20251017 141017 0000

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സർക്കാരിന്‍റെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചകാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും മുൻപും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകൾ മുന്നോട്ടു പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്ന നിർദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

 

ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സംതൃപ്തിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ധനവകുപ്പിന് ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും തകര്‍ന്ന് പോകില്ല നമ്മൾ മുന്നോട്ട് പോകും, ട്രഷറി അടച്ചുപൂട്ടും എന്നുള്ള ആരോപണങ്ങൾ വരെ ഉണ്ടായി എന്നാല്‍ ഇപ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരികകുകയാണ്. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് പറയാറ് ചെയ്യാൻ പറ്റും എന്നാണ് വിശ്വാസം എന്നും മന്ത്രി പറഞ്ഞു.

 

എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സര്‍ക്കാറിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും എന്നാൽ, എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് നാലര കൊല്ലം ഇത് ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നൂറിലധികം സീറ്റുമായി 2026 ൽ യുഡിഎഫ് തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

ആശ വർക്കർമാർക്കായി സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ 264 ആം ദിവസം സമരം ചെയ്യുന്ന ആശമാർ വ്യക്തമാക്കി. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതിയുടെ യോഗം ഇന്ന് ചേരും. പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു.

 

പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള പിൻമാറ്റത്തിന് ശേഷം സിപിഐ നേതാക്കൾക്കെതിരെ ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മന്ത്രി ജിആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻ കുട്ടി നടത്തിയത്. ജിആർ അനിൽ സിപിഐ ഓഫീസിനു മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻ കുട്ടി പറഞ്ഞു. പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായൻ എന്ന് പറഞ്ഞത്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചുവെന്നും ശിവൻകുട്ടി പറഞ്ഞു. കൂടാതെ എന്റെ കോലം എന്തിനു കത്തിച്ചു.എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാൻ ബിനോയ്‌ വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ്‌ പറഞ്ഞുവെന്നും ശിവൻകുട്ടി പറഞ്ഞു.

 

മന്ത്രി ശിവൻ കുട്ടിയുടെ വിമർശനങ്ങളോട് പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ശിവൻ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് ജിആർ അനിൽ പറഞ്ഞു. ഞങ്ങൾ തമ്മിൽ കോളേജ് വിദ്യാർത്ഥികൾ ആയിരുന്ന കാലം മുതൽ അടുപ്പമുണ്ട്. സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതൽ പരിചയമുണ്ട്. താൻ ഒരിക്കലും മോശപ്പെടുത്തുന്ന വാക്കു പറയുന്ന ആളല്ല. അദ്ദേഹവും തന്നെപ്പറ്റി അങ്ങനെ പറയില്ലെന്നും ജിആർ അനിൽ പറഞ്ഞു.

 

ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നടത്തിയ ഘോഷയാത്രയിലെ പ്രദർശനങ്ങൾ വിവാദമായതിൽ വിശദീകരണവുമായി സംഘാടകരായ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്. പ്രദർശനത്തിൽ മൃഗങ്ങളുടെ കോലം ഉൾപ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും മതപരമായ അർത്ഥമില്ലെന്നുമാണ് വിശദീകരണം. ഇതേ തുടർന്ന് അവർ തെറ്റിദ്ധാരണകളിൽ ഖേദം പ്രകടിപ്പിച്ചു.

 

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബർ രണ്ടിന് ന‌ത്തുന്നതിൽ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ ഡിസിസി പ്രസിഡന്‍റടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും എഫ് ഐ ആറില്‍ പറയുന്നു.

 

താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലീസ് ഉറപ്പ് നല്കി. ഫ്രഷ് കട്ട്‌ സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സർവ്വകക്ഷി യോഗം വിളിച്ചത്. ഫ്രഷ് കട്ടിന്‍റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടർക്ക് നൽകിയിരിക്കുന്നത്.

 

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, അദ്ദേഹത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

 

അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ലെന്ന് പരാതി. നാഗലശ്ശേരി പഞ്ചായത്തിന് മുന്നിൽ രണ്ട് മക്കളേയും ചേർത്ത് പിടിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ അറിയിച്ച് വീട്ടമ്മ. നാഗലശ്ശേരി പഞ്ചായത്തിൽ 7-ാം വാർഡിൽ ഇടിഞ്ഞു പൊളിഞ്ഞ തറവാട്ടു വീട്ടിൽ താമസിക്കുന്ന മേനാത്ത് വീട്ടിൽ പ്രബിതയും ഭർത്താവ് വിജയനുമാണ് വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടത്.

 

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, ഭൂപരിഷ്കരണ നിയമം ലംഘിച്ച് മൂപ്പിൽ നായർ കുടുംബത്തിന് ഭൂമി പതിച്ചു നൽകുന്ന സംഭവത്തിൽ കലക്ടറുടെ ഇടപെടൽ. പാലക്കാട് മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമി രജിസ്ട്രേഷൻ കലക്ടർ തടഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും കൈമാറ്റവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞിരിക്കുകയാണ്.

 

അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തില്‍ പ്രതിഷേധിച്ച് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ. പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുനൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. മണ്ണിടിച്ചിൽ മേഖലയിലേക്ക് തിരികെ പോകാനുളള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്നും അന്തേവാസികൾ പറഞ്ഞു. അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.

 

കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. അച്ഛനും രണ്ടാനമ്മയും അതിക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കുഞ്ഞിൻ്റെ കൊലപാതകം നടത്തിയത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

 

പരിശീലനത്തിനിടെ ക്രിക്കറ്റ് ബോൾ കൊണ്ടുള്ള പ്രഹരമേറ്റ് 17കാരന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ മെൽബണിലാണ് ബെൻ ഓസ്റ്റിൻ എന്ന 17കാരൻ മരിച്ചത്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ചിരുന്ന 17കാരൻ നെക്ക് ഗാ‍ർ‍ഡ് ധരിച്ചിരുന്നില്ല. പരിശീലനത്തിന് ക്രിക്കറ്റ് ബോളുകൾ എറിയാൻ ഉപയോഗിക്കുന്ന വാംഗറിൽ നിന്നുള്ള പന്താണ് 17കാരന്റെ ജീവനെടുത്തത്.

 

എസ്ഐആർ ജനാധിപത്യ വിരുദ്ധമാണെന്നും രാജ്യത്ത് എവിടെ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിശക്തമായി എതിർക്കുമെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ ഷെഡ്യൂള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എസ്ഐആറിന്‍റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.

 

ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചുവെന്ന് ബീഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ തേജസ്വിയും രാഹുലും സൗഹൃദം നടിക്കുന്നത് ഗുണ്ടാരാജ് തിരിച്ചു കൊണ്ടു വരാനാണെന്നും മോദി മുസഫർപൂരിലെ റാലിയിൽ പറഞ്ഞു. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തിൻറെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്നും മോദി പറഞ്ഞു.

 

കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ 5 മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്നാട്‌ പൊലീസ്. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിൽ ആണ് അറസ്റ്റ്. സന്തോഷ്‌, സുജിത് ലാൽ, ജയൻ , മുരുകൻ , കുഞ്ഞുമുഹമ്മദ്‌ എന്നിവർ ആണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്‌, തൃശൂർ സ്വദേശികൾ ആണ് ഇവർ. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ കാർ തടഞ്ഞായിരുന്നു മോഷണം.

 

കുവൈത്തിൽ വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി കേസുകളിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ജീവനക്കാർക്ക് തടവുശിക്ഷ. കൗൺസിലർ അബ്ദുൾവഹാബ് അൽ-മുഐലിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യൻ പ്രവാസിയും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചതിനും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

 

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്‍റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു.

 

ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിസെ ബൂസാനിൽ വച്ച് ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. അതിശയിപ്പിക്കുന്ന പുതിയ തുടക്കങ്ങൾ ഉണ്ടാവുമെന്നാണ് അമേരിക്ക ചൈന ബന്ധത്തേക്കുറിച്ച് വ്യാഴാഴ്ച ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *