ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം 27 ന് തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ് പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും.ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്.ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ കേരള സന്ദർശനം തുടരുന്നു. ഇന്ന് രാവിലെ പത്തരക്ക് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഉച്ചയ്ക്ക് ശിവഗിരിയിൽ മഹാസമാധി ശതാബ്ദി ആചരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് കോട്ടയത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി വൈകീട്ട് പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി കുമരകത്താണ് ഇന്ന് തങ്ങുക. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്‍.
മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ അടക്കം പങ്കെടുത്തു. 2024ൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദാണ് കെആർ നാരായണൻ്റെ പ്രതിമ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. അന്നത്തെ ഗവർണ്ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് നടപടികൾ തുടങ്ങിയത്. ഒമാൻ സന്ദർശനത്തിലായതിനാൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുത്തില്ല.
മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ജാതിക്കും മതത്തിനും എതിരായ ഗുരു എടുത്ത നിലപാടുകൾ നിർണ്ണായകമാണ്. ആധുനിക കാലത്തും ഗുരുദർശനങ്ങൾ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ശിവഗിരിയിൽ മഹാസമാധിയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം.
വയനാട് തിരുനെല്ലി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികളോടുള്ള ക്രൂരതയില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ മന്ത്രി ഒ ആർ കേളുവിന് പ്രിയങ്ക ഗാന്ധി കത്തയച്ചു. അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കിയ വിദ്യാർത്ഥികൾ ആണ് മനുഷ്യരെ നാണിപ്പിക്കുന്ന സാഹചര്യങ്ങളിൽ കഴിയുന്നതെന്നും മോശം സാഹചര്യത്തിൽ കുട്ടികൾക്ക് താമസിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും പ്രിയങ്ക പറഞ്ഞു, വിദ്യാർഥികളെ ആറളത്തേക്ക് മാറ്റുന്നത് ആശങ്കാജനകമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിസെന്നും വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും സിപിഎം പ്രവർത്തകർ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപത്തായിരുന്നു താൻ ഉണ്ടായിരുന്നതെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.തന്നെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും സിഐ പറഞ്ഞു. സസ്പെൻഷൻ നടപടി മാത്രമാണ് ഉണ്ടായത്. അതിനുശേഷം സർവീസിൽ തിരിച്ചെടുത്തുവെന്നും സി ഐ അഭിലാഷ് ഡേവിഡ് വ്യക്തമാക്കി.
സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവാണ് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ പി ജെ ജോൺസൺ. മന്ത്രി എന്നല്ല, എംഎൽഎ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്‍റെ പോസ്റ്റ്.
ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. മോട്ടോർ ഡ്രൈവിംഗ് സ്കൂളുകൾ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ MVD പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.
ജില്ലാ ലോട്ടറി ഓഫസറുടെ പരാതിയിൽ ഓണം ബംബർ ലോട്ടറി മാതൃകയിൽ നറുക്കെടുപ്പ് നടത്തിയ കൊല്ലത്തെ വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസ്. സിപി എം ആഭിമുഖ്യത്തിലുള്ള സംഘടനയാണിത്. സംഘടന പ്രസിഡന്‍റ് , സെക്രട്ടറി, ട്രഷറര്‍ എന്നിവർക്കെതിരെ കൊല്ലം ഈസറ്റ് പോലിസാണ് കേസെടുത്തത്. മഹാ ഓണം ബംബർ എന്ന പേരിലാണ് ലോട്ടറി അടിച്ചത്.ഇത് യഥാർത്ഥ ബംബർ എന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എഫ് ഐആറില്‍ പറയുന്നു.
റെസ്റ്റോറന്‍റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ് എന്ന പേരിൽ 41 റെസ്റ്റോറന്റുകളിൽ പരിശോധന നടത്തി. കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്. സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയും, വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്.
വെമ്പായം പഞ്ചായത്തിൽ നിന്നും അസി. എൻജിനിയറുടെ അരലക്ഷം രൂപ കവർന്ന മോഷ്ടാവിനായി അന്വേഷണം. ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചായത്ത് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന തൊഴിലുറപ്പ് അസി.എൻജിനിയർ വിഷ്ണുവിൻ്റെ സ്കൂട്ടറിൽ നിന്നാണ് പണം മോഷ്ടിച്ചത്. സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ലഭിക്കുകയും പിന്നാലെ വട്ടപ്പാറ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ നഗരൂർ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.
എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ നടന്ന സദാചാര ആക്രമണത്തിൽ നിയമ നടപടിയുമായി കേരള ലളിതകലാ അക്കാദമി. ഫ്രഞ്ച് കലാകാരിയായ ഹനാൻ ബനാമറിന്‍റെ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞവർക്കെതിരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ഹോചിമിന്‍റെ ആക്രമണം. എന്നാൽ മുന്നറിയിപ്പോടെയായിരുന്നു പ്രദർശനമെന്നാണ് ഉള്ളടക്കത്തിൽ അശ്ലീലമുണ്ടെന്ന ആരോപണത്തിന് ലളിതകലാ അക്കാദമിയുടെ മറുപടി.
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത. തുടർന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി സംഘര്‍ഷത്തിൽ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് ആരെയും പിടികൂടാനായിട്ടില്ല. സമരസമിതി നേതാക്കളടക്കം ഒളിവിലാണ്. സംഭവത്തില്‍ 30 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമക്കുറ്റമാണ്. കോഴിക്കോട് ജില്ലയിൽ ചിക്കൻ മാലിനും സംസ്കരിക്കാൻ ഉള്ളത് താമരശ്ശേരിയിലെ ഏക കേന്ദ്രം മാത്രമാണ്. ഫ്രഷ് കട്ട് സംസ്‍കരണ കേന്ദ്രത്തിന്റെ ശേഷി 30 ടൺ മാത്രമാണ് എന്നാൽ ഫ്രഷ് കട്ട് ദിവസവും 100 ടൺ മാലിന്യമാണ് ശേഖരിക്കുന്നത്.
എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി, മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാംപ്രതി, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികൾ എന്നിങ്ങനെയാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്.
ദില്ലിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ബീഹാറിലെ ഗുണ്ട സംഘ തലവൻ ഉൾപ്പെടെ നാലു പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഗുണ്ട തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ദില്ലി രോഹിണിയിൽ പുലർച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
മെഡ്ചലിലെ രാംപള്ളി ഗ്രാമത്തിൽ ബുധനാഴ്ച കന്നുകാലി വ്യാപാരിയുടെ വെടിയേറ്റ് സ്വയം പ്രഖ്യാപിത ഗോരക്ഷകന് ഗുരുതരമായി പരിക്കേറ്റു. രാംപള്ളി നിവാസിയായ സോനു സിംഗ് എന്ന പ്രശാന്തിനാണ് വെടിയേറ്റത്. ഇയാൾ പ്രാദേശത്തെ ഗോശാലയിൽ ജോലിക്കാരനാണ്. ഹൈദരാബാദ് സ്വദേശിയായ കന്നുകാലി വ്യാപാരി ഇബ്രാഹിം എന്നയാളാണ് വെടിവെച്ചതെന്ന് ആരോപണമുയർന്നു.
പ്രസവത്തിനിടെ വയറിനുള്ളിൽ ബാൻഡേജ് മറന്ന് വച്ചതിൽ നിന്നുള്ള അണുബാധ മൂലം യുവതി മരിച്ച സംഭവത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. ഡെറാഡൂൺ ചീഫ് മെഡിക്കൽ ഓഫീസർ മനോജ് ശർമ്മയുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കാൻ നാലംഗ സമിതി രൂപീകരിച്ചത്. മരിച്ച യുവതിയുടെ ഭർത്താവ് പ്രജ്വൽ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ജ്യോതി പാൽ എന്ന യുവതിയായിരുന്നു മരണമടഞ്ഞത്.
വായു മലിനീകരണത്തിന് പിന്നാലെ ആശങ്കയായി ദില്ലിയിൽ യമുന നദിയിൽ വിഷപ്പതയും ഉയരുന്നു. ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത നശിപ്പിക്കാൻ പ്രത്യേക ദൗത്യം തുടങ്ങിയിരിക്കുകയാണ് ദില്ലി സർക്കാർ. എന്നാൽ താത്കാലിക നടപടി കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് നാട്ടുകാർ പറയുന്നു. ഛഠ് പൂജയ്ക്ക് ഭക്തർ മുങ്ങാൻ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാൻ ബോട്ടുകൾ ദില്ലി സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്. ഫ്രോത്ത് സപ്പ്രെഷൻ ഡ്രൈവ് എന്നാണ് ദൗത്യത്തിന് പേര്.
ബിഹാർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിച്ച് മഹാഗഡ്ബന്ധൻ. ആർജെഡി നേതാവ് തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി സഖ്യം തെരഞ്ഞെടുത്തത്. സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം, പത്രസമ്മേളനത്തിന്റെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ ഒഴിവാക്കി തേജസ്വിയെ മാത്രം ഉൾപ്പെടുത്തിയതും വിവാദമായി. അതേസമയം, പോസ്റ്ററിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വെട്ടിയതിൽ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി.
ഡൊണാൾഡ് ട്രംപ് ഭരണകൂടം റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ട്രംപ്-പുടിൻ ഉച്ചകോടി ബുഡാപെസ്റ്റിൽ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഉപരോധം.
ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തില്ല. ഉച്ചകോടിയിൽ പങ്കെടുക്കാൻ താൻ മലേഷ്യയിലെ ക്വാലലംപൂരിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. പകരം വിർച്വലായി പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക.
യുഎസും യൂറോപ്പും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന്, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. റഷ്യൻ എണ്ണയുടെ രാജ്യത്തെ പ്രധാന സ്വകാര്യ ഉപഭോക്താക്കളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്നതിനോ പൂർണ്ണമായും നിർത്തുന്നതിനോ ആലോചിക്കുന്നതായി രണ്ട് റിഫൈനറി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളിൽ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ല എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ മുന്നറിയിപ്പ്. ജീവനും സമ്പദ്‌വ്യവസ്ഥയ്ക്കും സംരക്ഷണം നൽകാൻ അതിവേഗ മുന്നറിയിപ്പ് സംവിധാനങ്ങൾ വിപുലീകരിക്കണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ദുരന്തങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ വർദ്ധിപ്പിക്കുക, കാലാവസ്ഥാ സേവനങ്ങൾ ശക്തിപ്പെടുത്തുക, നിരീക്ഷണ ശൃംഖലകളും ഡാറ്റാ കൈമാറ്റവും വിപുലീകരിക്കുക, ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗം അടിവരയിട്ട് പറഞ്ഞത്.
