നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ തുടരുന്നു. രാവിലെ എട്ടുമണിയോടെ മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും
അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ.
മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് സിനിമാ രാഷ്ട്രീയ രംഗത്തുള്ളവർ. സിനിമക്ക് അകത്തും പുറത്തും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രിയ സുഹൃത്താണ് സലിം കുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം വേദനയുണ്ടാക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സലിം കുമാറിൻ്റെ വേർപാട് വേദന ഉണ്ടാക്കുന്നുവെന്നും ഒരുപിടി ഓർമകൾ ഉണ്ടെന്നും സംവിധായകൻ കമൽ. സഹപ്രവർത്തകൻ എന്നതിലുപരി ലൊക്കേഷനിൽ നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ചെയ്ത സഹോദരനാണ് സലിം കുമാറെന്ന് നടി നവ്യാ നായർ.
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയ്ക്ക് എതിരെയുള്ള തെളിവുകൾ ലഭിക്കാനായി എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കായി ഇഡി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു. 134 രേഖകൾ വേണമെന്നാണ് ഹർജിയിൽ പറയുന്നത്.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി.
കാഫിർ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടവും ഡിജിറ്റൽ തെളിവുകളും കണ്ടെത്താൻ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വീണ്ടും കത്തയക്കാൻ എസ്.ഐ.ടി യുടെ തീരുമാനം. മുൻപ് ലഭിച്ച വിവരങ്ങൾക്ക് പുറമേ കൂടുതൽ സാങ്കേതിക വിവരങ്ങൾ തേടിയാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്.
പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഉൾപ്പടെയുളളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ എൻടിഎ ഇത്തവണ വ്യോമസേനയുടെ സഹായം തേടും. മുൻപ് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കാൻ എൻ ടി എ ഈ നിർണായക തീരുമാനമെടുത്തത്.
തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.
ഗാര്‍ഹിക സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ചു. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.
ഡിജിറ്റൽ യുഗത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. സമീപകാലത്ത് ഗൾഫ് മേഖല സാക്ഷ്യം വഹിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്.
എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി എമിറേറ്റ്സും ഫ്ലൈദുബായും അടിയന്തര യാത്രാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
