സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പളം കൂട്ടാന്‍ ശുപാര്‍ശയില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്ട്ട് സമര്‍പ്പിച്ചു. ഇന്ധനത്തിന് വര്‍ഷം മൂന്നു ലക്ഷം രൂപവരെ ലഭിക്കും. പ്രതിമാസ ടിഎ 20,000 രൂപയാക്കും. ചികില്‍സാ ചെലവിന്റെ മുഴുവന്‍തുകയും റി ഇംബേഴ്‌സ്‌മെന്റ്, ഭവനവായ്പ അഡ്വാന്‍സ് 20 ലക്ഷം രൂപവരെ. പലിശരഹിത വാഹന വായ്പ പത്തു ലക്ഷം രൂപവരെ എന്നിങ്ങനെയാണു നിര്‍ദേശങ്ങള്‍.
വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക മാര്‍ച്ച് 15 നു മുന്‍പ് കൊടുത്തു തീര്‍ക്കണമെന്ന് സുപ്രീംകോടതി. പദ്ധതിയില്‍ 25 ലക്ഷം പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ പെന്‍ഷന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനവകുപ്പ് കണക്കാക്കി വരികയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. പെന്‍ഷന് കാത്തിരുന്ന നാലു ലക്ഷം പേരെങ്കിലും ഇതിനകം മരിച്ചെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അഷ്മുടി, വേമ്പനാട് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷത്തിനുള്ള ഉത്തരവു നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനു ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.
നേരിട്ട് ഹാജരാകാത്തതിനാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടതാണെങ്കിലും തത്കാലം അതു ചെയ്യുന്നില്ലെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് ഓഫീസര്‍ക്കു മര്‍ദനമേറ്റ 28 ാം വാര്‍ഡില്‍ രോഗികളുടെ പ്രളയമാണെന്ന് കൂട്ടിരിപ്പുകാര്‍. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയ നാലു വാര്‍ഡുകളിലെ രോഗികളെ കൂട്ടത്തോടെ ഇവിടേക്കു മാറ്റിയതിനാല്‍ ഓരോ കട്ടിലിലും രണ്ടു രോഗികളെ കിടത്തിയിരിക്കുന്നതായാണു പരാതി.
ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമല ദര്‍ശനം അരുതെന്ന് ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുത്. സോപാനത്തിലും ദര്‍ശനം അനുവദിക്കരുത്. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ അനുവദിക്കരുത്. സോപാനത്തില്‍ ഭക്തരെ ഡ്രം ഉള്‍പ്പെടെയുളള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാനും അനുവദിക്കരുതെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരയാകുന്നത് സ്ത്രീകളാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനാണു ശ്രമം. അദ്ദേഹം കുറ്റപ്പെടുത്തി.
കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. നവ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാര്‍ പൗരന്‍മാരെ പണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിനു വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. സുധാകരന്‍ കുറ്റപ്പെടുത്തി.
യുവ സംവിധായക നയന സൂര്യന്റെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. എസ് പി മധുസൂദനന്റെ നേതൃത്വത്തിായിരിക്കും അന്വേഷണം. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കാന്‍ തീരുമാനിച്ത്.
എറണാകുളം ചേരാനെല്ലൂരില്‍ ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടാ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ ലിസ ആന്റണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ചവര്‍ പറവൂര്‍ സ്വദേശികളാണ്.
ദേശീയ പാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ – അരൂര്‍ ദേശീയ പാതയിലാണ് അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചത്. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകള്‍ക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി
സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവേ രക്തസമ്മര്‍ദ്ദം കൂടി കുഴഞ്ഞു വീഴുകയായിരുന്നു. സിപ്പിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലുവയില്‍ കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍. തറനിരപ്പില്‍നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളല്‍. വിശദമായ പരിശോധന നടത്തിയതായും തൂണിന്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎം.ആര്‍എല്‍ പ്രതികരിച്ചു.
വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി മനേജരെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. സ്റ്റീല്‍ ഇന്ത്യ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ നശിപ്പിക്കുകയും മാനേജരെ മര്‍ദ്ദിക്കുകയും ചെയ്ത കാട്ടുംപുറം സ്വദേശി ജിജു (40), നെല്ലിടപ്പാറ സ്വദേശി ജിജിന്‍ (36) എന്നിവരാണ് പിടിയിലായത്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതിയെ തെരഞ്ഞെടുത്തും. മറിയം ധാവ്‌ളെയാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി എസ് പുണ്യവതിയേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ തുടങ്ങിയവരടക്കം 15 വൈസ് പ്രസിഡന്റുമാരുണ്ട്.
ചിത്രകാരിയും നര്‍ത്തകിയുമായി ലേഖ ശ്രീനിവാസന്‍ അന്തരിച്ചു. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ ഭാര്യയാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കു സംബന്ധിച്ച മന്ത്രിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ രംഗത്ത്. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ അധികാര ഭ്രാന്തിന്റേതാണെന്ന് ഷാഫി കുറ്റപ്പെടുത്തി.
പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ത്രിദിന പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കു കര്‍ഷക സംഘടനകളുടെ പിന്തുണ. പിന്തുണ പ്രഖ്യാപിനവുമായി ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവര്‍ നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ച് സ്‌നേഹവും പങ്കിട്ട ശേഷമാണ് ടിക്കായത്ത് മടങ്ങിയത്.
ജനങ്ങളുടെ മനസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുകളഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയില്‍ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നു സുപ്രീം കോടതി. നിര്‍ബന്ധിത പരിവര്‍ത്തനം അംഗീകരിക്കാനാകില്ല. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയായ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ അമൂലിന്റെ (ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ എസ് സോധി പടിയിറങ്ങി. ജയന്‍ മേത്തയാണു പുതിയ എംഡി.
നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റില്‍. മന്ത്രവാദിയുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ നരബലി നടന്നത്. നരബലി നടത്തിയ 35 കാരിയായ മഞ്ജു ദേവിയെ അറസറ്റു ചെയ്തു. മന്ത്രവാദി ഒളിവിലാണ്.
ഗര്‍ഭിണിയായ യുവതി മരിച്ച ആശുപത്രിയില്‍ ഡോക്ടര്‍ അടക്കം എല്ലാം വ്യാജം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ആശുപത്രിയുടെ ഉടമയായ രഞ്ജിത്ത് നിഷാദിനെ അറസ്റ്റ് ചെയ്തു. ജെയിന്‍പൂര്‍ നിവാസിയായ സോനാവത് ദേവി എന്ന 30 കാരി മരിച്ച സംഭവത്തിലാണു നടപടി.
കര്‍ണാടകയില്‍ നിയമനസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. താന്‍ കോലാറില്‍നിന്ന് ജനവിധി നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
സിദ്ധരാമയ്യക്കെതിരേ ആരോപണങ്ങളുമായി ബിജെപി മന്ത്രി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം അവസാന നിമിഷം കോടതി തടഞ്ഞു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി പരിഗണിച്ച കര്‍ണാടക ജില്ലാ കോടതിയാണ് ഉത്തരവിട്ടത്.
തമിഴ്‌നാട് നിയമസഭയില്‍ രാഷ്ട്രീയക്കളിയുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണ മുന്നണി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തമിഴ്‌നാട് എന്ന പേരു മാറ്റി ‘തമിഴകം’ എന്നാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് കൂടുതല്‍ പ്രകോപതിരാക്കിയത്. ഗവര്‍ണര്‍ പ്രസംഗം പൂര്‍ണമായി വായിച്ചില്ല. ഇതേത്തുടര്‍ന്ന് നിയമസഭ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി. നടപടി ക്രമങ്ങള്‍ അവസാനിക്കുംമുമ്പ് ഗവര്‍ണര്‍ സഭ വിട്ടുപോയി.
ഡല്‍ഹിയില്‍ അതിശൈത്യംമൂലം ജയിലുകളിലെ എല്ലാ തടവുകാര്‍ക്കും ചൂടുവെള്ളം ലഭ്യമാക്കണമെന്ന് നിര്‍ദേശം. 65 വയസിനു മുകളിലുള്ള തടവുകാര്‍ക്ക് മെത്ത നല്‍കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ജയില്‍ ഡിജിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.