ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും, ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമാണെന്നും, മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു.
സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിശ്വാസികളെ കൂടി ചേർത് വർഗ്ഗീയതയെ ചെറുക്കാനാണ് ശ്രമം അതിന്‍റെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ചു കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോള്‍ നിലപാട് പറയുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും പാണക്കാട് തങ്ങളും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ല സെക്കുലർ ഭരണകൂടം എന്നു പറഞ്ഞാൽ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട് എന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പ് ആണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നത്. ഇതിലേക്ക് അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ക്ഷണിക്കാനാണ് ശ്രമം.
കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ജി എസ് ടി പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു പഠനവും നടത്താതെയാണ് ജി.എസ്.ടി പരിഷ്കരണം. നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് 8000 കോടി നഷ്ടമുണ്ടാകും നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുമെന്നും ഇതിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നും കെ.എൻ. ബാലഗോപാൽ അറിയിച്ചു.
വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര. പുതുക്കിയ വോട്ടർ പട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്‍റെ വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്ന് അനിൽ അക്കര ആരോപിച്ചു. സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസം എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അനിൽ അക്കരപറഞ്ഞു.
1962 മുതൽ ഇന്ത്യയുടെ മുഖ്യശത്രുവായ ചൈനയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ബന്ധത്തെ വാഴ്ത്തുന്ന എം.എ. ബേബിയെ പോലുള്ള സി.പി.എം നേതാക്കൾ അന്ധമായ ചൈന ഭക്തരാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ പിലിപ്പ് പറഞ്ഞു. ചൈന പിടിച്ചടക്കിയ ഇന്ത്യയുടെ ഭാഗമായ അക്സായ് ചിൻ പ്രദേശം വിട്ടു തരാനാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ചൈനയോട് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പനവൂര്‍ പഞ്ചായത്തിലെ പരിശോധനയിൽ സാമഗ്രികകള്‍ വിതരണം ചെയ്തവര്‍ക്ക് അനര്‍ഹമായി ജിഎസ്‍ടി ഇനത്തിൽ പണം നൽകിയെന്ന് കണ്ടെത്തി. കോമ്പോസിഷൻ സ്കീമിലുള്ളവര്‍ക്ക് ഉപഭോക്താക്കളിൽ നിന്ന് ജിഎസ്ടി പിരിക്കാനാവില്ല. വിറ്റുവരവിൽ നിന്ന് നികുതി സര്‍ക്കാരിന് അടയ്ക്കുകയാണ് വേണ്ടത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി പ്രകാരം സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ജിഎസ്ടി നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ ഓംബുഡ്സ്മാൻ നിര്‍ദ്ദേശ പ്രകാരം പനവൂര്‍ പഞ്ചായത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
പാലക്കാട് സ്കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ കല്ലേകാട് സ്വദേശി സുരേഷിൻ്റെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തി. സുരേഷിന് പുറമെ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരും കസ്റ്റഡിയിലായി. ഇവർ നിർമ്മാണ തൊഴിലാളികളാണ്. ഇവർ ബി ജെ പി പ്രവർത്തകരെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം, പാലക്കാട് മൂത്താൻതറയിലെ സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടായത്.
താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നർ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്. ഇപ്പോഴും പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. വളവിൽ നിന്നും തിരിക്കുമ്പോൾ കണ്ടെയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒമ്പത് കാട്ടാനകളുടെ ശവശരീരങ്ങളാണ് കണ്ടെത്തിയത്. വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആനക്കൂട്ടം ഒലിച്ചുപോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക അനുമാനം. എന്നാൽ പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാലാണ് വന്യജീവി പ്രവർത്തകർ സംശയമുന്നയിച്ചത്. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.
കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ PT 5 എന്ന ചുരുളികൊമ്പന് രണ്ടാം ഘട്ട ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നൽകിയ പ്രാഥമിക ചികിത്സ ഫലം കാണാത്തതോടെയാണ് അടുത്ത ഘട്ട നടപടിയിലേക്ക് നീങ്ങുന്നത്. മയക്കുവെടി വെച്ച് പിടികൂടി ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികിൽസിക്കാനായിരിക്കും നീക്കം.
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അമീബയും ഫംഗസും ഒരേസസമയം തലച്ചോറിനെ ബാധിച്ച കേസുകളിൽ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം. ബാങ്കിൽ പലിശയടക്കമുള്ള മുഴുവൻ തുകയും നൽകാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി മുൻ എംഎൽഎ വിപി സജീന്ദ്രൻ അറിയിച്ചു. 2019ൽ സ്വാതി മണപ്പുറം ഫിനാൻസിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗർഭിണിയായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു..
വ്യാജ പീഡന പരാതിയെ തുടർന്ന് കോടതി വെറുതെ വിട്ട മൂന്നാറിലെ കോളേജ് അധ്യാപകൻ ആനന്ദ് വിശ്വനാഥൻ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം നേതാവ് എസ് രാജേന്ദ്രൻ. പരാതിയുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയ ശേഷം തന്നെ സമീപിച്ചിരുന്നു. പരാതി നൽകിയതോടെ അധ്യാപകൻ ക്രൂരമായി പെരുമാറുന്നു എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മര്‍ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്.
റോബിൻ ബസ് വീണ്ടും തമിഴ്നാട് ആർടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റോഡ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ ബി ജെ പി വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യത്തെ കോൺഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഹാറിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇരു നേതാക്കളും രാഷട്രീയത്തിന് അപമാനമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്ന് നാല് മരണം. ബൽറാംപൂരിലാണ് മിന്നൽ പ്രളയമുണ്ടായത്. ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരെ കാണാതായി. സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജിഎസ്ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാവും. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗൺസിൽ ചർച്ച ചെയ്യും. ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിച്ചേക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ ഉയർന്നു. പ്രളയ മുന്നറിയിപ്പിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. പഞ്ചാബിൽ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്.
പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം.
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് വിമാനങ്ങൾ കത്തിയമർന്നു. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. അമേരിക്കയിലെ ഫോർട്ട് മോഗൻ മുൻസിപ്പൽ വിമാനത്തിൽ രണ്ട് ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളറാഡോയ്ക്ക് വടക്ക് കിഴക്കാണ് ഫോർട്ട് മോഗൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.
ഷീന ബോറ കൊലപാതക കേസിൽ തന്റെ മൊഴി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഇന്ദ്രാണി മുഖർജിയുടെ മകൾ വിധി മുഖർജി. ഇന്ദ്രാണിയും ഭർത്താവ് സഞ്ജീവ് ഖന്നയുടേയും മകളാണ് ദൃക്സാക്ഷി വിചാരണയ്ക്കിടെ കോടതിയിൽ നിർണായക മൊഴി നൽകിയത്. കേസിൽ കോടതിയിൽ സമർപ്പിച്ച തന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും തന്റെ മാതാപിതാക്കളെയും കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്നുമാണ് വിധി മുഖർജി മൊഴി നൽകിയിട്ടുള്ളത്.
സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡ് തുടങ്ങി ചൈന. രണ്ടാം ലോക മഹായുദ്ധ വിജയം അനുസ്‌മരിച്ച് ബീജിങ്ങിൽ നടക്കുന്ന വൻ പരേഡിൽ വടക്കൻ കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമാണ് മുഖ്യാതിഥികൾ. പതിനായിരം സൈനികർ അണിനിരക്കുന്ന പരേഡിൽ അത്യാധുനിക ആയുധങ്ങളുടെ പ്രദർശനവുമുണ്ടാകും.
റഷ്യയുടെ അത്യാധുനിക ഫൈറ്റര്‍ ജെറ്റായ സുഖോയ് എസ് യു-57 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യത. റഷ്യയുടെ നിക്ഷേപ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് എസ് യു 57 വിമാനങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി മാറിയേക്കും. റഷ്യന്‍ പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ റഷ്യയുമായി അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാർ നൽകിയിരിക്കുന്നത്. അടുത്ത വർഷത്തോടെ അവസാനത്തെ രണ്ടെണ്ണം കൂടി ഇന്ത്യയിലെത്തും.
ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണെന്ന് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. തീരുവ കൂടുതലായതിനാൽ അമേരിക്കൻ ഉത്പന്നങ്ങള്‍ ഇന്ത്യയിൽ വിൽക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും ട്രംപ് പറഞ്ഞു. ഇത് പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ അമിത നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ അമേരിക്കൻ മാര്‍ക്കറ്റിലേക്ക് അത്തരത്തിലുള്ള തടസങ്ങളൊന്നുമില്ലാതെയാണ് വിൽക്കാൻ അനുവദിച്ചിരുന്നതെന്നും ട്രംപ് പറഞ്ഞു.