‘റാഹേല്‍ മകന്‍ കോര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മിണ്ടാതെ തമ്മില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. മൃദുല വാരിയരും അരവിന്ദ് നായരും ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സിംഗിള്‍ പാരന്റിങ് പ്രമേയമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘റാഹേല്‍ മകന്‍ കോര’. 13 വര്‍ഷത്തിലേറെയായി സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. ‘സൂ സൂ സുധി വാത്മീകം’, ‘ഊഴം’, ‘സോളോ’, ‘ആട് 2’, ‘അബ്രഹാമിന്റെ സന്തതികള്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആന്‍സന്‍ പോള്‍ ചിത്രത്തില്‍ നായകനായെത്തുന്നു. മെറിന്‍ ഫിലിപ് ആണ് നായിക. സ്മിനു സിജോ, അല്‍ത്താഫ് സലിം, മനു പിള്ള, വിജയകുമാര്‍, രശ്മി അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവന്‍ ആണ് നിര്‍വഹിക്കുന്നത്. ഹരിനാരായണനെക്കൂടാതെ മനു മഞ്ജിത്തും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.