സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്കെത്തി. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും പ്രതിഷേധങ്ങള്‍ക്കിടെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ കോൺഗ്രസ് -ലീഗ് അംഗങ്ങൾ ആരുമില്ല, സ്ഥലം എംപിയും പരിപാടിയിൽ ഇല്ല, എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷമെന്നും നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രിയുടെ ഉത്തരവ് പ്രകാരം കൊച്ചി നഗരത്തിൽ എയർ ഹോണുകൾ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. എയർ ഹോൺ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. ഇതേ തുടർന്ന് റോഡ് റോളറിന്റെ ഉടമ ഒരാഴ്ചയ്ക്കകം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.
പിഎം ശ്രീ പദ്ധതിക്കെതിരെ നാളത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർപ്പ് ഉന്നയിക്കും. ചർച്ച കൂടാതെ തീരുമാനം എടുത്തതിൽ സിപിഐയ്ക്ക് അമർഷമുണ്ട്. അതേസമയം എതിർത്താലും മുന്നോട്ട് പോകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഫണ്ട് പ്രധാനമെന്ന നിലപാടിലാണ് സിപിഎം. പിഎം ശ്രീയിൽ ചേരാതെ തമിഴ്നാട് എസ്എസ്ഐ ഫണ്ട് നേടിയെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോൾ പിഎം ശ്രീയിൽ നിന്ന് മാത്രമായി മാറി നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പദ്ധതി സഹകരണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ന്യായം.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയ്ക്ക് കൈമാറി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയും നാളെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയും 23ന് മുതൽ രാവിലെ 6 മണി 12.30 മണി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്തിയില്ല എന്ന് റിപ്പോർട്ട്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
ഹാൽ സിനിമ വിവാദത്തിൽ ചിത്രം കാണാൻ കേരള ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കാത്തോലിക്ക കോൺഗ്രസ് പ്രതിനിധിയും സെൻസർ ബോർഡിന്റെ പ്രതിനിധികളും സിനിമ കാണാൻ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയിൽ വച്ചാണ് സിനിമ കാണുക. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, ഉൾപ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്. ഉടന്‍ തന്നെ വിഷയം പരിഹരിക്കാം എന്ന ഉറപ്പാണ് നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
ആലപ്പുഴ തുറവൂരിൽ പൊലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കൾ സംഘം ചേർന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹസീർഷ, ചേർത്തല സ്റ്റേഷനിലെ സിപിഒ സനൽ എന്നിവർക്കാണ് പരിക്കേറ്റത്.
തലസ്ഥാനത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടി നടന്നത്.ലഹരി കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയുമെല്ലാം പാർട്ടിയിൽ പങ്കെടുത്തു. സംഭവത്തിൽ തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും.
അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേർ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്‌ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ് നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഉപരോധിക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ആരോപണം. അതേസമയം ഇന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാകലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു.
പാലക്കാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കറായ ദീപയുടെയും പരേതനായ രാമദാസന്‍റെ മകനാണ് ദീപക്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം സ്വദേശികളായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ‘ എന്നിവരാണ് മരിച്ച മലയാളികള്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. ദ്വിഭാഷാ നയത്തിൽ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആർടിഇ സീറ്റുകളിലെ വിഹിതത്തിൽ കേന്ദ്രം വഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ചെറുത്തുനിൽപ്പ്. സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതല്ലെന്ന നിലപാടിൽ തമിഴ്നാടും എം.കെ.സ്റ്റാലിനും ഉറച്ച് നിൽക്കുകയാണ്.
വാഹനങ്ങൾക്കുള്ളിലെ കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി സുരക്ഷാ അവബോധ കാമ്പയിൻ ആരംഭിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം(എംഒഐ). അപകടങ്ങളൊഴിവാക്കാനും സുരക്ഷിതരാകാനും ഡ്രൈവർമാർക്കായി ആഭ്യന്തര മന്ത്രാലയം സുപ്രധാന നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
ഹൈദരാബാദിൽ ആശുപത്രിയിൽ വച്ച് കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവച്ച് കൊന്നു. ഷെയ്ഖ് റിയാസ് എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദ് ആശുപത്രിയിൽ ആണ് സംഭവം. റിയാസിനെ പിടികൂടാൻ ഏറെക്കാലമായി അന്വേഷണത്തിലായിരുന്നു തെലങ്കാന പൊലീസ്. കഴിഞ്ഞ ഞായറാഴ്ച ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രമോദ് കുമാർ എന്ന കോണ്‍സ്റ്റബിൾ കൊല്ലപ്പെട്ടു. പ്രമോദിനെ റിയാസ് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ റിയാസിനെ പൊലീസ് പിടികൂടി.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി. നഗരത്തിൽ ശരാശരി വായുഗുണനിലവാരം മൂന്നൂറ്റി അൻപത് രേഖപ്പെടുത്തി. കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടി തുടങ്ങി. നിയന്ത്രണങ്ങൾ മറികടന്ന് വ്യാപകമായി പടക്കം പൊട്ടിച്ചതും, അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂട്ടിയത്.
ഇന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂർ അടക്കം പരാമർശിച്ചാണ് കത്ത്. ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും മോദി കത്തില്‍ പറയുന്നു. ശ്രീരാമൻ നൽകിയ ഉപദേശത്തിന്റെ നിലവിലെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും മോദി പറഞ്ഞു.
ഗാസയിലെ പലസ്തീൻ ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിന് സിംഗപ്പൂർ എന്ന് പേരിട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധകാലത്ത് സിംഗപ്പൂർ നൽകിയ സഹായത്തിന് ആദരസൂചകമായിട്ടാണ് രാജ്യത്തിന്റെ പേരിട്ടത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ലവ് എയ്ഡ് സിംഗപ്പൂരിന്റെ പ്രാദേശിക സൂപ്പ് കിച്ചണിലാണ് കുഞ്ഞിന്റെ പിതാവ് ജോലി ചെയ്തിരുന്നത്.
പുണെയിലെ പ്രശസ്തമായ ശനിവാർവാഡ കോട്ടയിൽ മുസ്ലീം സ്ത്രീകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപി രാജ്യസഭാ എംപി മേധ കുൽക്കർണി ശുദ്ധീകരണം നടത്തിയ നടപടി വിവാദത്തിൽ. ശുദ്ധീകരണ’ സംഭവത്തെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി അപലപിച്ചു. ശനിവാർവാഡയിൽ മുസ്ലീം സ്ത്രീകൾ നമസ്‌കരിക്കുന്നത് കണ്ട് ബിജെപി പ്രവർത്തകർ ശുദ്ധീകരണത്തിനായി അവിടെ ഗോമൂത്രം തളിക്കുകയായിരുന്നു.
ബീഹാറിലെ സഖ്യത്തിൽ കല്ലുകടിക്കിടയാക്കിയത് ആർജെഡിയുടെ പിടിവാശിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസിന് നല്കിയ ചില സീറ്റുകളിലും ആർജെഡി പേരുകൾ നിർദ്ദേശിച്ചു. ‘വിഐപി’യെ മുന്നണിയിൽ നിറുത്തിയതും രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തത് കൊണ്ടാണ്. സൗഹൃദ മത്സരം ചില സ്ഥലങ്ങളിൽ നല്ലതെന്ന് ആർജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും.
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വരുന്നത് ഇത് തുടർച്ചയായി പതിനൊന്നാം തവണയാണ്. അതേസമയം, 20 മില്യൻ ജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ അനിവാര്യമെന്ന് ഡെമോക്രാറ്റ് പാർട്ടി പ്രതികരിച്ചു. ധനാനുമതി ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും പ്രതികരിച്ചു.
ട്രംപ് ഭരണകൂടത്തിലെ യുഎസ് പ്രസിഡന്റ് ഓഫീസ് ഓഫ് സ്പെഷ്യൽ കൗൺസിലിന്റെ തലവനായി നാമനിർദേശം ചെയ്യപ്പെട്ട പോൾ ഇൻഗ്രാസിയയുടെ ചാറ്റ് ചോർന്നു. കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തായത്. വ്യാഴാഴ്ച സെനറ്റിന്റെ വാദം കേൾക്കാനിരിക്കെയാണ് ഇൻഗ്രാസിയയുടെ ചാറ്റ് ചോർന്നത്.ചൈനക്കാരനെയോ ഇന്ത്യക്കാരനെയോ ഒരിക്കലും വിശ്വസിക്കരുതെന്നും, ആഫ്രിക്ക മുഴുവൻ ഒരു വൃത്തികെട്ട കുഴിയാണെന്നും അത് എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും ഇയാളുടെ ചാറ്റിലുണ്ട്.
മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കാളികാവ് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയില്‍, കല്ലംകുന്ന് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നതായി സ്ഥിരീകരിച്ചത്. ഒരു കിലോമീറ്ററിനുള്ളില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.പുറ്റംകുന്നിലെ അഞ്ചു കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കും കല്ലംകുന്നിലെ ഒരു കുട്ടിക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ കുറൂപൊയിലിലെ ഒരാൾക്കും രോഗം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ ചികിത്സക്ക് വിധേയരായവരും വേറെയുമുണ്ട്.
