20250825 140804 0000

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത് എന്നിവരും മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയും. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയുംകുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂവെന്നും അവർ അഭിപ്രായപ്പെട്ടു.

 

സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും ശമിക്കാതെ നേപ്പാൾ പ്രക്ഷോഭം. പ്രക്ഷോഭകർ മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭക‍ർ അറിയിച്ചു. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ മരിച്ചത് 19 പേരാണ്. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. അതേ സമയം ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.

 

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ പ്രക്ഷോഭകാരികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.

 

നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ മലയാളി വിനോദ സഞ്ചാരികൾ കാഠ്മണ്ഡുവിൽ കുടുങ്ങി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡു‍വിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്.

 

രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ല ജനങ്ങളോട് ബാധ്യസ്ഥനെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി.മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി.

 

ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഓണം കളറാക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർത്ഥമായി പ്രവർത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങൾ എന്നാണ് മന്ത്രി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്. ഓണക്കാലത്ത് ഇരുപതിനായിരം കോടി രൂപയാണ് സാധാരണക്കാരുടെ കൈകളിൽ എത്തിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകുമെന്നും ഡോ. ബിന്ദു പറയുന്നു.

 

സംസ്ഥാനത്തെ പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന വിമർശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നൽകിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാൽ പൊലിസ് ആസ്ഥാനം മറുപടി നൽകിയില്ല. ഇതിനെ തുടർന്നാണ് പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താറുമാറാകുകയാണ് എന്ന് യോഗേഷ് ഗുപ്ത വിമർശനം ഉന്നയിച്ചത്.

 

ചരിത്ര നേട്ടവുമായി കെ എസ് ആർ ടി സി. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.13 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്. ഓണം കഴിഞ്ഞ് ഉണ്ടായ യാത്രികരുടെ എണ്ണം വർധിച്ചതാണ് ഈ ചരിത്രനേട്ടത്തിന് പിന്നിൽ.

 

എക്കാലവും കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ട വ്യക്തിയാണ് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചടയൻ ഗോവിന്ദന്റെ 27-ാം ഓർമ്മദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാർക്കശ്യത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർടിക്ക്‌ എന്നും കരുത്തായെന്നും പിണറായി വിജയൻ ഓ‍ർമിച്ചു.

 

പൊലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്റ്റുകാരാണെന്ന് മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്. എല്ലാ സർക്കാരിന്റെ കാലത്തും പുഴുക്കുത്തുകൾ പൊലീസിൽ ഉണ്ടായിട്ടുണ്ടെന്നും, രമേശ് ചെന്നിത്തല അടക്കമുള്ളവർ അവരുടെ സർക്കാരിൻ്റെ കാലത്തുള്ള പൊലീസിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതാണെന്നും തോമസ് ഐസക് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ പ്രതിസന്ധിയിലായ കോൺഗ്രസ് അത് മറികടക്കാനാണ് ഇപ്പോൾ പൊലീസ് വിഷയം ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആലപ്പുഴയിൽ നടക്കാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ ഇ ഇസ്മായിലിന് ക്ഷണമില്ല. തന്നോട് നേതൃത്വം കാണിച്ചത് അവഗണനയെന്ന് ഇസ്മായിൽ പറഞ്ഞു. എന്തുകൊണ്ട് സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കണം. ഇത്ര കാലം പാർട്ടിക്ക് വേണ്ടി പണിയെടുത്ത് തന്നോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

 

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി. ഹർജി നാളെ വീണ്ടും പരിഗണിക്കും.

 

ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 12 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.

 

സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ മുതൽ കുപ്പികൾ തിരികെ വാങ്ങൽ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 20 ഷോപ്പുകളിലായിരിക്കും മദ്യക്കുപ്പികൾ തിരികെ ഏൽപ്പിക്കാൻ കഴിയുന്നത്. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യക്കുപ്പി കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20രൂപ തിരികെ നൽകും.

 

പാലക്കാട് പുതുനഗരത്തും ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പന്നി പടക്കം പൊട്ടിയ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. രണ്ടിടത്ത് നിന്നും കണ്ടെത്തിയ പന്നിപ്പടക്കങ്ങൾ ഒരേ രീതിയിൽ ഉണ്ടാക്കിയതാണെന്ന കണ്ടെത്തലാണ് പൊലീസിനെ ഈ നിഗമനത്തിലേക്ക് എത്തിച്ചത്. പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടി പരിക്കേറ്റ ഷെരീഫിൻ്റെ സൗഹൃദ വലയങ്ങളും സംശയമുണർത്തുന്നതാണെന്ന് പൊലീസ് പറയുന്നു.

 

ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റിയതു സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി. ഹൈകോടതി അനുമതിയില്ലാതെ ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാൽ സ്വർണപ്പണികൾ സന്നിധാനത്ത് നടത്തണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. എന്നാൽ സ്വര്‍ണപ്പാളിക്ക് കേടുപാടുണ്ടെന്നും പരിഹരിക്കണമെന്നും ഇതിനായാണ് ഇളക്കിമാറ്റിയതെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് വിശദീകരിക്കുന്നത്.

 

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി. പരിപാടി തടയണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സമാന സ്വഭാവത്തിലുളള ചില ഹർജികൾ നിലവിൽ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയിൽ ഉണ്ട്. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിർദേശം.

 

ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയർമാനായി നിയമിച്ച സർക്കാർ നടപടി സ്റ്റേ ചെയ്തു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. ഇതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിന് തുടരാം. അശോകിന്റെ ഹർജി ചൊവ്വാഴ്ച വീണ്ടും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കും.കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്.

 

മുൻ മന്ത്രി കെടി ജലീൽ എംഎൽഎക്കെതിരെ ആരോപണവുമായി മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ. ഭാര്യയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ ഇടപെട്ടുവെന്നും ചട്ടങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് നാടുനീളെ പറയുന്ന കെടി ജലീൽ ജീവിതത്തിൽ അത് പകർത്തുന്നില്ല എന്നും സിദ്ദീഖ് പന്താവൂർ കുറ്റപ്പെടുത്തി.

 

മനുഷ്യപുലി’ക്കൂട്ടങ്ങളെ കണ്ട് വിസ്മയത്തിലായി കേരളം സന്ദര്‍ശിക്കാനെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘാംഗങ്ങള്‍. കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി തൃശൂരില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഘത്തിനാണ് പുലികളി ആസ്വദിക്കാന്‍ അവസരം ലഭിച്ചത്.

 

പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തൽ. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

 

പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തലിനോട് പ്രതികരിച്ച് ജോലിക്കാരി ബിന്ദു. റിപ്പോർട്ട് വന്നപ്പോൾ പ്രയാസം തോന്നിയെന്നും എന്നാൽ ഇപ്പോൾ സന്തോഷം തോന്നുന്നുണ്ടെന്നും ബിന്ദു പറഞ്ഞു. പൊലീസാണ് ഇത് ചെയ്യിപ്പിച്ചത് ഓമന ഡാനിയേൽ മാലകിട്ടിയെന്ന് അറിയിച്ചിട്ടും പൊലീസുകാരായ പ്രസന്നനും പ്രസാദും വീണ്ടും ആ കുറ്റം തൻ്റെ തലയിൽ വെക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.

 

പൊലീസ് മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ കാല്‍ വിരൽ മുറിച്ചുമാറ്റേണ്ടി വന്നെന്ന പരാതിയുമായി തെങ്ങണ സ്വദേശി ബിജു തോമസ്. കോട്ടയം തൃക്കൊടിത്താനം പൊലീസിനെതിരെയാണ് പരാതി. സാമ്പത്തിക തർക്കത്തിൽ പരാതി നൽകാനെത്തിയപ്പോൾ എസ്എച്ച്ഒ മർദ്ദിച്ചു, സംഭവം നടന്നത് 2024 ഏപ്രിലിലാണ് അന്ന് തൃക്കൊടിത്താനം എസ്എച്ച്ഓ ആയിരുന്ന ജി. അനൂപിനെതിരെയാണ് പരാതി.

 

കുണ്ടറയിലെ സൈനികൻ്റെ മരണം കസ്റ്റഡി മർദ്ദനമെന്ന പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ തേടി തോംസൺ തങ്കച്ചൻ്റെ അമ്മ. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി. 2024 ഡിസംബർ 27നാണ് 32 കാരനായ തോംസൺ മരിച്ചത്. കുണ്ടറ പൊലീസിൻ്റെ ക്രൂര മർദ്ദനമാണ് മകൻ്റെ മരണത്തിന് കാരണമെന്നാണ് അമ്മയുടെ പരാതി.

 

തനിക്കെതിരായ പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൊടിയ പീഡനം നേരിട്ടതായി ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജ്. അകാരണമായി പൊലീസ് മർദിച്ചെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നും ബാബുരാജ് പറയുന്നു. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി.

 

നടിയുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ഇന്നലെ രാത്രി മുബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സനൽകുമാര്‍ ശശിധരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിടുകയായിരുന്നു. നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് സനൽകുമാര്‍ ശശിധരനെതിരെ കേസെടുത്തത്.

 

പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് സംവിധായകൻ സനൽകുമാര്‍ ശശിധരൻ. നടിയുടെ പരാതിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സനൽകുമാര്‍ ശശിധരൻ. മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ നിയന്ത്രിക്കുന്നതെന്നും നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്നും നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്‍റെ പോരാട്ടമെന്നും സനൽകുമാർ പറഞ്ഞു.

 

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ ഒമ്പതരയോടെയാണ് വേടന്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലായിരുന്നു വേടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.അറസ്റ്റ് ചെയ്താലും ഉടന്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.

 

പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡിന്റെ വാതിൽ പൊളിച്ച് വാൾവുകൾ മോഷ്ടിച്ച 2 പേർ അറസ്റ്റിൽ. ആലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേരാമംഗലം മണലിക്കാട് എന്ന സ്ഥലത്താണ് മോഷണം. കുനിശ്ശേരി സ്വദേശികളായ നൂർ മുഹമ്മദ്(33), മുരളീധരൻ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഏകദേശം 30,000 രൂപ വില വരുന്ന 4 പൈപ്പുകളാണ് ഇവർ മോഷ്ടിച്ചത്.

 

ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചിരുന്നു. ഇവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം.

 

മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. അരീക്കോട് സ്വദേശി നിഹാസിനെ ആണ് അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രണ്ട് പശുക്കൾ ചത്തു. കാലി കച്ചവടക്കാരൻ ഹിതാഷിന്റെ പശുക്കൾ ആണ് ചത്തത്. കഴിഞ്ഞ ദിവസം നിഹാസ് ഒരു പശുവിനെ ഹിതാഷിന് വിറ്റിരുന്നു. പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് പിന്നിലുള്ള പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

 

വയനാട് ജനവാസ മേഖലയിൽ കടുവയും പുലിയും ഏറ്റുമുട്ടി. കൽപ്പറ്റ പെരുന്തട്ടയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കേയാണ് വന്യജീവി സംഘർഷം ഉണ്ടായത്. സ്ഥലത്ത് അടർന്നുവീണ പുലിയുടെ നഖവും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി നാട്ടുകാർ പറഞ്ഞു.

 

കാട്ടു പന്നി സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ (45)ആണ്‌ മരിച്ചത്. കൂടത്തായി മുടൂർ വളവിൽ വെച്ച് കാട്ടു പന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . മല്ലികാർജ്ജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും വോട്ടു ചെയ്യാനെത്തി. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്ത് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി രാവിലെ തന്നെ എംപിമാർ എത്തിയിരുന്നു. എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു എന്നാൽ പ്രതിപക്ഷത്തിൻ്റേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

 

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. ഇന്നലെ രാത്രി കുളു ജില്ലയിലെ നിർമണ്ട്‌ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. ശേഷം പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും.

 

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പട്നയുമായി ബന്ധിപ്പിക്കുന്ന സർവീസ് പിന്നീട് ബിഹാറിലെ ദർഭംഗയിലേക്കോ സീതാമർഹിയിലേക്കോ വ്യാപിപ്പിക്കും. ദില്ലിക്കും പട്നയ്ക്കും ഇടയിൽ പ്രയാഗ്‌രാജ് വഴിയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. 11.5 മണിക്കൂറിൽ യാത്ര പൂർത്തിയാക്കും.

 

സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരേ ആരോപണങ്ങളുമായി പുതുച്ചേരി എംഎൽഎ. മുന്‍ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്കയാണ് മന്ത്രിമാർക്കെതിരെ സ്പീർക്കർക്ക് പരാതി നൽകിയത്. ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

 

സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ അനുവാദമില്ലാതെ ചിത്രങ്ങളടക്കം ദുരുപയോഗം ചെയ്യുന്നു .വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണം.ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേസ് അടുത്തവർഷം ജനുവരി 15 ലേക്ക് മാറ്റി ഇടക്കാല ഉത്തരവ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.

 

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനെയും 44 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും വഹിച്ച് ഗാസയിലേക്ക് സഹായവുമായി പോയ കപ്പൽ ഇസ്രയേൽ ആക്രമിച്ചു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില കപ്പലാണ് ടുണീഷ്യൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചത്. ആക്രമണത്തിൽ ആറ് യാത്രക്കാരും ജീവനക്കാരുമടക്കം ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചു. എന്നാൽ പോർച്ചുഗീസ് പതാക വഹിച്ച് പോയ കപ്പലിൽ തീപിടിത്തമുണ്ടായതാണെന്നും ഡ്രോൺ ആക്രമണമല്ലെന്നുമാണ് ടുണീഷ്യ സർക്കാരിൻ്റെ പ്രതികരണം.

 

നോർവേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളിൽ 87 സീറ്റുകളിൽ ഭൂരിപക്ഷം നേടി. വലതുപക്ഷ കൂട്ടായ്മയ്ക്ക് 82 സീറ്റുകളാണ് ലഭിച്ചത്. വോട്ടെണ്ണൽ 99 ശതമാനം പിന്നിട്ടതോടെയാണ് പ്രധാനമന്ത്രി നേരിട്ട് തങ്ങൾ ജയിച്ചെന്ന് അവകാശപ്പെട്ട് ജനത്തെ അഭിസംബോധന ചെയ്തത്.

 

ചെസ്സില്‍ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കക്കാരനായ പതിനാറുകാരന്‍. ഫിഡെ ഗ്രാന്‍ഡ് സ്വിസ്സിന്റെ അഞ്ചാം റൗണ്ടില്‍ അഭിമന്യു മിശ്രയാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ വംശജനാണ് മിശ്ര. ക്ലാസിക്കല്‍ ചെസ്സില്‍ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരിക്കുകയാണ് മിശ്ര.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *