എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധ ബാനർ. “സുകുമാരൻ നായർ കട്ടപ്പ” എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. ഇന്നലെയാണ് പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
പിണറായി വിജയൻ സര്‍ക്കാരിനോടുള്ള എൻഎസ്എസിന്‍റെ നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരന്‍. ശബരിമലയിൽ വികസനത്തിനും ആചാര സംരക്ഷണത്തിനും ബിജെപി പ്രതിജ്ഞാബദ്ധരാണ്. പന്തളത്ത് ഭക്തർ നടത്തിയ സംഗമം വന്‍ വിജയമാണ്. പമ്പയിൽ നടന്നത് എ ഐ സംഗമമാണെന്നും മുരളീധരൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും എൻഎസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടത്, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ്. കെപിസിസി നേതൃത്വം എന്‍എസ്എസുമായി ചര്‍ച്ച നടത്തും. വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്എസിനെ ഓർമ്മിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. എന്‍എസ്എസ് നേതൃത്തെ വിമർശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തിൽ സിപിഎമ്മിന്‍റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരും എന്നുമാണ് കോണ്‍ഗ്രസ് വൃത്തം വ്യക്തമാക്കുന്നത്.
എൻ.എസ്.എസ് ഉൾപ്പെടെ ഒരു സമുദായ സംഘടനയുമായും കോൺഗ്രസിനോ യു.ഡി.എഫിനോ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻ.എസ്.എസുമായി എന്തെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും നിലവിൽ അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിച്ച മാസ്റ്റർപ്ലാൻപ്രകാരം നിലയ്ക്കലിൽ 405.63 കോടിയുടെ വികസനത്തിന് സന്നദ്ധമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വികസനത്തിന് സിങ്കപ്പൂർ, മലേഷ്യ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർ താത്പര്യമറിയിച്ചു. വിശദപദ്ധതിരേഖ തയ്യാറാക്കാനും വിശദപദ്ധതിരേഖ തയ്യാറാക്കാനും പ്രതിനിധികൾ നിർദേശിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകും. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. മാധ്യമങ്ങളോടാണ് ഷാഫിയുടെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി വരെ ബിജെപി അതി ശക്തമായി പ്രതിഷേധിക്കും.സസ്പെൻഷനിലുള്ള രാഹുലിനെ കോൺഗ്രസ് കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർത്ത് പിടിക്കുന്നു.ഇത് ഇരട്ടത്താപ്പാണ്. സസ്പെൻഷൻ കൊണ്ട് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്താണ്.കോൺഗ്രസ് ഓഫീസിൽ കയറ്റാൻ കൊള്ളാത്തവനെ പാലക്കാട് എങ്ങനെ കയറ്റും . എംഎല്‍എയെ സംരേക്ഷിക്കുന്ന നിലപാട് കോൺഗ്രസ് തിരുത്തണമെന്ന് ബിജെപി പാലക്കാട് സിറ്റി പ്രസിഡണ്ട് പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ്. രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിൻ്റെ പാലക്കാടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസിന് ലജ്ജയില്ലെന്നതിൻറെ തെളിവാണിത് എന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാരോപണത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻ്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞു.
വിദേശ പൗരന്മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ താമസിപ്പിച്ച റിസോർട്ട് ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വൈത്തിരിയിലെ റോയല്‍ പ്ലാസ് വയനാട് മിരാജ് റിസോർട്ട് ഉടമ കല്‍പ്പറ്റ കൈനാട്ടി പട്ടര്‍ക്കടവന്‍ വീട്ടില്‍ പി.കെ. ഫൈസലി (32)നെതിരെയാണ് കേസ്. ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ റിസോർട്ടിൽ താമസിപ്പിച്ചതിലാണ് നടപടി.
ആഗോള അയ്യപ്പസംഗമത്തിലെ എൻഎസ്എസിന്റെ പിന്തുണയെ സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. എൻഎസ്എസിന് സർക്കാരിൽ വിശ്വാസം ഉണ്ടെന്ന് പറഞ്ഞത് ആഗോള അയ്യപ്പസംഗമം കൊണ്ടല്ലെന്നും നിരവധിയായ അനുഭവങ്ങളിൽ നിന്നുണ്ടായതാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകൾ വൃന്ദ എസ്എൽ ആണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിട ത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോൾ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണെന്ന് വിവരിച്ച് സ്‌കൂൾ പാഠഭാഗം. പത്താം ക്ലാസിൽ പഠിപ്പിക്കാനുള്ള.സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന ഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറെക്കാലമായി ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണിത്.
മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. എന്നാൽ കേസുകൾ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയിതിരിക്കുന്നതെന്നാണ് വിവരം.
എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ..ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്. മുങ്ങിയ കപ്പലിൽനിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്.
വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജി.
ഓപ്പറേഷൻ നുംഖോറില്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. ബെനാമി ഇടപാടും പരിശോധിക്കും. കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ അടിമുടി ദുരൂഹതയെന്നാണ് റിപ്പോര്‍ട്ട്. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്‍റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.
ഓപ്പറേഷൻ നുംഖോറില്‍ പ്രതികരണവുമായി അമിത് ചക്കാലക്കല്‍.പിടിച്ചെടുത്ത വാഹനങ്ങള്‍ എല്ലാം എന്‍റെതല്ല. ഒരു വാഹനം മാത്രമാണ് എന്‍റേത്. ആ വണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്നതാണ്. സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി താന്‍ നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. വാഹനങ്ങൾ താന്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ട് എന്നും അമിത് പ്രതികരിച്ചു.
2023ലാണ് വാഹനം എടുത്തതെന്നും കേരള രജിസ്ട്രേഷൻ വാഹനമാണ് വാങ്ങിയതെന്നും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിൽപ്പ സുരേന്ദ്രൻ. വാഹനത്തിൻ്റെ മറ്റു വർക്കുകൾക്ക് വേണ്ടിയാണ് ഗാരേജിൽ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് കസ്റ്റംസിൽ നിന്ന് വിളിച്ച് ഇത് ഫേക്ക് വാഹനമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞത്. വാഹനത്തിൻ്റെ ഡോക്യുമെൻ്റ്സ് എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ വാഹനത്തിൻ്റെ അഞ്ചാമത്തെ ഓണറാണ്. നിലവിൽ 4ഉം 3ഉം ഓണർമാരെ എനിക്ക് അറിയാമെന്നും ശിൽപ്പ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
പേരാമംഗലത്ത് യുവതിയെ കുത്തി പരിക്കേൽപിച്ച കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ് കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതിയെത്തിയത്. കുത്തേറ്റ മുളങ്കുന്നത്തുക്കാവ് സ്വദേശി ശാർമിള (26) ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. അഭിപ്രായ ഭിന്നതയാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്.
ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് ഇരുവരും. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ യുവജന സംഘടന നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷമാണുണ്ടായത്.
സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിലാണ്. സംഘര്‍ഷത്തില്‍ കേന്ദ്ര സർക്കാർ ഗൂഢാലോചന വാദം ആവർത്തിക്കുകയാണ്. സംഘർഷം പൊട്ടിപ്പുറപ്പെട്ടത് കേന്ദ്രവുമായി ചർച്ച നടക്കാനിരിക്കേയാണ്. ഒക്ടോബർ 6 ന് ചർച്ച നിശ്ചയിച്ചിരുന്നു. സോനം വാങ് ചുക്കിന്‍റെ സമരവും പ്രസംഗങ്ങളുമാണ് സംഘർഷം ആളിക്കത്തിച്ചത് എന്നാണ് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്.
രാജ്യവ്യാപക സമഗ്ര വോട്ടർപട്ടിക പരിഷ്‌ക്കരണത്തില്‍ രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ചര്‍ച്ച നടത്താനുള്ള നിർദേശമുണ്ട്. പരിഷ്ക്കരണ തീയതി പ്രഖ്യാപിക്കും മുൻപ് ചർച്ച പൂർത്തിയാക്കാനാണ് ആലോചന.
ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് രഗസ ചുഴലിക്കാറ്റ്. തായ്വാനിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 17 പേർ മരിച്ചു. നൂറ്റൻപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. മുന്നറിപ്പിനെത്തുടർന്ന് 20 ലക്ഷം പേരെ ഒഴിപ്പിച്ചു.
മറ്റൊരു രാജ്യത്തെയും ഇന്ത്യ ആശ്രയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൽക്കാലിക പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാവില്ല. ഇന്ത്യയുടെ ഉത്പന്നങ്ങളെ മറ്റുള്ളവർ ആശ്രയിക്കണം. സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും നരേന്ദ്രമോദി പറഞ്ഞു. മെയ്‌ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണം. ജിഎസ്ടി പരിഷ്ക്കരണം ശക്തവും, ജനാധിപത്യപരവുമായ നടപടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര ട്രേഡ് ഷോ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മന്ത്രിവാദം ചെയ്യാനായി മരിച്ച സ്ത്രീകളുടെ കുഴിമാടം തുറന്ന 50 വയസുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമവാസിയായ അയൂബ് ഖാനൻ ആണ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് അറസ്റ്റിലായത്. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലാണ് സംഭവം. രണ്ടുതവണയാണ് ഇയാൾ മുന്ദ്വാര ഗ്രാമത്തിലെ ശ്മശാനത്തിൽ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്നത്. മരിച്ച സ്ത്രീകളുടെ മുടി കൈക്കലാക്കാനാണ് ഇയാൾ ഈ പ്രവൃത്തി ചെയ്തതെന്നാണ് വിവരം.
അമേരിക്കയിൽ ലൈംഗിക കുറ്റവാളിയായ 71കാരനെ ഇന്ത്യൻ വംശജൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ താമസക്കാരനായ ഡേവിഡ് ബ്രിമ്മറിനെയാണ് വരുൺ സുരേഷ് എന്ന ഇന്ത്യൻ വംശജൻ കൊലപ്പെടുത്തിയത്.ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും വരുൺ സുരേഷ് കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറയുന്നു.
കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവർ സന്ദർശിക്കുമെന്നാണ് വിവരം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മോശമായ ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ മടക്കിനല്‍കുന്നതിന് നടപടിയെടുക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. അടുത്ത മൂന്നുമാസംകൊണ്ട് പരമാവധിപേര്‍ക്ക് മടക്കിനല്‍കാന്‍ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎന്‍ ആസ്ഥാനത്ത് താന്‍ മൂന്ന് അനിഷ്ടസംഭവങ്ങള്‍ക്ക് ഇരയായെന്നും ഇക്കാര്യങ്ങള്‍ സീക്രട്ട് സര്‍വീസ് സര്‍വീസ് പരിശോധിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എസ്‌കലേറ്റര്‍ നിലച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നാം തമിഴര്‍ കക്ഷി നേതാവ് സീമാനും പരാതിക്കാരിയും പരസ്പരം ക്ഷമാപണം നടത്തിയില്ലെങ്കില്‍ ഇരുവരെയും വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി. ക്ഷമാപണം നടത്താതെ എത്രകാലം ഈ വിഷയം നീട്ടിക്കൊണ്ടുപോകുമെന്ന് കോടതി ബുധനാഴ്ച ചോദിച്ചു.
സൗത്ത് അമേരിക്കന്‍ രാജ്യമായ വെസ്വേലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍സര്‍വേ അറിയിച്ചു.