ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ബൂത്ത് ലെവൽ ഓഫീസർ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാർത്ഥ വീട്ടുനമ്പറുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോൺഗ്രസ്, ആർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു.
സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിച്ചവര്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നരവര്‍ഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷന്‍കാര്‍ഡുടമകളാണ് അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്.
താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നുവെന്നും ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം കാഞ്ചനയ്ക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക് രാഹുലിനോട് ഉള്ളതെന്നും ബ്ലാക്‌മെയ്ൽ ഒന്നും അല്ലല്ലോ അല്ലേയെന്നും പദ്മജ ചോദിച്ചു.
സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തി വന്ന ജിവികെ ഇഎംആര്‍ഐയ്ക്കു സര്‍ക്കാര്‍ വക ഉപകാരസ്മരണ. രണ്ടു സംസ്ഥാനങ്ങളില്‍ ശിക്ഷാനടപടി നേരിട്ട വിവരം മറച്ചു വെച്ചതിന് സാങ്കേതിക ടെന്‍ഡര്‍ പരിശോധനാ വേളയില്‍ പുറത്താകേണ്ട കമ്പനിയെ രേഖകള്‍ പരിശോധിക്കാതെ പരിഗണിച്ചത് 2019 ല്‍ ലഭിച്ച 250 കോടിയുടെ കമ്മിഷന്‍ സ്മരണയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസിൽ ഇരുവിഭാഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സർവീസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും. പുതുതായി കെഎസ്ആർടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.
നാളെ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തിലേക്ക് എത്തിയിരിക്കുകയാണ് വള്ളംകളി പ്രേമികൾ. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരുപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും.
കോഴിക്കോട് കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം. അക്യൂപങ്ചർ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂർവം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. കൂടാതെ ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത് നിയമം നിഷ്കർഷിക്കുന്ന രജിസ്ട്രേഷൻ ഇല്ലാതെയാണെന്നും ചികിത്സാരേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയുട്ട്.
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
രാഹുൽ ഗാന്ധിയ്ക്ക് കീഴിൽ കോൺഗ്രസ് അഴിമതിയും നുണയും ചൂഷണവും നിറഞ്ഞൊരു പാർട്ടിയായി അധ:പതിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ആ പാർട്ടി രാഷ്ട്രീയമായി എത്രമാത്രം തരംതാണിരിക്കുന്നു എന്ന് വ്യക്തമാവുകയാണെന്നും രാജ്യത്തെ മറ്റനേകം അമ്മമാരെപ്പോലെ വലിയ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചാണ് ആ അമ്മയും തന്‍റെ മക്കളെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചാർ ധാം തീർത്ഥാടന യാത്രയുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). എസി ടൂറിസ്റ്റ് ട്രെയിനിൽ 17 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഇന്ത്യൻ റെയിൽവേ സംഘടിപ്പിക്കുന്നത്. 8,157 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന യാത്ര സെപ്റ്റംബർ 5ന് ദില്ലിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുക.
വാരണാസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കൾക്ക് നൽകണമെന്ന ആവശ്യത്തെ ആർഎസ്എസ് പിന്തുണയ്ക്കുന്നുവെന്ന് തലവൻ മോഹൻ ഭാഗവത്. ഈ സ്ഥലങ്ങൾക്കായുള്ള ഏത് പ്രസ്ഥാനവുമായും സഹകരിക്കാൻ സംഘ സ്വയംസേവകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും, മറുവിഭാഗത്തിന് അവരുടെ അവകാശവാദങ്ങൾ ഉപേക്ഷിച്ചുകൊണ്ട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു.
ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും.
അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ദിനപത്രം അച്ചടി നിർത്തുന്നു. ദി അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ എന്ന പത്രമാണ് അച്ചടി നിർത്തി ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നത്. 2025 ഡിസംബർ 31 ന് ശേഷം അച്ചടിച്ച പത്രത്തിന്റെ അച്ചടി നിർത്തുമെന്ന് അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ (എജെസി) അറിയിച്ചു. 1868ലാണ് പത്രം ആരംഭിച്ചത്. 157 വർഷമായി ജോർജിയയിൽ നിന്നാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. 2026 ജനുവരി 1 ന് പൂർണ്ണമായും ഒരു ഡിജിറ്റൽ വാർത്താ മാധ്യമമായി മാറും.
ബിഹാറിലെ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഏകദേശം 3,00,000 വോട്ടർമാർക്ക് നോട്ടീസുകൾ നൽകി. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയത്താണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്. ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ളവരും മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിലരും ഇന്ത്യൻ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി നിരവധി കേസുകളിൽ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ അടുത്തമാസം ഒന്നു വരെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. ഹർജി പരിഗണിക്കുവാനുള്ള സമ്മതം ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആർ ജെ ഡി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ നൽകിയ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കുക.
ബംഗ്ലാദേശി യുവാവ് വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരത്ത് പിടിയിൽ. പ്രണോയ് റോയ് (29) ആണ് പേട്ട പൊലീസിൻ്റെ പിടിയിലായത്. ബ്രഹ്മോസ് എയ്റോസ്പേസിന് സമീപം നിർമ്മാണ പ്രവർത്തിയുടെ കരാറെടുത്തയാളുടെ ജോലിക്കാരിലൊരാളായി എത്തിയതായിരുന്നു ഇയാൾ. കൂട്ടത്തിലുണ്ടായിരുന്നവർ ഇയാൾ ഇന്ത്യൻ പൗരനല്ലെന്ന് തിരിച്ചറിഞ്ഞ് വിവരം സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.
തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. ബിജെപി വ്യാപാരി വിഭാഗം ജില്ലാ നേതാവായ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറയുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ശിക്ഷാ തീരുവയെ നേരിടാനും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാനും ഇന്ത്യ ഐക്യപ്പെടേണ്ടതുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന കമ്പനിയുടെ 44-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആർ സി ഭാർഗവ ട്രംപിനെതിരെ തുറന്നടിച്ചത്.
ദുബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പറന്ന വിമാനമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നം ഉണ്ടായതാണ് വിമാനം വഴിതിരിച്ചു വിടാനും നിലത്തിറക്കാനും കാരണം.