മുകേഷ് അംബാനിയും സ്വന്തമാക്കി റോള്‍സ് റോയ്സിന്റെ ഇ വി സ്പെക്ടര്. അംബാനിയുടെ ഗാരിജിലെത്തിയ പുതുവാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തു തരംഗമാണെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ അറിവായിട്ടില്ല. റോള്‍സ് റോയ്സിന്റെ ഒരു ഡസനിലധികം വാഹനങ്ങളുള്ള അംബാനി കുടുംബത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. 2024 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ സ്പെക്ടറിന് എക്സ് ഷോറൂം വില വരുന്നത് 7.5 കോടി രൂപയാണ്. ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ചുള്ള കസ്റ്റമൈസേഷന് കൂടിയാകുമ്പോള്‍ വില ഉയരും. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോള്‍സ് റോയ്സ് നിരയിലെ 530 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന കാറില്‍ 585 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്പെക്ടറില്‍. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 34 മിനിറ്റില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഇ വി സ്പെക്ടര് സ്വന്തമാക്കി മുകേഷ് അംബാനി
