യാതൊരു കണ്ട്രോളുമില്ലാതെ ഭക്ഷണം കഴിക്കുന്ന ശീലം നിര്‍ത്തണമെന്ന് തോന്നാറുണ്ടോ? വേണ്ടതില്‍ കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഇത് മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ അമിതമായി ഭക്ഷണം കഴിക്കുന്നതിന് തടയിടാനാകും. ഒരുപാട് സമയം വിശപ്പ് അടക്കിവച്ചതിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാന്‍ സാധ്യതയുണ്ട്. പിന്നെ, പല കാരണങ്ങള്‍ കൊണ്ട് ഒരുപാട് നാള് ഉപേക്ഷിച്ച ഒരു ഇഷ്ടവിഭവം മുന്നില്‍ കാണുമ്പോഴുണ്ടാകുന്ന കൊതിയും അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാണ്. ഇതില്‍ ഏത് കാരണമായാലും ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ വയര്‍ പതിവില്‍ കൂടുതല്‍ വീര്‍ത്തതായി തോന്നും. ഇത് ഭക്ഷണം കഴിച്ചതിലെ സംതൃപ്തിക്ക് പകരം അസ്വസ്ഥതയായിരിക്കും സമ്മാനിക്കുക. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുകയും അത് ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണം. ഇനി, ഒരുപാട് താമസിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഒരു ഗ്ലാസ് വെള്ളം കൂടി കരുതണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിച്ചുകൊണ്ടിരുന്നാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുമത്രെ. ദഹനം മെച്ചപ്പെടുത്തണമെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ അല്‍പ്പം നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് കുടിക്കാം. വിശപ്പ് കെടുത്തുന്ന ഒന്നായാണ് വെള്ളത്തെ പൊതുവേ കണക്കാക്കുന്നത്. വയറിലെ ധാരാളം സ്ഥലം അപഹരിക്കുന്നതുകൊണ്ടുതന്നെ വെള്ളം കുടിക്കുമ്പോള്‍ വിശപ്പ് കുറഞ്ഞതായി തോന്നും. അനാവശ്യമായി വിശപ്പ് തോന്നാന്‍ കാരണമാകുന്ന നീര്‍ജ്ജലീകരണം തടയാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. ചൂടുവെള്ളം കുടിക്കുന്നത് കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കുകയും ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുകയും ചെയ്യും. ഇത് ദഹനം എളുപ്പമാക്കും. കഴിക്കുന്ന ആഹാരത്തില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്താനും ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നതിന് നിര്‍ത്തണോ?
