വ്യക്തികള്‍, കോര്‍പ്പറേറ്റ് മേഖല വിഭാഗങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിതര മേഖലയില്‍ നിന്നും കൂടുതല്‍ ആളുകള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, അടല്‍ പെന്‍ഷന്‍ യോജന എന്നിവയുടെ മൊത്തത്തിലുള്ള കൈകാര്യ ആസ്തി മാര്‍ച്ച് വരെ ഏകദേശം 9,00,000 കോടി രൂപയിലെത്തി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കി. 2022-23 കാലയളവില്‍ വ്യക്തികള്‍, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി പത്ത് ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതിലൂടെ 2023 മാര്‍ച്ച് വരെയുള്ള മൊത്തം കൈകാര്യ ആസ്തി 8,98,000 കോടി രൂപ വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍പിഎസ് വരിക്കാരുടെ എണ്ണം 2.11 കോടിയില്‍ നിന്ന് 6.33 കോടിയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പെന്‍ഷന്‍ നിക്ഷേപ സംവിധാനങ്ങളിലൊന്നാണ് എന്‍പിഎസ്. പിഎഫ്ആര്‍ഡിഎ ആണ് ഇത് നിയന്ത്രിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. 18 മുതല്‍ 60 വയസ്സുവരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ കഴിയും. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള എന്‍പിഎസ് ഇപ്പോള്‍ 6.33 കോടി വരിക്കാരോടെ ഏകദേശം 9,00,000 കോടി രൂപ കൈകാര്യം ചെയ്യുന്നു.