വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. ജനസാഗരത്തിനു നടുവിലൂടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്.പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്.

വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് ന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്.

വി എസിന്‍റെ സംസ്കാര സമയത്തിലടക്കം മാറ്റം വരുത്തി. വി എസിന്‍റെ സംസ്കാരം വൈകിട്ടോടെയാകും നടത്തുക. ആലപ്പുഴ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശന സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഡി സിയിൽ അരമണിക്കൂ‍ർ നേരം മാത്രമാകും പൊതു ദർശനം. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകുമെന്ന് അറിയിപ്പുണ്ട്. ശേഷം വൈകിട്ടോടെയാകും രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയിൽ വി എസ് അനശ്വരനാകുക.

വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിലായിരുന്നെങ്കിൽപ്പോലും എന്നോട് പ്രത്യേക സ്നേഹമായിരുന്നു. വിഎസ് ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് എല്ലാ ദിവസവും താൻ അരുണിനെ വിളിക്കുമായിരുന്നു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും വ്യക്തിപരമായി വളരെ അടുപ്പം പുലർത്തിയിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോൺ​ഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ്. ഇതിൽ വിഎസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു.

കാസർകോട് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ​ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാ​ഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനുശേഷവും നിമിഷ പ്രിയയുടെ കുടുംബത്തിനാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേസിൽ ഇടപെടല്‍ നടത്തുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാൽ മാധ്യമങ്ങളോട് പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റ​ദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെഎ പോൾ അവകാശപ്പെട്ടിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി. ജമാ അത്തൈ പ്രവർത്തകനായ പി എസ് അബ്ദുള്‍ റഹിം ഉമരിക്കെതിരെയാണ് വടക്കേക്കര സ്വദേശി പരാതി നൽകിയത്. പരാതിയില്‍ സൈബർ പൊലീസിന്റെ സഹായത്തോടെ ആലുവ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി.

യുവമോർച്ചക്കും മഹിളാമോർച്ചക്കും കേരളത്തില്‍ ഇനി പുതിയ നേതൃത്വം. വി മനുപ്രസാദാണ് യുവമോർച്ച അധ്യക്ഷൻ. നവ്യ ഹരിദാസാണ് മഹിളാ മോർച്ച അധ്യക്ഷ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.

ദാമ്പത്യത്തിലെ തർക്കത്തിനിടെ നിരവധി വ്യാജ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്ന് മുൻ ഭർത്താവിനും ഭർതൃവീട്ടുകാർക്കും നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് പരസ്യമായി നിരുപാധികം മാപ്പ് പറയാൻഐപിഎസ് ഉദ്യോഗസ്ഥയോട് സുപ്രീം കോടതി. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നിലവിലുള്ള എല്ലാ കേസുകളും സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിവാഹമോചനം അം​ഗീകരിച്ചു.

ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റിൽ. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലിൽ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകൾ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ അസഭ്യംപറഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ പരാതി നൽകി.

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹത്തിൻ്റ ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഇന്നലെ രാത്രിയാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് റീ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഷാർജയിൽ സംസ്കരിച്ചിരുന്നു.

ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനം കേരളത്തിലും. തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലില്‍ പ്രവേശിക്കും ഇതിന്‍റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.

വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും നഗരത്തിലെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരൻ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്പർ വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാർ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ വിശദീകരിക്കുന്നത്. വിമാനത്തിന്‍റെ എ സി തകരാറായതാണ് എന്നാണ് വിശദീകരണം.

ഒളിക്ക്യാമറ വെച്ച് വകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിന്‍റെ ഭീഷണി. പൊലീസില്‍ പരാതി നല്‍കി യുവതി. മഹാരാഷ്ട്രയിലാണ് സംഭവം. സർക്കാർ ഉദ്യോഗസ്ഥയായ 31 കാരിയാണ് തന്റെ ഭർത്താവിനെതിരെ പരാതി നല്‍കിയത്. കിടപ്പുമുറിയിലും ബാത്ത്റൂമിലും ഒളിക്യാമറകൾ സ്ഥാപിച്ചെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 1.5 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നുമാണ് യുവതിയുടെ പരാതി.

ഔദ്യോ​ഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതിയിൽ പരാമർശിച്ചു. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണത്തിനെതിരായ ഹർജിയാണ് പരാമർശിച്ചത്. എന്നാൽ, കമ്മിറ്റിയു‌ടെ ഭാ​ഗമായതിനാൽ തനിക്ക് കേസ് കേൾക്കാനാകില്ലെന്നും മറ്റൊരു ബെഞ്ചിൽ ലിസ്റ്റ് ചെയ്യാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.

ക്രൂ മറികടന്ന് ഡോക്ടറെ കാണാന്‍ ശ്രമിച്ച യുവാവ് റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ നന്ദിവാലി പ്രദേശത്തുള്ള ഒരു സ്വകാര്യ പീഡിയാട്രിക് ക്ലിനിക്കിലായിരുന്നു സംഭവം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ക്യൂ മറികടക്കാൻ ശ്രമിച്ച യുവാവിനെ റിസപ്ഷനിസ്റ്റ് തടയുകയായിരുന്നു. തുടര്‍ന്ന് 25 കാരിയായ സോനാലി റിസപ്ഷനിസ്റ്റിനെ പ്രതി ഗോകുല്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ദില്ലിയിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി വിതരണത്തിലും റെയിൽ, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ദില്ലിയിലെ താപനില 21.4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ ആക്രമിച്ചതിനുള്ള പ്രതികാരമായി യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ. ലഖ്നൗവിലെ ഇന്ദിരാനഗറിലെ കല്യാണ്‍പുരിലാണ് സംഭവം. റോഡരികിൽ കരിക്ക് വിൽക്കുന്ന മനോജ് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്.

ബിയർ മഗ്ഗുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത അഭിഭാഷകനെതിരെയുള്ള സുവോമോട്ടോ കേസ് അവസാനിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി. മുതിർന്ന അഭിഭാഷകനായ ഭാസ്കർ തന്നയ്ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാൾസ് രാജാവ് എന്നിവരെ പ്രധാന മന്ത്രി കാണും. യുകെ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും.

ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിന്റെ രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ, പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻഖറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചർച്ചകൾ സജീവം. രാംനാഥ്‌ താക്കൂർ, രാജ്‌നാഥ്‌ സിംഗ്, ആരിഫ് മുഹമ്മദ് ഖാൻ അടക്കം നിരവധി പേരുകൾ ചർച്ചയിലുണ്ട്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ അംഗബലത്തിൽ എന്‍ഡിഎ സ്ഥാനാർത്ഥിക്ക് ജയം ഉറപ്പാണ്. അതേസമയം, രാജിയുടെ കാരണം എന്തെന്നതില്‍ അവ്യക്തത തുടരുകയാണ്.

ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടപടി തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാഥമിക നടപടികൾ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വർഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നത്. ജൂലൈ 24 മുതൽ വിസ നൽകുമെന്നാണ് ചൈനയിലെ എംബസി നൽകുന്ന വിവരം.

നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു. നാളെയാകും അതീവ പ്രാധാന്യമുള്ള ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുക. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഇന്ന് ബ്രിട്ടനിലെത്തും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ.

യുഎന്നിൽ കശ്മീർ പ്രശ്‌നവും സിന്ധു നദീജല തർക്കവും പാകിസ്ഥാൻ ഉന്നയിച്ചതിനെത്തുടർന്ന് മറുപടിയുമായി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്നതിലൂടെ നല്ല അയൽപക്കം എന്ന തത്വം ലംഘിക്കുന്ന രാജ്യങ്ങൾ ഗുരുതരമായ വില നൽകേണ്ടിവരുമെന്ന് ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്നതിലൂടെ നല്ല അയൽപക്കത്തിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും മനോഭാവം ലംഘിക്കുന്ന രാജ്യങ്ങൾ ഗുരുതരമായ വില നൽകേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാർ പ്രകാരം ജപ്പാൻ, അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ (ഏകദേശം 48 ലക്ഷം കോടി രൂപ) വൻ നിക്ഷേപം നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യാപാര കരാർ പ്രകാരം, ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 15 ശതമാനം തീരുവ ഈടാക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായ നിരവധി വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് കൊളംബിയ സർവകലാശാല. വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കുന്നന്നതും ക്യാമ്പസില്‍ നിന്ന് പുറത്താക്കുന്നതുമുൾപ്പെടെയുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ഫെഡറൽ ഫണ്ടിംഗ് പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ചർച്ച നടത്തുന്നതിനിടെയാണ് ഏകദേശം 80 വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സര്‍വകലാശാല നീക്കങ്ങൾ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

പാകിസ്ഥാനിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിച്ചതിനാലുള്ള ദുരഭിമാനക്കൊലയാണിതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തലിൽ അമേരിക്ക ഇടപെട്ടുവെന്ന അവകാശ വാദം വീണ്ടും ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്കാണ് നീങ്ങിയിരുന്നതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തങ്ങളാണ് അവസാനിപ്പിച്ചതെന്നും അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും ട്രംപ് ആവര്‍ത്തിച്ചു.

114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി ഇന്ത്യ പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 114 എണ്ണത്തിന് പകരം 60 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയേക്കും. യുദ്ധവിമാനങ്ങള്‍ കുറയുന്ന പ്രതിസന്ധി നേരിടുന്ന വ്യോമസേനയ്ക്ക് ലക്ഷ്യമിട്ടതിലും കുറച്ച് വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

എട്ട് മണിക്കൂര്‍ ജോലി സമയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ നടി ദീപിക പദുകോണിന്റെ നിലപാടിനെ പിന്തുണച്ച് വിദ്യാ ബാലന്‍. സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നുവെന്ന് ‘ദ ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സിനിമാ വ്യവസായത്തിലെ അവിഭാജ്യ ഘടകമാണ് സ്ത്രീകള്‍ എന്നതാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു.

​ഗളൂരുവിൽ ജോലി വാ​ഗ്ദാനം ചെയ്ത് ഒരു കൂട്ടം സ്ത്രീകളെ കടത്താൻ ശ്രമം. ടിക്കറ്റോ മറ്റു രേഖകളോ കൈവശം ഇല്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാർ നടത്തിയ ഇടപ്പെടലാണ് ഇവരെ രക്ഷിച്ചത്‌.

യു.എസ്സിൽ വിൽപ്പന നടത്തുന്ന കോക്കിൽ കരിമ്പിൽനിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള. നേരത്തെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.നടത്തിയ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. ബ്രാൻഡിനോടുള്ള ട്രംപിന്റെ താത്പര്യത്തെ തങ്ങൾ വിലമതിക്കുന്നുവെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെ അഞ്ചാംക്ലാസുകാര്‍ പഠിക്കും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കും.പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹുവാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുമെന്ന് വ്യക്തമാക്കി തേജ് പ്രതാപ് യാദവ്. ആർജെഡി സീറ്റ് തന്നാലും ഇല്ലെങ്കിലും താൻ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ടിക്കറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ് തേജ് പ്രതാപ് യാദവ്.

രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും പ്രാവര്‍ത്തികമാക്കാന്‍ എം.പി. വീരേന്ദ്രകുമാറിനെപ്പോലുള്ളവര്‍ പകര്‍ന്നുതന്ന ആശയവഴികളിലൂടെ സഞ്ചരിക്കണമെന്നും സമാജ് വാദി പാര്‍ട്ടിയധ്യക്ഷന്‍ അഖിലേഷ് യാദവ്.

കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിൽ കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ മാധ്യമവിലക്കിനെതിരെ നൽകിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. കര്‍ണാടക സിറ്റി സിവിൽ ആന്‍ഡ് സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിന്‍റെ ബെഞ്ച് ആണ് പരിഗണിക്കാതെ ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചത്.

മകളെ വിവാഹം ചെയ്ത യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട പിതാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഗിലികെനഹള്ളിയിലെ കർഷകനായ അജ്ജയ്യ (54) ഞായറാഴ്ച ഹൊലാൽകെരെ പൊലീസ് സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്‍റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *