നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുന്നതിനായി വിജ്ഞാപനം ഇറക്കും. പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെ ചർച്ചയ്ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധി പ്രധാനമായും ചോദിച്ചറിയുന്നത് സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണെന്ന് കേരളത്തിലെ നേതാക്കൾ. ആരാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് രാഹുൽ ചോദിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ അന്തിമ തീരുമാനമാകാത്തത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. വമ്പൻ ജയത്തിന് മങ്ങലേൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്നും വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ് പ്രതീക്ഷ പങ്കുവെച്ചു.
മുഖ്യമന്ത്രി തീരുമാനം ഇതിനെക്കാൾ വൈകിയ കാലമുണ്ടായിട്ടുണ്ടെന്ന് ഡൽഹിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചർച്ച വൈകുന്നതിൽ പ്രശ്നമില്ല തീരുമാനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകീട്ടില്ലെന്നും ഇനി വൈകാൻ പാടില്ലെന്നും എം എം ഹസൻ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇപ്പോൾ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങളെന്ന് സെൻ്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച്.
കേരളത്തിലെ കോൺഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കോൺഗ്രസിന് ജയിപ്പിച്ചു വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തീർക്കാൻ ശേഷിയുള്ള നേതൃത്വമില്ലെന്നും സുപ്രഭാതം കുറ്റപ്പെടുത്തി.
കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്ളാമിയെയും മുസ്ലിം ലീഗിനെയും ഭയന്നിട്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം.
സ്ത്രീകള്ക്ക് സൗജന്യയാത്രയെന്ന ഗ്യാരണ്ടി പാലിക്കാൻ കെ എസ് ആർ ടി സിക്ക് സർക്കാർ നൽകേണ്ടി വരിക ഏകദേശം 90 കോടി രൂപ. ഓർഡിനറി, ഫാസ്റ്റ് ബസുകളിൽ മാത്രമായി സൗജന്യ യാത്ര ചുരുക്കിയാലും 60 കോടി രൂപ കണ്ടത്തേണ്ടി വരും.
സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് ജയരാജനും വിശദീകരിച്ചു.
നവകേരള ബസ് യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സമരക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനത്തിൽ പുനരന്വേഷണം വേണമെന്ന് എഡി തോമസ്. യുഡിഎഫ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താൽ ഉടൻ പരാതി നൽകുമെന്നും നിയുക്ത എംഎൽഎ പറഞ്ഞു.
അമ്പലപ്പുഴ നിയുക്ത MLA ജി. സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.
കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. കായംകുളം ഏരിയാ കമ്മിറ്റി അംഗമായ പ്രതിഭയോട് പ്രവർത്തനം തകഴിയിലേക്ക് മാറ്റാൻ സിപിഐഎം നേതൃത്വം നിർദ്ദേശിച്ചു.
ആറ്റിങ്ങൽ എം എൽ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്.
പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സൈബർ ലീഗുകാർക്കെതിരെ വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട്. ‘സൈബർ ലീഗിന്റേത് മാന്യത ഇല്ലാത്ത പ്രതികരണമാണെന്ന് അവർ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുന്നതിന് പുതിയ സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന് സമര സമിതി. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന് അറിയാത്തതിനാൽ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്.
ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. നോൺ വെജ് വിഭവങ്ങളുടെ വിലയിലും വർധനവുണ്ടാകും. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്.
ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇന്നലെ ബജാജ് ഫൈനാൻസിൽ നിന്നും ജീവനക്കാർ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം പശ്ചിമ ബംഗാൾ പൊലീസിൻ്റെ ശുപാർശ പ്രകാരം സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നൽകി.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് 145 പേരുടെ പിന്തുണയായി. എ ഐ എ ഡി എം കെ യിലെ 24 എംഎൽഎമാരും ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞു.
തമിഴ്നാട് നിയമസഭയിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകർ സ്പീക്കർ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യ അറിയിച്ചു. എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്ലറ്റുകൾ പൂട്ടാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക.
ടിവികെയുടെ തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട് തോൽവിയിലെ ഡിഎംകെ ഹർജിയിലാണ് ഉത്തരവ്.
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്വാദി പാർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയുള്ള പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എംപിയുടെ വിമർശനം.
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്പോർട്ട് ഇൻഡക്സ്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പാസ്പോർട്ട് 78-ാം സ്ഥാനത്താണ്. മറ്റ് രാജ്യങ്ങളുടെ വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും ആഗോളതലത്തിലുള്ള പുനഃക്രമീകരണങ്ങളുമാണ് ഇന്ത്യയെ റാങ്കിങ്ങിൽ പുറകോട്ടാക്കിയത്.
ലോകത്തെ ഏറ്റവും വലിയ ഇന്റര്നെറ്റ് സെര്ച്ച് എഞ്ചിന് സേവനമായ ഗൂഗിള് തടസപ്പെട്ടു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കൾ ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു.
തിരുവനന്തപുരം കവടിയാർ സ്വദേശിയായ നിഖിൽ ഷെറിൻ തമ്പി വൻ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡൺ ബോറോ കൗൺസിലിലെ കൂൾസ്ഡൺ ടൗൺ വാർഡിൽ നിന്ന് രണ്ടാം തവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടണിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി തിരിച്ചടി നേരിട്ടതിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജി ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ലേബർ പാർട്ടിയുടെ 70ലധികം എംപിമാർ കെയർ സ്റ്റാർമർ രാജിവെക്കണമെന്ന് ആവശ്യമുയർത്തി രംഗത്തെത്തി.
ഇറാൻ്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ്റെ വ്യോമതാവളത്തിൽ അഭയം നൽകിയെന്ന് റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ആണ് പാകിസ്ഥാൻ്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ്റെ വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയത്.
