മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി ആകെ 5 കോടി 38 ലക്ഷം രൂപയാണ് പിരിച്ചത്. 3 കോടി 68 ലക്ഷം രൂപ ഭൂമി വാങ്ങാനായി ചെലവായെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ ഉണ്ടെന്ന് കെ.സി. വേണുഗോപാൽ. എന്നാൽ പദ്ധതി പൂർത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നതെന്നും അക്കൗണ്ടിലൂടെ അല്ലാതെ തങ്ങൾ പണം പിരിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അതേസമയം, 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽഗാന്ധിയും പങ്കെടുക്കും.
ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാർത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവുമെന്നും ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയ്ക്ക് കഴിയില്ലെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ഇതുവരെ പ്രഖ്യാപിച്ചതൊന്നും നടപ്പാക്കാത്ത പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും പ്രതികരിച്ചു.
പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നതെന്നും ഭൂരിഭാഗം സർവേകളും വിശ്വാസ്യത ഇല്ലാത്തതാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സർവേകൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം. 77 മുതൽ 81 സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ കിട്ടുമെന്നും എൻഡിഎ പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയിച്ചേക്കാമെന്നും ലോക്പോൾ സർവ്വേയിൽ പറയുന്നു.
ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇടത് പക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാൻ സാധിക്കില്ല. അവർക്കൊപ്പം എന്നും നിൽക്കുന്നവരാണ് ഇടതുപക്ഷമെന്നും എംഎ ബേബി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൈരളി ന്യൂസിനെതിരെ എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക് സിംഗ്‌വി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ആ കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു.
ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഇനി ഡൽഹിയിലും ചർച്ചകൾ നടക്കും. അത് കൊണ്ടാണ് ബില്ല് മാറ്റി വെച്ചതെന്നും ബില്ലിനെ കുറിച്ച് ഇന്ന് മോദി എന്തിനു പറയണം, ഇന്നലെ കിരൺ റിജിജു തന്നെ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശി. പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് അല്ലാതായിരിക്കാൻ തനിക്ക് കഴിയില്ല. ഒരു യുഡിഎഫ് നേതാവുമായും താൻ ചർച്ച നടത്തിയിട്ടില്ല. പിന്തുണയുമായി യുഡിഎഫ് ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും പികെ ശശി പറഞ്ഞു.
വെൽഫെയർ പാർട്ടി പേരാമ്പ്രയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്നും വിട്ട് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. എല്ലാ മണ്ഡലങ്ങളിലും കൺവൻഷൻ ഉണ്ടെന്നും സ്ഥാനാർത്ഥി വരേണ്ട കാര്യമില്ലെന്നുമാണ് വെൽഫെയർ പാർട്ടിയുടെ പ്രതികരണം.
ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കർ 44,000 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്നു. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് കപ്പലിന് നാവികസേന അകമ്പടി നൽകും. ഗ്രീൻ ആശ, ജഗ് വിക്രം എന്ന ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി ഉടൻ ഹോർമുസ് കടക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ടെന്ന് ശോഭ കരന്ദ്ലജെ. ഹൈന്ദവർക്ക് ഇതിൽ ആശങ്കയുണ്ട്. പരിഹാരത്തിനു കേരളത്തിൽ എൻഡിഎ സർക്കാർ വരണമെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിആർ ശിവശങ്കറിൻ്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ശോഭ കരന്ദ്ലജെയുടെ വിവാദ പരാമർശം.
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് കൗൺസിലർക്കെതിരെയുള്ള ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദേശീയ എസ് സി കമ്മീഷൻ ഇടപെടൽ. കേരള ഡിജിപിയോടും പാലക്കാട് എസ്പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. കുറ്റവാളികളെ അറസ്റ്റ് ചെയ്ത തീയതിയും ഫയൽ ചെയ്ത എഫ്ഐആർ ഉൾപ്പടെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം.
ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. ബുധനാഴ്ച മുതലാണ് ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും 2 പെണ്മക്കളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരെ നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോർട്ട്. എസ്‌ഐആറിനെതിരെ പെട്ടെന്നുണ്ടായ പ്രതിഷേധമല്ല എന്നും നൂറോളം പേർ തടിച്ചുകൂടിയെന്നും സഹായത്തിനു വേണ്ടി പ്രാദേശിക ജില്ല ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ പടരുന്നു. കനത്ത ചൂടും മണിക്കൂറിൽ 50 മൈൽ വേഗതയിൽ വീശുന്ന കാറ്റും തീ ആളിപ്പടരാൻ കാരണമായി. ഇ.തിനകം 4,000 ഏക്കറിലധികം സ്ഥലത്ത് തീ പടർന്നു. തീ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗത്തെ താമസക്കാരോട് വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലുകൾ മൂലം നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ്. 365 പേർക്ക് പരിക്കേറ്റു. രണ്ടു പൈലറ്റുകളെ രക്ഷിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാൻ വെടിവച്ചിട്ട എഫ്-15 പോർവിമാനത്തിലേയും എ-10 പോർവിമാനത്തിലെയും ഓരോ പൈലറ്റുകളെ വീതമാണ് രക്ഷിച്ചത്.
ഇറാൻ യുദ്ധം കടുപ്പിക്കുന്നതായി റിപ്പോർട്ട്. ഹോർമുസിന് അപ്പുറത്തേക്ക് സമുദ്ര ഉപരോധം വ്യാപിപ്പിക്കാൻ ഇറാൻ നീക്കം നടത്തുന്നുവെന്നും ഹോർമുസിന് പിന്നാലെ തന്ത്ര പ്രധാനമായ ബാബ് എൽ-മാൻഡേബ് കടലിടുക്ക് ഇറാൻ ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബാബ് എൽ-മാൻഡേബിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അറിയിച്ചു.
ഇറാനെതിരായ യുദ്ധത്തിന് ചെലവ് കൂടിയതോടെ യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ യുഎസ് കോൺഗ്രസിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനയാണിത്.
