മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 124.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 56.9 കോടി രൂപയില്‍ നിന്ന് 119 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ വരുമാനം 53.07 ശതമാനം ഉയര്‍ന്ന് 343.07 കോടി രൂപയായി. മുന്‍ വര്‍ഷമിത് 224 കോടി രൂപയായിരുന്നു. മുത്തൂറ്റ് മൈക്രോഫിന്നിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 52.61 ശതമാനം വര്‍ധിച്ച് 584.83 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 3.49 ശതമാനത്തില്‍ നിന്ന് 2.29 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.97 ശതമാനത്തില്‍ നിന്ന് 0.33 ശതമാനമായും കുറഞ്ഞു. മുത്തൂറ്റ് മൈക്രോഫിന്നിന്റെ അറ്റ പലിശ വരുമാനം 11.74 ശതമാനത്തില്‍ നിന്ന് 12.60 ശതമാനമായി. റിട്ടേണ്‍ ഓണ്‍ അസറ്റ് 2.92 ശതമാനത്തില്‍ നിന്ന് 4.47 ശതമാനമായും വര്‍ധിച്ചു. സ്വര്‍ണ പണയ വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 8,264.59 കോടി രൂപയില്‍ നിന്ന് 11,458.14 കോടി രൂപയായി. 38.64 ശതമാനമാണ് വളര്‍ച്ച. മൊത്തം വായ്പക്കാരുടെ എണ്ണം 32.78 ലക്ഷമായി. ഡിസംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് മൊത്തം ശാഖകളുടെ എണ്ണം 1,424 ആയി. ഡിസംബര്‍ പാദത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തി മുന്‍ വര്‍ഷത്തെ 8,264.6 കോടി രൂപയില്‍ നിന്ന് 11,458.10 കോടി രൂപയായി. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.