എംടിക്ക് യാത്രാമൊഴിയേകി മലയാളം. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങൾ എംടിക്ക് അന്ത്യയാത്രാമൊഴിയേകി.പൊതുദർശന തിരക്കും വിലാപയാത്രയിലെ ആൾക്കൂട്ടവും അന്ത്യയാത്രയിൽ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മർദ്ദങ്ങൾക്ക് കുടുംബം വഴങ്ങിയതോടെയാണ് എംടിക്ക് അന്ത്യോപചാരമർപ്പിക്കാൻ
ആരാധകർക്കും നാട്ടുകാർക്കും വഴിയൊരുങ്ങിയത്.അവസാനമായി കാണാൻ ആഗ്രഹമറിയിച്ചവർക്കായി പൊതുദർനം കുറച്ചുസമയം കൂടി നീട്ടി വയ്ക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അന്ത്യാഞ്ജലിയെ തുടർന്ന് സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ച് പൊലീസ് സേന അദ്ദേഹത്തിന് വിട നൽകി. അന്ത്യകർമങ്ങൾക്കു ശേഷം മലയാളത്തിൻ്റെ പ്രിയ കഥാകാരൻ യാത്രയായി. നിരവധി കൃതികളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും എംടി എന്ന രണ്ടക്ഷരം മായാതെ നിൽക്കും. മനസ്സുനീറുന്ന നൊമ്പരത്തോടെയാണ് ഏവരും എം ടിയെ യാത്രയാക്കിയത്. മലയാളത്തിന്റെ അക്ഷരനക്ഷത്രം അസ്തമിച്ചു.