യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറിച്ചില്ലെങ്കിലും ഈ വര്‍ഷം രണ്ട് തവണ കുറയ്ക്കുമെന്ന സൂചന നല്‍കിയതോടെ രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,056 ഡോളര്‍ കടന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വര്‍ണ വില പുതിയ റെക്കോഡിട്ടു. ഗ്രാം വില 20 രൂപ ഉയര്‍ന്ന് 8,310 രൂപയും പവന് വില 160 രൂപ ഉയര്‍ന്ന് 66,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ച്ചയിലാണ്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,825 രൂപയിലാണ് വ്യാപാരം. ഇന്നലെ കുറിച്ച പവന് 66,480 രൂപയുടെ റെക്കോഡാണ് ഇന്ന് സ്വര്‍ണം മറികടന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. പവന് 720 രൂപയുടെ വര്‍ധനയും ഈ ദിവസങ്ങളിലായി രേഖപ്പെടുത്തി. വെള്ളി വില ഇന്ന് ഒരു രൂപ വര്‍ധിച്ച് പുതിയ റെക്കോഡ് കുറിച്ചു, ഗ്രാമിന് 112 രൂപയിലാണ് വ്യാപാരം. കേരളത്തില്‍ ഇത് വിവാഹ സീസണ് ആയതിനാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് ആശങ്കയിലാക്കുന്നത് കല്യാണ വീടുകളെയാണ്. മാര്‍ച്ചില്‍ ഇതുവരെ 2,960 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ണ വിലയ്ക്കപ്പുറം ജി.എസ്.ടി , ഹാള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി തുടങ്ങിയ ചെലവുകളും കൂടി കണ്ടെത്തേണ്ടി വരും. ഇന്നത്തെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി കൂട്ടിയാല്‍ പോലും ഒരു പവന് സ്വര്‍ണാഭരണത്തിന് 72,000 രൂപ വരും.
പുതിയ റെക്കോഡിട്ട് സ്വര്‍ണവില, പവന് 66,480 രൂപ!
