കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലു പേർക്കു കൂടി അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരൻ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്നു നടക്കുന്നത്. നാലുപേരുടെയും മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. രാവിലെയാണ് മോര്‍ച്ചറിയിൽ നിന്ന് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്.
കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓർത്തഡോക്സ് പള്ളികളിൽ ഞായറാഴ്ച കുർബാനയ്ക്കിടെ പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തിക്കായും വേർപാടിൻ്റെ വേദനയിൽ കഴിയുന്നവർക്ക് സമാധാനത്തിനായും പാർത്ഥിക്കണമെന്ന് കാതോലിക്ക ബാവ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കുവൈത്ത് ദുരന്തത്തില്‍ രണ്ട് ഡസനോളം മലയാളികളുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലും ലോകകേരള സഭയുമായി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാവ് വി.മുരളീധരന്‍. സമീപകാലത്തെ വലിയ ദുരന്തമാണ് കുവൈറ്റിൽ നടന്നതെന്നും, പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു കൂടാതെ ചികിത്സയിൽ കഴിയുന്ന എല്ലാവരേയും വിദേശകാര്യ സഹമന്ത്രി നേരിട്ടു കണ്ടു. എന്നാല്‍ ദുരന്ത പശ്ചാത്തലത്തിൽ പോലും മുഖ്യമന്ത്രി രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേന്ദ്ര സർക്കാരിനെതിരെ പറയുകയാണ്. പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കിൽ പിണറായി ഇത്തരത്തിൽ വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ സി.പി.എമ്മിനും പിണറായി വിജയനും മാത്രമെ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരിലും കേരളത്തിൽ ഇടത് സർക്കാരിലും ഒരു പോലെ കക്ഷിയായി തുടരുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. എച്ച് ഡി കുമാരസ്വാമി മൂന്നാം മോദി സർക്കാറിൽ മന്ത്രിയാണെങ്കിൽ അതേ പാർട്ടിയുടെ കേരള പ്രതിനിധി കെ കൃഷ്ണൻ കുട്ടി പിണറായി സർക്കാരിൽ മന്ത്രിയാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന – ദേശീയ നേതൃത്വങ്ങളും തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു
സിപിഎമ്മിന്‍റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ ബിജെപിക്ക് സഹായകമാവുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇടതില്ലെങ്കിൽ മുസ്ലീങ്ങൾ രണ്ടാം തരം പൗരൻമാരാകും എന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാൻ സി.പി.എം ശ്രമിച്ചു. ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിച്ച് സമരം ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. റയില്‍വെ ആക്ടും നിയമങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം പ്രതിദിന വിശ്രമം നിഷേധിക്കുന്നത് നിയമവിരുദ്ധമാണ് എന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും വിധികള്‍ നടപ്പിലാക്കില്ല എന്ന നിലപാടിനെതിരെ ജൂണ്‍ 1 മുതല്‍ ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ സമരത്തിലാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരനെന്നും, ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി. കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധിയെന്നും, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര മന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീ മന്ദിരത്തിൽ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധാന കേന്ദ്രലേക്ക് പോയി. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂര്‍ദ് പള്ളിയിലെ സന്ദര്‍ശനം.
തൃശൂരും പാലക്കാടും ഇന്ന് രാവിലെ 8.15 ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.
ആലപ്പുഴയില്‍ പരിപാടി തുടങ്ങാൻ വൈകിയതിന്‍റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ വേദിയില്‍ നിന്ന് ക്ഷോഭിച്ച് ഇറങ്ങിപ്പോയി. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ചുകൊണ്ടാണ് ജി സുധാകരൻ പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം.
സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ഫേസബുക്കില്‍ കുറിച്ചു. പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പോരാളി ഷാജിമാരെ സൈബർ പോലീസ് കണ്ടെത്തിയാൽ സി.പി.എം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സർക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്‍റെ വീട്ടിലെ കിണറിലെ വെള്ളത്തിന്റെ നിറം കടും നീലയായി മാറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം വന്നാല്‍ മാത്രമേ നിറംമാറ്റത്തിന്റെ കാരണം അറിയാന്‍ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്.
തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നും കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും പണം അപഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി.
ജൂണ്‍ 15ന് സ്മാർട്ട് റോഡുകളുടെ പണി തീരുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഉറപ്പ്. എന്നാൽ തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡ് നിർമ്മാണം ഇന്നും പൂർത്തിയായിട്ടില്ല. നഗരത്തിലെ മിക്ക റോഡുകളിലും ഇനിയും പണി ബാക്കിയാണ്. പൂർണ്ണതോതിൽ ഗതാഗതം തുടങ്ങാൻ ഇനിയും സമയം എടുക്കുമെന്നാണ് വിലയിരുത്തൽ.
വ്‌ളോഗർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കിയതായി എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ അറിയിച്ചു. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നും, അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു.
പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനമായി. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓണ്‍ലൈനായി യോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലെ ഒഴിവ് നികത്താൻ പിഎസ്‌സിക്ക് വിമുഖത. 32 ഒഴിവുണ്ടായിട്ടും 20 പേരെ മാത്രമാണ് ചുരുക്കപ്പട്ടികയുടെ മുഖ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടിക വിപുലീകരിക്കണമെന്ന് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തന്നെ കത്ത് നൽകിയിട്ടും പിഎസ്‍സിക്ക് വിമുഖതയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
2016ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച് മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭയാകാന്‍ കഴിഞ്ഞ ആറ് മാസമായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് മഞ്ചേരി നഗരസഭ അധികൃതര്‍ അറിയിച്ചു. നഗരസഭയില്‍ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവര്‍ക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കുന്നതിനോടൊപ്പം ഭിന്നശേഷിക്കാരുടെ സര്‍വേ തന്മുദ്ര പ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ച് ചോദ്യം ചെയ്തു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്.
കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമിയാണ് ബോംബ് എറിഞ്ഞതെന്നാണ് സൂചന. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായി.
മലപ്പുറം വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപിത്തം സ്ഥീരികരിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിൽ 30ൽ അധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഈ ഭാഗങ്ങളിലുള്ളവർ കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി സൂരജ് (49) ആണ് മരിച്ചത്. കണ്ണൂര്‍ ടൗൺ പൊലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നിൽ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ കയറി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സിപിഎം ഓഫീസ് മിശ്രവിവാഹങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ലാ സെക്രട്ടറി ശ്രീറാം. മിശ്രവിവാഹങ്ങള്‍ പാർട്ടി നടത്തിക്കൊടുക്കുമെന്നും ശ്രീറാം വ്യക്തമാക്കി. മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഓഫീസ് ആക്രമിച്ച സംഭവത്തിൽ 13 പേരെ അറസ്റ്റ് ചെയ്തു.
ഹജ്ജിന്റെ പ്രധാന കർമമായ അറഫാസംഗമം ഇന്ന്. ഇരുപത് ലക്ഷത്തിലേറെ ഹജ്ജ് തീർത്ഥാടകർ അറഫയിൽ സംഗമിക്കും. ഉച്ചയ്ക്ക് അറഫ പ്രഭാഷണത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഹജ്ജിനെത്തിയ ലക്ഷക്കണക്കിന് ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. സ്ഥലത്ത് വൻ സുരക്ഷാസന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മന്ത്രിമാർക്കും എംഎല്‍എമാർക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായി മധ്യപ്രദേശില്‍ 29000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാൻ സംസ്ഥാന സർക്കാർ ഉത്തരവ്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധം ഉയർത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വൻ വിവാദമായി. 50 മുതൽ 70 വർഷം വരെ പഴക്കമുളള മരങ്ങളാണ് കെട്ടിടങ്ങള്‍ നിർമ്മിക്കാനായി സർക്കാർ മുറിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബിജെപിക്കെതിരായ വിവാദ പ്രസ്താവന തിരുത്തി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാമന്‍റെ മഹത്വം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടവര്‍ അധികാരത്തിലെത്തിയെന്നാണ് തിരുത്തിയത്. അഹങ്കാരികളെ ശ്രീരാമന്‍ 241 സീറ്റിലൊതുക്കിയെന്ന് ബിജെപിയെ ഉന്നമിട്ട് ഇന്ദ്രേഷ് കുമാര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ശ്രീരാമനെ എതിര്‍
ത്തവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.