഭ ചേരുന്നത്.

വ്യാജ ലഹരി കേസില്‍ അന്യായ തടങ്കലില്‍ 72 ദിവസം കിടന്ന ഷീല സണ്ണിയുടെ ആറു മാസമായി പൂട്ടിക്കിടന്ന ബ്യൂട്ടി പാര്‍ലര്‍ തുറന്നു. ഷീ സ്‌റ്റൈല്‍ എന്ന പഴയ പേര് തന്നെയാണ് പുതിയ കടയ്ക്കും ഷീല നല്‍കിയത്.
ലഹരി കേസില്‍ അറസ്റ്റിലായതോടെ കടമുറി ഒഴിയാന്‍ അവശ്യപ്പെട്ട ഉടമ തന്നെയാണ് കുടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു മുറി ബ്യുട്ടി പാര്‍ലറിനായി നല്‍കിയത്.

പ്രളയക്കെടുതിമൂലം റോഡുകള്‍ തകര്‍ന്ന ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവും നിതിന്‍ ഗഡ്കരിയും കഴിഞ്ഞദിവസം കുളു ജില്ലയെ തകര്‍ത്ത ദുരന്തം വിലയിരുത്തി.

ഡല്‍ഹിയിലെ മയൂര്‍ വിഹാറിനെ നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന ചില്ല എലിവേറ്റഡ് റോഡിന് യുപി സര്‍ക്കാര്‍ 787 കോടി രൂപ അനുവദിച്ചു. 393 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും, ബാക്കി തുക അതോറിറ്റി വഹിക്കും.

തെലുങ്കു നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്നാണ് ജയസുധ അംഗത്വം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ ജയസുധ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പഴനി മുരുകന്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ചിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നു സിപിഎം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശനം നടത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് സെപ്റ്റംബര്‍ 26 വരെ രാഹുല്‍ഗാന്ധിക്ക് കോടതി ഇടക്കാല അവധി നല്‍കി. 2018 ല്‍ മോദിക്കെതിരേ പരാമര്‍ശം നടത്തിയതിനെതിരേയാണു കേസ്.

ലോക്‌സഭാംഗത്വം അയോഗ്യനാക്കപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗിച്ചെന്ന് ആരോപിച്ചും കീഴ്‌കോടതി വിധിയിലെ വ്യാഖ്യാനത്തില്‍ പിഴവുണ്ടെന്നു വാദിച്ചുമാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *