യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേര് മരിച്ചതായാണ് റിപ്പോർട്ട്.ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി.
ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്ന് കേന്ദ്രം അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ഇസ്രയേലിന് പുറമെ പലസ്തീനിലും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഇന്ത്യ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശം. കൂടാതെ ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരസംഘടന. നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നുൾപ്പെടെ പറയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രംഗത്തെത്തിയിരുന്നു.
ഹമാസ് സെെനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ഇസ്രയേൽ ബോംബിട്ട് തകർത്തതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് ദെയ്ഫ്.
കിലെയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാൻ സര്‍ക്കാര്‍ തയാറാകണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ദില്ലിക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പി എഫ് ഐ യുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായും ഇഡി വൃത്തങ്ങൾ അറിയിച്ചു.പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനിൻ്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തുന്നു.കരിപ്പൂരിൽ സ്വർണ്ണക്കടത്തിനു ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. സ്വർണ്ണക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള വിവരം പൊലീസ് കസ്റ്റംസിനു കൈമാറിയിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെ പുറംകടലിലെത്തി. വിഴിഞ്ഞം തുറമുഖത്തിന്‍റെ 28 നോട്ടിക്കൽ മൈൽ ദൂരെ കാത്തു കിടക്കുകയാണ് തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ. 15 നാണ് കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കുന്നത്. ഷെൻഹുവ 15 എന്ന കപ്പലിൽ വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ള 3 ക്രെയിനുകളാണ് ഉള്ളത്. കപ്പൽ ബർത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടക്കുകയാണ്.
കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ആനയെ കണ്ട് ഭയന്നോടിയ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിലെ പ്രതി അഖിൽ സജീവ് തന്നെ നേരിൽ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി പരാതിക്കാരൻ ഹരിദാസ്. മാർച്ച് 10 ന് നിയമനം ശരിയാക്കാമെന്നാവശ്യപ്പട്ട് അഖിൽ സജീവൻ നേരിട്ട് വീട്ടിൽ വന്നുവെന്നായിരുന്നു ഹരിദാസിന്റെ ആദ്യ മൊഴി. എന്നാൽ ഇന്നേവരെ അഖിൽ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.
ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹർജി ഈമാസം 13 ന് കോടതി വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഹർജി അവസാനിപ്പിക്കാൻ അനുമതി തേടി അഭിഭാഷകൻ ഹൈക്കോടതിയിൽ. ഹർജിയുമായി മുന്നോട്ട് പോകാൻ കുടുംബത്തിന് താല്പര്യം ഇല്ലെന്നു ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി കേസ് മാറ്റുകയായിരുന്നു.
എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തുക കുടിശ്ശികയാണെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി കേരള ബ്ലാസ്റ്റേഴ്സ് സിഇഒ ക്ക് കത്തയച്ചു.രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.
തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍റിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണൂത്തി മയൂര ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
കേരളത്തിൽ ഉച്ചക്ക് ശേഷം മലയോര മേഖലയിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നും, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ. ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് കെ കെ ശൈലജ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ സിപിഎം നേതാവ് മധു അമ്പലപുരവും മുൻ ഡിവൈഎസ്പി യും ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരായി. ഒന്നാം പ്രതി സതീഷ് കുമാര്‍ മധുവിന്‍റെ പേരിലും നിക്ഷേപം നടത്തിയതായാണ് ഇഡിയുടെ സംശയം.
ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റത്തില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ അന്തരിച്ചു. ഒരു വര്‍ഷമായി പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു.96-ാം വയസ്സിൽ അക്ഷരം പഠിച്ചുതുടങ്ങുകയും 2017-ലെ അക്ഷരലക്ഷം പരീക്ഷയിൽ നാല്പതിനായിരത്തോളംപേരെ പിന്തള്ളി ഒന്നാംറാങ്ക് നേടുകയും ചെയ്തതായിരുന്നു കാർത്ത്യായനിയമ്മയെ പ്രശസ്തിയിലേക്കെത്തിച്ചത്.
സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനെ തുടർന്ന് അടച്ചുപൂട്ടുന്നു.കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് തൊഴിലാളികള്‍.
തൃശൂർ കൊരട്ടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി. തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചിരുന്നത്. കാർ യാത്രക്കാരൻ പെട്ടെന്ന് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
രണ്ടാം ത്രൈമാസ പുരോഗതി ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാം ത്രൈമാസ പുരോഗതി സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഏഴ് ആയിരുന്നു.
ചട്ടം ലംഘിച്ച് വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചെന്ന് ആരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസെടുത്തു. ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയുടെ വസതിയിലും സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് പരിശോധന നടത്തുന്നത്.
ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ വിഷ്ണു ഗോപാലാണ് അവാര്‍ഡിന് അര്‍ഹനായത്.
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എൻഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിലൊരാളാണ് ഷാഹിദ്.പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിര എൻഐഎ യുഎപിഎ ചുമത്തിയിരുന്നു.
ഓസ്ട്രേലിയക്കെതിരായ മത്സരം ജയിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി ഗ്രൗണ്ടിൽനടക്കുന്ന മത്സരത്തിൽ എതിരാളി അഫ്ഗാനിസ്ഥാനാണ്.