ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷപ്രതിഷേധത്തിൽ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നൽകിയ പരാതിയിൽ ഇപ്പോൾ ഒരു അന്വേഷണം നടക്കുകയാണ്. അത് തടസ്സപ്പെടുത്തൽ ആണോ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു. പ്രതി തന്നെ വാദി ആകുന്നുവെന്നും മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യം അല്ലെന്നും ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
റോജി എം ജോണിന്റെ നോട്ടീസിന് മറുപടിയായി ബാർ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. മദ്യ നയത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്‍റെ ഭാഗം മാത്രം ആയിരുന്നു. അതോടൊപ്പം മദ്യനയത്തിന്‍റെ പേരിൽ വന്ന ഓഡിയോ സന്ദേശത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ലെന്നും സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയുമുണ്ടായെന്ന് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതിനെ തുടർന്ന് ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായി. അവർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നുവൈകീട്ട് ദില്ലിയിൽ ചേരും. ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും. പദ്ധതി പ്രകാരം നിർധനരായ 2 കോടി പേർക്ക് കൂടി വീട് വച്ച് നൽകും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടുമെന്നും സൂചനയുണ്ട്. 30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആയേക്കും.
സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇത് സംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും.
ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽസിനിമയിൽ അഭിനയിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.
സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടി വിശദമയി പരിശോധിക്കാൻ സിപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും. സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിലിരുന്ന എക്സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറൽ സെക്രട്ടറി അനിൽകുമാറും വ്യക്തമാക്കി.
തൃശൂരിലെ ഡിസിസി ഓഫീസിന് മുൻപിൽ പ്രസിഡന്റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യമാറിയിച്ച് പോസ്റ്ററുകൾ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു.
തൃശൂർ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചു. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ രംഗത്തെത്തി. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു.
ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ. രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതിയെന്നും ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.
അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് സംസ്ഥാനനേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമാണ് അഡ്വ. ഹാരിസ് ബീരാൻ
ജൂലൈ 3 നുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് സിറോ മലബാർ സഭ മുന്നറിയിപ്പ് നൽകി. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് സർക്കുലർ ഇറക്കിയത്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം. സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ തുടരാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി എടുക്കുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർ പ്രീതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിന് പരാതി കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്ടർ പ്രീതി മൊഴിയെടുക്കുന്നതിലും മറ്റും വീഴ്ച വരുത്തിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് ഭീമമായ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്കാണ് 50000 രൂപയുടെ വൈദ്യുതി ബിൽ കെ എസ് ഇ ബി നൽകിയത്. സംഭവത്തെ തുടർന്ന് അന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നു.
കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം. ഇതനുസരിച്ച് 2022 ല്‍ പാഠ പുസ്തകത്തിന്‍റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുമുണ്ട്. പക്ഷേ പാഠപുസ്തകം ഇനിയും തയ്യാറായിട്ടില്ല.
യൂ ട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നല്ലളം പൊലീസ് കേസ് എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിനിടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറെ കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവർത്തകനായ ഷമ്മാസിനെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. ഷമ്മാസിൻ്റെ പിതാവിന്റെ പരാതിയിൽ കൊളത്തൂർ പൊലീസ് കേസെടുത്തു.
കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ/ ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തമിഴ് നാട് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കൊല്ലത്ത് ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ദില്ലിയിൽ അമിതവേഗതയിൽ വന്ന ആഡംബര കാർ നിയന്ത്രണം വിട്ട് ഇടിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഗോവിന്ദ്, അശോക് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗോവിന്ദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്. റൗണ്ട് 2 വേൾഡ് എന്ന യൂട്യൂബ് ചാനലിൽ കോമഡി ഉള്ളടക്കം അവതരിപ്പിച്ചിരുന്നവരാണ് മരിച്ചത്.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒൻപത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ എട്ടുപേരെ ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒരാളെ നെയിംഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
സൗദി അറേബ്യയില്‍ ചൂട് കൂടുന്നു. മക്കയിലും മദീനയിലും 45 മുതല്‍ 47 ഡിഗ്രി വരെയാണ് താപനില. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വരും ദിവസങ്ങളില്‍ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
ഇസ്രയേലിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നയങ്ങളിൽ വിയോജിച്ച് മന്ത്രി ബെന്നി ഗാന്റ്സ് രാജി വച്ചു. ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ് നേരത്ത വ്യക്തമാക്കിയിരുന്നു.