ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7നായിരിക്കും വിധി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരുഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.
ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത് ആയിരുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നുവെന്നും തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറയാം, സഖാവ് പറഞ്ഞതുകൊണ്ട് താൻ ഒപ്പിടുകയാണ് ചെയ്തതെന്നും സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു, അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താൻ ഒപ്പിട്ടു ഇനിയും പുറത്തു നിന്നാൽ സർക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിൻ്റെ മൊഴി.
ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സമാനമായ ഫ്ലെക്സി നിരക്കുമായി കെസ്ആർടിസിയും. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയര്‍ത്താനും യാത്രക്കാർ കുറയുന്ന ദിവസങ്ങളിൽ നിരക്ക് 15 ശതമാനം താഴ്ത്താനും കഴിയുന്ന ഫ്ലക്സി നിരക്ക് സംവിധാനമായിരുന്നു ഇതുവരെ. എന്നാൽ ഇങ്ങനെ ദിവസം നോക്കാതെ എപ്പോൾ തിരക്ക് കൂടുന്നവോ അപ്പോൾ നിരക്കുയർത്താനും യാത്രക്കാർ കുറയുമ്പോൾ നിരക്ക് താഴ്ത്താനുമുള്ള “ഡൈനാമിക് റിയല്‍ ടൈം ഫ്ലക്സി ഫെയര്‍’ സംവിധാനമാണ് ഇനി മുതൽ നടപ്പാക്കാൻ കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്.
ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വിവി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു.
ഇ-ബസ്സുകൾ നഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ് പറഞ്ഞതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ടെന്നും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി പറഞ്ഞു.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കമായത്.
വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആലപ്പുഴയിൽ ഒരു ബാറിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. 3,56,000 രൂപ നൽകിയതിൻ്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എംഡിക്ക് നൽകിയതിൻ്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ബാറുകളിൽ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയിൽ തെളിഞ്ഞു. മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ ജില്ലയിൽ നിരോധിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം. ശീതീകരിച്ച ഇറച്ചി ഉപയോഗിക്കാൻ പോലും അനുമതി ഇല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിരോധനം തുടരണോ എന്ന കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം, ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ എന്ന ഓർമപ്പെടുത്തലുമായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കളക്ടറുമായി ഹോട്ടലുടമകൾ ചർച്ച നടത്തിയിരുന്നു അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ സമരം.
മറ്റത്തൂരിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജി വച്ച് പാർട്ടിക്ക് വിധേയരാകണമെന്ന് ഡി സി സി അധ്യക്ഷന്റെ അന്ത്യശാസനക്ക് മറുപടിയുമായി മുൻ കോൺഗ്രസ് നേതാവ് ടി എം ചന്ദ്രൻ. ഡി സി സിയോട് ചർച്ചയില്ലെന്നും കെ പി സി നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും ടി എം ചന്ദ്രൻ പറഞ്ഞു.
സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ഇഡിയുടെ ചോദ്യം ചെയ്യലിൽ നടൻ ജയസൂര്യ വ്യക്തമാക്കി. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല സേവ് ബോക്‌സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്.
ജപ്പാൻ ജ്വരം പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ജൻവാക്’ വാക്സിനേഷൻ ക്യാമ്പെയ്ൻ ജനുവരിയിൽ തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്ക് വാക്സീനേഷൻ നൽകും. ആദ്യ ഘട്ടത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചും, മാർച്ച് മാസത്തോടെ അങ്കണവാടികൾ കേന്ദ്രീകരിച്ചുമാണ് വാക്സീൻ നൽകുക.
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകും. അടുത്ത മാസം 7 നകം ലോഗോയും പേരും നൽകണമെന്നും തെരെഞ്ഞെടുക്കുന്ന പേര് നിർദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി അറിയിച്ചു.
പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ സിഐ മർദ്ദിച്ചതായി പരാതി. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈജുമോൻ സിവി ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അടിമാലി സ്വദേശി പി ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേ സമയം, അനിൽകുമാർ പോലീസ് സ്റ്റേഷനിൽ അനാവശ്യമായി ബഹളമുണ്ടാക്കിയെന്ന് സി ഐ ലൈജുമോന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്.
തന്നെ വധിക്കാൻ ശ്രമിച്ചെന്ന് വിപിൻ പറഞ്ഞു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവർ അറസ്റ്റിലായി. മൂന്നുലക്ഷം രൂപയുടെ പലിശപ്പണം തിരിച്ചടച്ചില്ലെന്ന് പറഞ്ഞാണ് ആദ്യം മർദിച്ചത്. പിന്നാലെ ശ്രീകേഷിൻ്റെ വീട് ആക്രമിച്ചത് താനാണെന്ന് പറഞ്ഞ് മർദനം തുടർന്നുവെന്നും വിപിൻ പറയുന്നു.
പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കടുത്തുരുത്തി എംഎൽഎ ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.
കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ 1991 ലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്.
കന്നഡ സീരിയൽ നടി നന്ദിനി സി.എമ്മിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 26 വയസായിരുന്നു. ബെംഗളൂരുവിലെ കെങ്കേരിയിലെ താമസസ്ഥലത്താണ് നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കർണാടകയിലെ കൊപ്പളയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കിട്ടിയത്. ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രത. ഏറ്റുമുട്ടലിനെ സാമുദായിക സംഘർഷമാക്കി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ രണ്ട് മാസത്തേക്ക് വിലക്കേർപ്പെടുത്തി. ഓൺലൈൻ വാർത്താ പോർട്ടലുകളെയാണ് വിലക്കിയിരിക്കുന്നത്.
ദില്ലി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ മർദിച്ച കേസിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ കേസിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബിഎൻഎസ് സെക്ഷൻ 115, 126, 351 പ്രകാരമാണ് വീരേന്ദർ സെജ്‌വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്‌വാൾ, അങ്കിത് ധവാനെന്ന യാത്രക്കാരനെ മർദിച്ചത്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്‌നാട്. പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്. നാടുകാണിക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകളായ പാട്ടവയല്‍, താളൂര്‍, ചോളാടി ചെക്‌പോസ്റ്റുകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് ജെയിംസ് ചെരിക്കൽ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളിൽ നിന്ന് താൽക്കാലികമായിനീക്കി.
അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ആഗസ്റ്റിൽ നടന്ന ആക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടത്. ഗാസ തലവൻ മുഹമ്മദ് സിൻവർ ഉൾപ്പെടെ ഉള്ളവരുടെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരത്തേ ഇസ്രായേൽ സേന അവകാശപ്പെട്ടിരുന്നതാണ്. മുഖം മറച്ച് പ്രത്യക്ഷപ്പെട്ടുള്ള വാർത്താ സമ്മേളനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അബൂ ഉബൈദ.
