മികച്ച നടനുള്ള ദേശീയ പുരസ്കാരം ഭ്രമയുഗത്തിലൂടെ സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി.മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്കാരം പങ്കുവച്ചു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അമരൻ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാളചിത്രമായും രായൻ മികച്ച തമിഴ് ചിത്രമായും ശ്രീകാന്ത് മികച്ച ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക.തിരക്കഥാകൃത്തായി പുഷ്പ 2-ലൂടെ സുകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.ഡൽഹി നാഷണൽ മീഡിയാ സെന്ററിൽ വച്ചുനടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചിരിക്കുന്നത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ആണ് പ്രഖ്യാപിച്ചത് . 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.
