പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസ്സിൽ അന്തരിച്ച ഹീരാബെന്നിൻ്റെ സംസ്കാരം അൽപസമയം മുൻപ് ഗാന്ധിനഗറിലെ ശ്മാശനത്തിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.
മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പെട്ടന്ന് തന്നെ വിലാപയാത്രയായി മൃതദേഹം കനത്ത സുരക്ഷയോടെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. രാഹുൽ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹീരാബെന്നിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.
തങ്ങളുടെ മാതാവിൻ്റെ വിയോഗവാർത്തയിൽ അനുശോചിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തവർക്ക് കുടുംബം നന്ദിയിറയിച്ചു. മാതാവിൻ്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ജനിച്ച ഹീരാബെൻ മോദി
ഗാന്ധിനഗറിലെ നയ്സൻ ഗ്രാമത്തിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. തിരക്കുകൾക്കിടയിലും ഗ്രാമത്തിലെത്തി അമ്മയെ കാണാൻ മോദി സമയം കണ്ടെത്തുമായിരുന്നു. മകൻ പ്രധാനമന്ത്രിയാണെങ്കിലും ചിട്ടയായ ജീവിതരീതിയും കഠിനാധ്വാനവും ശീലിച്ച ഹീരാ ബൻ എളിമയാർന്ന ജീവിത രീതിയാണ് നയിച്ചിരുന്നത്. 1