ബദാം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കലവറയാണ് ബദാം. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. അഞ്ച് അല്ലെങ്കില്‍ ആറ് ബദാം വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയ നാരുകള്‍ വയറിന് കൂടുതല്‍ സംതൃപ്തി നല്‍കുകയും. കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിക് കുറയുകയും ചെയ്യുന്നു. ഇത് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ചര്‍മത്തിലും മുടിയിലും നല്ല മാറ്റങ്ങളും പ്രതിഫലിച്ചു തുടങ്ങും. ബദാമില്‍ വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. ഇത് വീക്കം കുറച്ച്, രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം മികച്ചതാക്കാനും സഹായിക്കും. ഇത് അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കും. ബദാം തൊലിയോട് കൂടിക്കഴിക്കുന്നത് മികച്ച പ്രീബയോട്ടിക്‌സാണ്. ഇത് കുടലിലെ നല്ല ബക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത് മികച്ചതാണ്.
ബദാം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം!
